മുളിയാറില്‍ വീണ്ടും പുലിഭീതി; വളര്‍ത്തു നായയെ കടിച്ചു കൊണ്ടുപോയി

Update: 2025-12-22 10:36 GMT

കുണിയേരിയിലെ വെള്ളാട്ട് വീട്ടുമുറ്റത്ത് നിന്ന് പുലി നായയെ പിടിച്ചു കൊണ്ട് പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യം

മുള്ളേരിയ: വനാതീര്‍ത്തി പ്രദേശത്തെ ഭീതിലാഴ്ത്തി വീണ്ടും പുലിയുടെ അക്രമണം. മുളിയാര്‍ പഞ്ചായത്തിലെ ഇരിയണ്ണി കുണിയേരിയില്‍ വീട്ടുമുറ്റത്തെത്തിയ പുലി വളര്‍ത്തു നായയെ കടിച്ചു കൊണ്ടുപോയി. ശനിയാഴ്ച രാത്രിയാണ് സംഭവം. വെള്ളാട്ട് നാരായണന്റെയും ഓമനയുടെയും വീട്ടിലെ വളര്‍ത്തു നായയെ ആണ് പുലി കടിച്ചു കൊണ്ടുപോയത്. നായയെ പുലി പിടികൂടുന്നത് ഇവരുടെ വീട്ടിലെ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. വിവരമറിഞ്ഞ് വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി. ഏതാനും മാസം മുമ്പ് വരെ പുലി ഭീഷണിയുള്ള പ്രദേശമായിരുന്നു ഇത്. ഇരിയണ്ണിയില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും നിരവധി നായകളെ പുലി കടിച്ചു കൊന്നിരുന്നു. പ്രദേശത്ത് വീണ്ടും പുലി ഇറങ്ങിയത് നാട്ടുകാരെ ഭീതിയിലാക്കിയിരിക്കുകയാണ്.

മടിക്കൈ കാരക്കോട് വയലിലും പുലി

കാഞ്ഞങ്ങാട്: മടിക്കൈ കാരക്കോട് പുലിയെ കണ്ടതായി സംശയം. കാനത്തിലെ റബ്ബര്‍ തോട്ടത്തില്‍ ഇന്ന് രാവിലെ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളികളാണ് പുലിയെ കണ്ടത്. തോട്ടത്തിന് സമീപത്തുകൂടി ഓടി പോവുന്നതാണ് കണ്ടത്. ഇതോടെ പ്രദേശം ഭയപ്പാടിലായി. രണ്ടുദിവസം മുമ്പ് ഏച്ചിക്കാനം മുത്തപ്പന്‍ തറയിലും പുലിയെ കണ്ടിരുന്നു. ഈയൊരു സാഹചര്യത്തില്‍ പ്രദേശത്ത് പുലി സാന്നിധ്യമുണ്ടെന്ന് തന്നെയാണ് നാട്ടുകാര്‍ പറയുന്നത്.

Similar News