വിജയ് ദേവരകൊണ്ടയും കീര്‍ത്തി സുരേഷും ഒന്നിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ഹൈദരാബാദില്‍ ആരംഭിച്ചു
ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന് കീഴില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് അഞ്ച് ഭാഷകളില്‍ എത്തുന്ന ചിത്രം നിര്‍മിക്കുന്നത്;
വിജയ് ദേവരകൊണ്ടയും കീര്‍ത്തി സുരേഷും ഒന്നിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ഹൈദരാബാദില്‍ ആരംഭിച്ചു. #S-VC59 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രവി കിരണ്‍ കോലയാണ്. അഞ്ച് ഭാഷകളില്‍ എത്തുന്ന ചിത്രം നിര്‍മിക്കുന്നത് ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന് കീഴില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ്. രാജാ വാരു റാണി ഗാരു എന്ന സിനിമയിലൂടെ ചലച്ചിത്രലോകത്ത് ഗംഭീര ചുവടുവയ്പ്പ് നടത്തിയ രവി കിരണ്‍ കോലയുടെ രണ്ടാമത്തെ സംവിധാന സംരംഭമാണ് ഈ ചിത്രം.
ഭീഷ്മപര്‍വ്വം, ഹെലന്‍, പൂക്കാലം, ബോഗയ്ന്‍വില്ല, ഗോള്‍ഡ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രമുഖനായ ഛായാഗ്രാഹകന്‍ ആനന്ദ് സി. ചന്ദ്രനും ഭ്രമയുഗം, സൂക്ഷ്മദര്‍ശിനി, 18+, ടര്‍ബോ, ഡീയസ് ഈറേ എന്നീ ചിത്രങ്ങള്‍ക്ക് ഈണം ഒരുക്കിയ ക്രിസ്റ്റോ സേവ്യറും തെലുങ്കില്‍ എത്തുന്ന ചിത്രം കൂടിയാണിത്.
വിജയ് കത്തി പിടിച്ച് നില്‍ക്കുന്ന പോസ്റ്ററിന് ആക്ഷന്‍ പാക്ക് വൈബ് ഉണ്ട്. ആയുധം ഞാന്‍, ചോര എന്റെ, യുദ്ധം എന്നോട് തന്നെ: എന്ന പോസ്റ്ററില്‍ പതിഞ്ഞ മാസ് ഡയലോഗ് ചിത്രത്തിന്റെ തന്നെ തീവ്രത കൂട്ടുന്നു. ഇതാദ്യമായാണ് വിജയ് ഇത്രയും വലിയൊരു ഗ്രാമീണ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഫാമിലി സ്റ്റാറിന് ശേഷം വിജയ് ദേവരകൊണ്ടയും ദില്‍ രാജുവും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. അദ്ദേഹത്തിന്റെ കരിയറില്‍ തന്നെ ഏറ്റവും വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്ന ചിത്രമായിരിക്കും ഇതെന്ന് നിര്‍മ്മാതാവ് ദില്‍രാജുവും പറഞ്ഞു. വാര്‍ത്താ പ്രചാരണം: പി.ശിവപ്രസാദ്.
ഗൗതം തിന്നനൂരി സംവിധാനം ചെയ്ത കിംഗ്ഡം എന്ന ചിത്രത്തിലാണ് വിജയ് ദേവരക്കൊണ്ട അവസാനമായി അഭിനയിച്ചത്. ശ്യാം സിംഗ റോയ് എന്ന ചിത്രത്തിലൂടെ പ്രശസ്തനായ രാഹുല്‍ സങ്കൃത്യന്‍ സംവിധാനം ചെയ്യുന്ന താല്‍ക്കാലികമായി VD14 എന്ന് പേരിട്ടിരിക്കുന്ന ചിത്രവും വിജയ് യുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
കാമുകി രശ്മിക മന്ദാനയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവും. ഇരുവരും ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ലെങ്കിലും, നടന്റെ ടീം വിവാഹ വാര്‍ത്ത സ്ഥിരീകരിച്ചു. കൂടാതെ ഇരുവരും സമൂഹ മാധ്യമങ്ങളില്‍ തങ്ങളുടെ വിവാഹ നിശ്ചയ മോതിരം പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. വാര്‍ത്ത ശരിയാണെങ്കില്‍ 2026 ഫെബ്രുവരിയിലാണ് ഇരുവരുടേയും വിവാഹം.