അന്തര്‍സംസ്ഥാന കവര്‍ച്ചാസംഘം കാസര്‍കോട്ടെത്തിയത് 'ബെംഗളൂരു ജെ.പി നഗറില്‍ കവര്‍ച്ച നടത്തിയ ശേഷം'; ഉപേക്ഷിച്ച കാറില്‍ നിന്ന് രക്ഷപ്പെട്ടത് '4 പേര്‍'
വാഹനത്തില്‍ നിന്ന് കണ്ടെടുത്തതിലും കൂടുതല്‍ കവര്‍ച്ചാവസ്തുക്കളുമായാണ് സംഘം രക്ഷപ്പെട്ടതെന്ന് പൊലീസ്;
മുള്ളേരിയ: എക് സൈസ് പിന്തുടരുന്നതിനിടെ ബെള്ളിഗെയില്‍ കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടവരെക്കുറിച്ച് പൊലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. ബുധനാഴ്ച പുലര്‍ച്ചെയാണ് ഉപേക്ഷിച്ച കാറില്‍ നിന്ന് 140.6 ഗ്രാം സ്വര്‍ണ്ണം, 339.2 ഗ്രാം വെള്ളി ആഭരണങ്ങളും ഒരു ലക്ഷത്തിലധികം രൂപയും കണ്ടെത്തിയത്. കൂടാതെ കാറിനകത്ത് നിന്ന് ചുറ്റിക, തകര്‍ന്ന പൂട്ട്, ചങ്ങല, നാല് മൊബൈല്‍ ഫോണുകള്‍, നാല് ആധാര്‍ കാര്‍ഡുകള്‍ എന്നിവയും കണ്ടെടുത്തിരുന്നു.
ആദൂരില്‍ പരിശോധന നടത്തുകയായിരുന്ന എക് സൈസ് കൈകാണിച്ചിട്ടും കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. എക്സൈസ് പിന്തുടര്‍ന്നതോടെ അമിത വേഗതയിലായിരുന്ന കാര്‍ ബെള്ളിഗെയില്‍ റോഡരികിലെ കോണ്‍ക്രീറ്റ് ഭിത്തിയിലിടിച്ച് നില്‍ക്കുകയും കാറിലുണ്ടായിരുന്നവര്‍ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയുമായിരുന്നു.
ഇരുട്ടായതിനാല്‍ എത്ര പേരാണ് കാറില്‍ നിന്നും ഇറങ്ങിയോടിയതെന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല. രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടുവെന്നാണ് എക് സൈസ് വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ കാറില്‍ നിന്ന് നാല് മൊബൈല്‍ ഫോണുകളും അത്ര തന്നെ ആധാര്‍ കാര്‍ഡുകളും കണ്ടെടുത്തതിനാല്‍ നാലുപേരാണ് രക്ഷപ്പെട്ടതെന്ന സംശയം ബലപ്പെടുകയാണ്.
കാറും മോഷണവസ്തുക്കളും പണവും ആയുധങ്ങളും എക് സൈസ് ആദൂര്‍ പൊലീസിന് കൈമാറിയിരുന്നു. ആദൂര്‍ പൊലീസാണ് ഈ കേസില്‍ അന്വേഷണം നടത്തുന്നത്. രേഖകള്‍ പൊലീസ് പരിശോധിച്ചപ്പോള്‍ മഹാരാഷ്ട്ര, കര്‍ണ്ണാടക, ഡല്‍ഹി തുടങ്ങി രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ കവര്‍ച്ച നടത്തുന്ന സംഘമാണ് കാറിലെത്തിയതെന്ന് വ്യക്തമായി.
ബംഗളൂരു ജെ.പി നഗറില്‍ ചൊവ്വാഴ്ച കവര്‍ച്ച നടന്നിരുന്നു. ഇവിടെ കവര്‍ച്ച നടത്തിയ ശേഷം കാറില്‍ കാസര്‍കോട്ടെത്തിയ സംഘം മഹാരാഷ്ട്രയിലേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നുവെന്നും അതിനിടെയിലാണ് എക്സൈസ് പിന്തുടര്‍ന്നതും കാറും കവര്‍ച്ചാ മുതലുകളും ഉപേക്ഷിച്ചതുമെന്ന് പൊലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചു. വാഹനത്തില്‍ നിന്നും കണ്ടെടുത്തതിലും കൂടുതല്‍ കവര്‍ച്ചാവസ്തുക്കളുമായാണ് സംഘം രക്ഷപ്പെട്ടതെന്നും കരുതുന്നു. പൊലീസ് അന്വേഷണം ഇതരസംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചിരിക്കുകയാണ്.