അഡൂരില്‍ 4.22 ഗ്രാം എം.ഡി.എം.എയുമായി യുവതി ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍

Update: 2025-12-31 09:31 GMT

ആദൂര്‍: അഡൂര്‍ കൊപ്പളത്ത് 4.22 ഗ്രാം എം.ഡി.എം.എയുമായി അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഷിറിബാഗിലു ബൈര്യം ഹൗസിലെ ബി.എ അബൂബക്കര്‍ സിദ്ദീഖ്(32), അണങ്കൂരിലെ ജസ്മീന(26), അടുക്കത്ത് ബയല്‍ ഹമീദ് മന്‍സിലില്‍ ബി.എം അമീര്‍(26), പട്ള ബൂഡ് ഹൗസിലെ അബ്ദുല്‍ റൗഫ്(29), അടുക്കത്ത് ബയല്‍ അബ്ക്കാട് ഹൗസിലെ മുഹമ്മദ് മുഹ്താസിം(28) എന്നിവരെയാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി വിജയഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശപ്രകാരം ഇന്നലെ രാത്രി 7.30 മണിയോടെ അഡൂര്‍ കൊപ്പളത്തെ ഹെവന്‍ ഹാംസ്റ്റേയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ ആദൂര്‍ ഇന്‍സ്പെക്ടര്‍ വിഷ്ണുപ്രസാദ്, എസ്.ഐ എം.എസ് ജോണ്‍, എ.എസ്.ഐ സതീശന്‍, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ രമ്യ എന്നിവര്‍ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ മയക്കുമരുന്ന് കണ്ടെത്തിയത്. പുതുവത്സര സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായാണ് മയക്കുമരുന്ന് വേട്ട നടത്തിയത്. പുതുവത്സരാഘോഷത്തിനാണ് യുവതി ഉള്‍പ്പെടെയുള്ള സംഘം കൊപ്പളത്തെ ഹെവന്‍ ഹോംസ്റ്റേയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഹോംസ്റ്റേകള്‍, റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

Similar News