എയര്‍ ഇന്ത്യ വിമാനാപകടം: മരിച്ചവരില്‍ 215 പേരെ തിരിച്ചറിഞ്ഞു, 198 മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്ക് കൈമാറി

വിമാന സുരക്ഷയ്ക്ക് പുതിയ കരട് നിയമങ്ങള്‍ പുറത്തിറക്കി സിവില്‍ ഏവിയേഷന്‍ മന്ത്രാലയം;

Update: 2025-06-20 04:27 GMT

ന്യൂഡല്‍ഹി: അഹമ്മദാബാദിലുണ്ടായ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ മരിച്ചവരില്‍ 215 പേരുടെ ഡിഎന്‍എ സാമ്പിളുകള്‍ പരിശോധിച്ച് തിരിച്ചറിഞ്ഞതായി അഹമ്മദാബാദ് സിവില്‍ ആശുപത്രി സൂപ്രണ്ട് രാകേഷ് ജോഷി അറിയിച്ചു.

ഇതില്‍ 198 പേരുടെ മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്ക് കൈമാറി. ഇതില്‍ 149 പേര്‍ ഇന്ത്യക്കാരാണ്. 7 പോര്‍ച്ചുഗീസുകാരും 32 പേര്‍ ബ്രിട്ടീഷുകാരും ഒരു കനേഡിയക്കാരനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. 15 പേരുടെ മൃതദേഹങ്ങള്‍ വിമാനമാര്‍ഗവും 183 പേരുടേത് റോഡ് മാര്‍ഗവും ആംബുലന്‍സുകള്‍ വഴി അയച്ചതായും അദ്ദേഹം പറഞ്ഞു.

വിമാനാപകടം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് മൃതദേഹങ്ങളില്‍ വ്യക്തത വരുന്നത്. ഗുജറാത്ത് ആരോഗ്യ, കുടുംബക്ഷേമ, മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഋഷികേഷ് പട്ടേലും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

ഇതിനിടെ, അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന് തകരാറുകളില്ലായിരുന്നുവെന്ന് എയര്‍ ഇന്ത്യ സിഇഒ ക്യാംപ് ബെല്‍ വില്‍സണ്‍ അറിയിച്ചു. വിമാനത്തില്‍ പരിശോധനകള്‍ കൃത്യ സമയത്ത് നടത്തിയിരുന്നുവെന്ന് ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ സിഇഒ ക്യാംപ് ബെല്‍ വിത്സണ്‍ വ്യക്തമാക്കി. തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ ബ്ലാക്ക് ബോക്‌സ് അമേരിക്കയിലേക്ക് അയച്ചേക്കും എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ വ്യോമയാന മന്ത്രാലയം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി.

അതേസമയം, വിമാന സുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്ന ഘടനകളുടെ നിയന്ത്രണം കര്‍ശനമാക്കുന്നതിനായി സിവില്‍ ഏവിയേഷന്‍ മന്ത്രാലയം പുതിയ കരട് നിയമങ്ങള്‍ പുറത്തിറക്കി. 2025 ലെ വിമാന (തടസ്സങ്ങള്‍ പൊളിക്കല്‍) നിയമങ്ങള്‍ എന്ന പേരിലുള്ള കരട് ജൂണ്‍ 18 ന് പുറപ്പെടുവിച്ചു, ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചുകഴിഞ്ഞാല്‍ പ്രാബല്യത്തില്‍ വരും.

നിയുക്ത എയറോഡ്രോം സോണുകളില്‍ ഉയര പരിധി കവിയുന്ന കെട്ടിടങ്ങള്‍ക്കും മരങ്ങള്‍ക്കുമെതിരെ ഉടനടി നടപടിയെടുക്കാന്‍ അധികാരം നല്‍കുന്നതാണ് ഈ നിയമങ്ങള്‍ കൊണ്ട് ലക്ഷ്യമിടുന്നത്. വിമാന പാതകളിലെ തടസ്സങ്ങള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ തടയുന്നതിനുള്ള ഒരു മുന്‍കരുതല്‍ നടപടിയായാണ് ഇതിനെ കാണുന്നത്.

