വിവാദങ്ങള്‍ക്കിടെ 'സൂത്രവാക്യം' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ച് നടി വിന്‍സി അലോഷ്യസ്; ലവ് ഇമോജി കമന്റുമായി ഷൈന്‍ ടോം ചാക്കോയും
സഹപ്രവര്‍ത്തകനെതിരെ വിന്‍സി ഉന്നയിച്ച ആരോപണവും തുടര്‍ന്നുണ്ടായ വിവാദങ്ങളും സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായാണോ എന്നാണ് പ്രേക്ഷകര്‍ സംശയിക്കുന്നത്.;
നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരെയുള്ള സഹപ്രവര്‍ത്തകയായ നടിയുടെ ആരോപണങ്ങളും തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ക്കും പിന്നാലെ 'സൂത്രവാക്യം' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ച് നടി വിന്‍സി അലോഷ്യസ്. വിന്‍ സിയുടെ പോസ്റ്റിന് ലവ് ഇമോജി കമന്റുമായി ഷൈന്‍ ടോം ചാക്കോ എത്തിയതും പ്രേക്ഷകരെ ഞെട്ടിച്ചിരിക്കയാണ്. സഹപ്രവര്‍ത്തകനെതിരെ വിന്‍സി ഉന്നയിച്ച ആരോപണവും തുടര്‍ന്നുണ്ടായ വിവാദങ്ങളും സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായാണോ എന്നാണ് പ്രേക്ഷകര്‍ സംശയിക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട പോസ്റ്ററില്‍ വിന്‍സിയെയും ഷൈന്‍ ടോം ചാക്കോയേയും കാണാം.
വിന്‍സി അലോഷ്യസ് ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി യൂജിന്‍ ജോസ് ചിറമേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സൂത്രവാക്യം.' കോമഡി ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത് ശ്രീകാന്ത് കന്ദ്രഗുല ആണ്.
വിന്‍സിയുടെ പോസ്റ്റില്‍ വൈകാരിക കുറിപ്പുമായി ചിത്രത്തിന്റെ നിര്‍മാതാവായ ശ്രീകാന്ത് കന്ദ്രഗുലയും എത്തി. ഇതിനാണ് ഷൈന്‍ ടോം ചാക്കോ ഇമോജി കമന്റുമായി എത്തിയത്. 'സൂത്രവാക്യം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവയ്ക്കുന്നു. നിങ്ങളുടെ ഹൃദയത്തെ സ്പര്‍ശിക്കുന്ന കഥയുമായെത്തുന്ന ഈ ചിത്രം ഒരിക്കലും മനസ്സില്‍ നിന്ന് മായില്ല.' എന്നാണ് പോസ്റ്ററിനൊപ്പമുള്ള വിന്‍സിയുടെ വാക്കുകള്‍.
പോസ്റ്ററിന് കമന്റായി നിര്‍മാതാവ് ശ്രീകാന്ത് കന്ദ്രഗുല കുറിച്ചത് ഇങ്ങനെയാണ്:
'ഈ കഥയ്ക്ക് ജീവന്‍ പകരാന്‍ ഞങ്ങള്‍ ഞങ്ങളുടെ ഹൃദയങ്ങളും ആത്മാക്കളും അര്‍പ്പിച്ചു, ഇത് എല്ലായിടത്തുമുള്ള പ്രേക്ഷകരുടെ ഹൃദയങ്ങളെ സ്പര്‍ശിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിര്‍ഭാഗ്യവശാല്‍, ഞങ്ങളുടെ സിനിമയെക്കുറിച്ചുള്ള സമീപകാല വാര്‍ത്തകള്‍ ചില ആശങ്കകള്‍ക്ക് കാരണമായേക്കാം. ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍, ഈ സിനിമയോടും അതിന്റെ ടീമിനോടുമുള്ള എന്റെ പ്രതിബദ്ധത അചഞ്ചലമായി തുടരുന്നു എന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കാന്‍ ആഗ്രഹിക്കുന്നു.
