കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം കൃഷ്ണ അന്തരിച്ചു; വിടവാങ്ങിയത് ബംഗളൂരുവിന്റെ ബ്രാന്‍ഡ് ആര്‍ക്കിടെക്ട്

Update: 2024-12-10 04:02 GMT

Photo Credit - X

ബംഗളൂരു:ബംഗളൂരുവിനെ ആഗോള ഭൂപടത്തില്‍ രേഖപ്പെടുത്താന്‍ മുന്‍കൈ എടുത്ത കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുന്‍വിദേശകാര്യ മന്ത്രിയുമായിരുന്ന എസ്.എം കൃഷ്ണ അന്തരിച്ചു. 92 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആറ് പതിറ്റാണ്ട് കാലത്തെ രാഷ്ട്രീയ ജീവിതത്തില്‍ ഭൂരിഭാഗവും കോണ്‍ഗ്രസിനൊപ്പമായിരുന്നു കൃഷ്ണ. എം.എല്‍.എ , എം.എല്‍.സി, ഒന്നിലധികം തവണ രാജ്യസഭ, ലോക്‌സഭ അംഗം, മുഖ്യമന്ത്രി, ഗവര്‍ണര്‍, വിദേശകാര്യ മന്ത്രി എന്നീ പദവികള്‍ വഹിച്ചു. 2017 ല്‍ ആണ് അദ്ദേഹം ബി.ജെ.പിയില്‍ ചേരുന്നത്. 2023 ജനുവരിയിലാണ് അദ്ദേഹം രാഷ്ട്രിയ ജീവിതത്തില്‍ നിന്ന് വിരമിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദു;ഖം രേഖപ്പെടുത്തി. എല്ലാ മേഖലയിലുള്ളവരുടെയും ആദരവ് പിടിച്ചുപറ്റിയ വ്യക്തിത്വമാണ് എസ്.എം കൃഷ്ണയുടെതെന്നും കര്‍ണാടക മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം നടത്തിയ അടിസ്ഥാന സൗകര്യ വികസനം അവിസ്മരണീയമാണെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും അനുശോചനം രേഖപ്പെടുത്തി.

പത്മവിഭൂഷണ്‍ ജേതാവായ കൃഷ്ണയുടെ ജീവിതം ആരംഭിക്കുന്നത് മാണ്ഡ്യ ജില്ലയിലെ മഡ്ഡൂര്‍ താലൂക്കിലാണ്. 1960ല്‍ മഡ്ഡൂര്‍ അസംബ്ലിയില്‍ നിന്ന് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച് പിന്നീട് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ടിക്കറ്റെടുത്തു. 1968ല്‍ മാണ്ഡ്യയില്‍ നിന്ന് ലോക്‌സഭയിലേക്ക്. പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. രണ്ട് തവണ എം.പിയായെങ്കിലും സംസ്ഥാന രാഷ്ട്രീയത്തിലേക്കായിരുന്നു കൃഷ്ണയ്ക്ക് താത്പര്യം.1972-77ല്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായിരിക്കെ 1999ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വന്‍ വിജയം നല്‍കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. അതേ വര്‍ഷം മുഖ്യമന്ത്രിയായി.

ബംഗളൂരുവിനെ സിലിക്കണ്‍ വാലിയായി പ്രഖ്യാപിക്കുന്നത് 1999- 2004 ല്‍ കൃഷ്ണയുടെ ഭരണകാലഘട്ടത്തിലാണ്. നിരവധി വിവാദങ്ങളും ഇക്കാലത്ത് ഉടലെടുത്തു. അബ്ദുല്‍ കരീം ടെല്‍ഗി തട്ടിപ്പ്, ഭൂമി തട്ടിപ്പ്, കന്നട നടന്‍ രാജ്കുമാറിനെ വീരപ്പന്‍ തട്ടിക്കൊണ്ടു പോയ സംഭവം, കാവേരി നദീജല തര്‍ക്കം തുടങ്ങി നിരവധി സംഭവങ്ങള്‍ക്കും ഈ കാലഘട്ടത്തില്‍ കര്‍ണാടക സാക്ഷ്യം വഹിച്ചു. ബംഗളൂരുവിലെ ആദ്യ ഫ്‌ളൈ ഓവര്‍ ഉദ്ഘാടനം ചെയ്യുന്നതും കൃഷ്ണ മുഖ്യമന്ത്രിയായ കാലത്താണ്. 2009 മുതല്‍ 2012 വരെ യു.പി.എ സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയായും പ്രവര്‍ത്തിച്ചു. 2017ല്‍ കോണ്‍ഗ്രസില്‍ നിന്ന് ബി.ജെപിയിലേക്ക് ചുവടുമാറി.

Similar News