'നിയമത്തിലെ സെക്ഷന്‍ 18 ലെ ഉപവകുപ്പ് (1) പ്രകാരം കേന്ദ്ര സര്‍ക്കാര്‍ ഏതെങ്കിലും വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെങ്കില്‍, ബന്ധപ്പെട്ട എയറോഡ്രോമിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന് മുകളില്‍ പറഞ്ഞ വിജ്ഞാപനത്തിലെ വ്യവസ്ഥകള്‍ ലംഘിച്ച് ഏതെങ്കിലും കെട്ടിടമോ മരമോ നിലവിലുണ്ടെന്ന് കണ്ടെത്തിയാല്‍ വിജ്ഞാപനത്തിന്റെ പകര്‍പ്പ് കെട്ടിടത്തിന്റെയോ മരത്തിന്റെയോ ഉടമയ്ക്ക്, സാഹചര്യമനുസരിച്ച്, പ്രസ്തുത വകുപ്പിന്റെ ഉപവകുപ്പ് (3) ല്‍ പറഞ്ഞിരിക്കുന്ന നടപടിക്രമം അനുസരിച്ച് നല്‍കേണ്ടതാണ്,' എന്നും കരടില്‍ പറയുന്നു.

കരട് പ്രകാരം, നിര്‍ദ്ദിഷ്ട ഉയര പരിധികള്‍ ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ എയറോഡ്രോമിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന് നോട്ടീസ് നല്‍കാവുന്നതാണ്. അറുപത് ദിവസത്തിനുള്ളില്‍ ഉടമകള്‍ ഘടനാ അളവുകളും സൈറ്റ് പ്ലാനുകളും ഉള്‍പ്പെടെയുള്ള വിശദമായ വിവരങ്ങള്‍ സമര്‍പ്പിക്കണം. ഇത് പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ പൊളിക്കല്‍ നടപടികള്‍ക്കോ ഉയരം കുറയ്ക്കല്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്കോ നയിച്ചേക്കാം.

'ബന്ധപ്പെട്ട വിമാനത്താവളത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ അത്തരം ലംഘനത്തിന്റെ റിപ്പോര്‍ട്ട് ഡയറക്ടര്‍ ജനറലിനോ അല്ലെങ്കില്‍ അധികാരപ്പെടുത്തിയ ഏതെങ്കിലും ഉദ്യോഗസ്ഥനോ ഉടന്‍ തന്നെ അയയ്‌ക്കേണ്ടതാണ്,' എന്നും കരട് വ്യവസ്ഥ ചെയ്യുന്നു.

ഉടമയെ വിവരം അറിയിച്ചതിന് ശേഷം പകല്‍ സമയത്ത് പരിസരത്ത് പരിശോധനയ്ക്കായി സ്ഥലത്ത് പ്രവേശിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ട്. ഉടമയുടെ ഭാഗത്തുനിന്നും എതിര്‍പ്പുണ്ടായാല്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നോട്ട് പോകാനും വിഷയം ഡിജിസിഎയ്ക്ക് റഫര്‍ ചെയ്യാനും കഴിയും.

ഡയറക്ടര്‍ ജനറലിന് വിശദാംശങ്ങള്‍ കൈമാറുന്നതിനുമുമ്പ്, വിമാനത്താവളത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ വിശദാംശങ്ങളുടെ കൃത്യതയെക്കുറിച്ച് സ്വയം ബോധ്യപ്പെടേണ്ടതാണ്. ഇതിനായി, പകല്‍ സമയങ്ങളില്‍, കെട്ടിടത്തിന്റെയോ മരത്തിന്റെയോ അളവുകള്‍ പരിശോധിച്ചുറപ്പിക്കാന്‍ അദ്ദേഹത്തിന് അധികാരം നല്‍കും. അത്തരം പരിശോധനയില്‍ ഉടമ പൂര്‍ണ്ണമായും സഹകരിക്കാന്‍ ബാധ്യസ്ഥനായിരിക്കും. '

സഹകരിക്കാത്ത പക്ഷം ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ഇക്കാര്യം ജില്ലാ കലക്ടറെ അറിയിക്കണം. ഉത്തരവ് അനുസരിച്ചായിരിക്കും പൊളിച്ചുമാറ്റല്‍ അല്ലെങ്കില്‍ വെട്ടിമുറിക്കല്‍ നടക്കുന്നതെന്ന് ഉറപ്പാക്കേണ്ടത് ജില്ലാ കലക്ടറുടെ ഉത്തരവാദിത്തമാണ്. അനധികൃത നിര്‍മ്മാണങ്ങള്‍ നീക്കം ചെയ്യുന്നതിന് ഉപയോഗിക്കുന്ന പ്രക്രിയയെ നടപടിക്രമം പ്രതിഫലിപ്പിക്കും.

Similar News