ആരാധകര്‍ എന്ന നിലയില്‍, നിങ്ങള്‍ ആരാധിക്കുന്ന കലാകാരന്മാരുടെ വ്യക്തിപരമായ ജീവിതത്തില്‍ നിങ്ങള്‍ നിക്ഷേപിക്കപ്പെട്ടതായി നിങ്ങള്‍ക്ക് തോന്നിയേക്കാം എന്ന് ഞാന്‍ മനസ്സിലാക്കുന്നു. എന്നിരുന്നാലും, കലയെ കലാകാരനില്‍ നിന്ന് വേര്‍തിരിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. സിനിമയില്‍ തന്നെയും അത് പറയുന്ന കഥയിലും അത് ഉണര്‍ത്തുന്ന വികാരങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാം. കേരളത്തില്‍ ജനിച്ചു വളര്‍ന്നവനല്ല, പക്ഷേ മലയാള സിനിമയില്‍ എപ്പോഴും ആഴത്തില്‍ പ്രണയത്തിലായ ഒരാളെന്ന നിലയില്‍, ഈ പ്രോജക്റ്റിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അതിയായി സന്തോഷിച്ചു.
മലയാള സിനിമകള്‍ സങ്കീര്‍ണ്ണമായ കഥകള്‍ നെയ്യുന്ന രീതിയും ശക്തമായ വികാരങ്ങള്‍ ഉണര്‍ത്തുന്ന രീതിയും അസാധാരണ കഴിവുകള്‍ പ്രകടിപ്പിക്കുന്ന രീതിയും എപ്പോഴും എന്നെ സ്വാധീനിച്ചിട്ടുണ്ട്. ഞങ്ങളുടെ സിനിമയെ പിന്തുണയ്ക്കാനും അതിന് ഒരു അവസരം നല്‍കാനും കഴിയുമെങ്കില്‍ ഞാന്‍ ബഹുമാനിക്കപ്പെടുന്നു. നിങ്ങളുടെ ആവേശവും പ്രോത്സാഹനവും ഞങ്ങള്‍ക്ക് ലോകം തന്നെയാണ്.'
ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ തനിക്ക് നേരിട്ട ദുരനുഭവം നടി വിന്‍സി അലോഷ്യസ് പരാതിയായി സിനിമാസംഘടനകള്‍ക്ക് നല്‍കിയിരുന്നു. തുടര്‍ന്ന് ഷൈന്‍ ടോം ചാക്കോയെ അന്വേഷിച്ച് പൊലീസ് ഹോട്ടലിലെത്തിയപ്പോള്‍ സിനിമയെ വെല്ലുന്ന പ്രകടനവുമായി ഹോട്ടലില്‍ നിന്ന് ഷൈന്‍ ടോം ചാക്കോ ഓടിപ്പോകുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് സിനിമയുടെ പോസ്റ്റര്‍ റിലീസും ഷൈന്‍ ടോം ചാക്കോയുടെ കമന്റും എത്തിയിരിക്കുന്നത്.
ചിത്രത്തിന്റെ സെറ്റില്‍ വച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ മയക്ക് മരുന്ന് ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറി എന്നാണ് സിനിമാ സംഘടനകള്‍ക്ക് നടി വിന്‍സി അലോഷ്യസ് പരാതി നല്‍കിയത്. നടന്റെ പേര് പുറത്തു പറയരുത് എന്ന് വിന്‍സി സംഘടനകളോട് അഭ്യര്‍ഥിച്ചിരുന്നെങ്കിലും സംഘടനകള്‍ നടന്റെ പേര് പുറത്തുവിട്ടിരുന്നു. ഇതേതുടര്‍ന്ന് ഷൈന്‍ ടോം ചാക്കോ താമസിക്കുന്ന ഹോട്ടലില്‍ പൊലീസ് സംഘം പരിശോധനയ്ക്കെത്തിയെങ്കിലും നടനെ പിടികൂടാനായില്ല.
ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി സ്റ്റെയര്‍കേസ് വഴി ഓടി രക്ഷപ്പെടുന്ന നടന്റെ സി സി ടി വി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. സിനിമയുടെയോ നടന്റെയോ പേര് താന്‍ പുറത്തു പറയാത്തത് ഈ സിനിമയ്‌ക്കോ നടന്‍ അഭിനയിച്ച മറ്റു സിനിമകള്‍ക്കോ ഇത് കാരണം മോശം പേര് വരരുത് എന്നാഗ്രഹമുള്ളതുകൊണ്ടാണെന്ന് വിന്‍സി പറഞ്ഞു. നടന്റെ പേര് പുറത്തുവിട്ട സിനിമാ സംഘടനാ വിശ്വാസ വഞ്ചന കാണിച്ചു എന്ന് ആരോപിച്ച് നടി വിന്‍സി അലോഷ്യസ് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സൂത്രവാക്യം സിനിമയുടെ പോസ്റ്റര്‍ റിലീസ് നടന്നിരിക്കുന്നത്.