കാറഡുക്ക സംരക്ഷിത വനമേഖലയില്‍ നിന്ന് ചന്ദനമരങ്ങള്‍ മുറിച്ചുകടത്തിയ കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍

Update: 2026-01-10 07:57 GMT

മുള്ളേരിയ: കാറഡുക്ക സംരക്ഷിത വനമേഖലയില്‍ നിന്ന് ചന്ദനമരങ്ങള്‍ മുറിച്ചുകടത്തിയ കേസില്‍ ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തു. മത്സ്യവില്‍പ്പനക്കാരനായ കര്‍മ്മംതൊടിയിലെ കുഞ്ഞാലി(64)യാണ് പിടിയിലായത്. ഈ കേസിലെ മറ്റൊരു പ്രതിയായ മാണിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒന്നരവര്‍ഷത്തിനിടെ മൂന്ന് മരങ്ങളാണ് പ്രതികള്‍ മുറിച്ചുകടത്തിയതെന്ന് ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു.

കാറഡുക്ക സംരക്ഷിത വനമേഖലയില്‍ അടയാളപ്പെടുത്തിവെച്ചിരുന്ന ചന്ദനമരങ്ങളാണ് മുറിച്ചുകടത്തിയത്. 2024 സെപ്തംബറില്‍ രണ്ട് മരങ്ങളും 2025 ആഗസ്തില്‍ ഒരു മരവും മുറിച്ചുകടത്തുകയായിരുന്നു. ചന്ദനമരങ്ങള്‍ മുറിക്കാനുപയോഗിച്ച വാളുകളും മറ്റും വനംവകുപ്പ് പ്രതികളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. മാണിയെ ജനുവരി ഒന്നിനാണ് വനംവകുപ്പ് പിടികൂടിയത്. റിമാണ്ടിലായ മാണിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ ചന്ദനമരം വാങ്ങിയത് കുഞ്ഞാലിയാണെന്ന് വെളിപ്പെടുത്തു. ഇതേ തുടര്‍ന്നാണ് കുഞ്ഞാലിയെ കേസില്‍ പ്രതി ചേര്‍ത്തത്. കുഞ്ഞാലിയില്‍ നിന്ന് ചന്ദനമരങ്ങള്‍ വാങ്ങിയവരെയും അറസ്റ്റ് ചെയ്യുമെന്ന് ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു. കാറഡുക്ക സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.എ ബാബുവിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Similar News