ബാവിക്കര തടയണ പ്രദേശം
മുള്ളേരിയ: ബാവിക്കര തടയണ പ്രദേശത്തെ ടൂറിസം പദ്ധതി പ്രവൃത്തി കടലാസിലൊതുങ്ങി. മുളിയാര്‍ പഞ്ചായത്തിലെ ബാവിക്കര ടൂറിസം പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായെന്നും ഉടന്‍ തന്നെ നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ച് ആറ് മാസത്തിനകം പൂര്‍ത്തീകരിക്കുമെന്നും കഴിഞ്ഞ നവംബറില്‍ സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ അറിയിച്ചിരുന്നു. എന്നാല്‍ ആറ് മാസം കഴിഞ്ഞിട്ടും ഇതുവരെയായി പ്രവൃത്തി തുടങ്ങിയിട്ടില്ല. 4.7 കോടി രൂപക്ക് തിരുവനന്തപുരത്തുള്ള ബാങ്കേഴ്സ് കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ട പ്രവൃത്തിയുടെ ടെണ്ടര്‍ ഏറ്റെടുത്തിരുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി മുളിയാര്‍ വില്ലേജിലെ റീസര്‍വ്വെ നം. 1143ല്‍പ്പെട്ട 44.5 സെന്റ് പുഴ പുറമ്പോക്ക് ഭൂമിയുടെ വിനിയോഗാനുമതി ജില്ലാ കലക്ടര്‍ 2023ല്‍ വിനോദസഞ്ചാരവകുപ്പിന് നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ പദ്ധതി പ്രദേശത്തിന് സമീപം അമ്പത് സെന്റോളം ഭൂമി സ്വകാര്യവ്യക്തി സൗജന്യമായും വിട്ടുനല്‍കി. കുട്ടികള്‍ക്കുള്ള പാര്‍ക്ക്, ഇരിപ്പിടങ്ങള്‍, നടപ്പാത, ശൗചാലയങ്ങള്‍, പാര്‍ക്കിങ് ഏരിയ, ബോട്ടിങ് തുടങ്ങിയവയാണ് ആദ്യഘട്ട നിര്‍മ്മാണത്തില്‍ ഉള്‍പ്പെടുന്നത്. രണ്ടാം ഘട്ടത്തില്‍ ബാവിക്കരയില്‍ നിന്ന് ചെമ്മനാട് പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന തരത്തില്‍ ഗ്ലാസ് ബ്രിഡ്ജും വിഭാവനം ചെയ്തിട്ടുണ്ട്. ടൂറിസം മേഖലയില്‍ വിവിധ നിര്‍മ്മാണ പ്രവൃത്തികള്‍ ഏറ്റെടുത്തു നടത്തി പരിചയസമ്പത്തുള്ള ടൂറിസം വകുപ്പിന്റെ അക്രഡിറ്റഡ് ഏജന്‍സി ലിസ്റ്റില്‍പ്പെട്ട ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. 2023ലെ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടും ജില്ലയിലെ ടൂറിസം രംഗത്ത് വലിയ മുന്നേറ്റം സാധ്യമാകുന്ന പദ്ധതിയാണ് പ്രവൃത്തി തുടങ്ങാതെ നീണ്ടുപോകുന്നത്.