മോഹന്‍ലാല്‍-സത്യന്‍ ചിത്രം 'ഹൃദയപൂര്‍വ്വം' 28 ന് തിയേറ്ററുകളിലേക്ക്

2015-ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രമാണ് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒടുവില്‍ എത്തിയത്;

Update: 2025-08-27 10:11 GMT

10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം 'ഹൃദയപൂര്‍വ്വം' 28 ന് തിയേറ്ററുകളിലെത്തുന്നു. 'തുടരും' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം തിയേറ്ററിലെത്തുന്ന മോഹന്‍ലാല്‍ ചിത്രമായതിനാല്‍ വലിയ പ്രതീക്ഷയിലാണ് ആരാധകര്‍. ഓണം റിലീസായി കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ടാണ് പ്രധാനമായും സിനിമയെത്തുന്നത്.

മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രങ്ങളെല്ലാം തന്നെ സൂപ്പര്‍ ഹിറ്റുകളായിരുന്നു. അതുകൊണ്ടുതന്നെ ഈ ചിത്രവും നിരാശപ്പെടുത്തില്ലെന്നാണ് ആരാധകര്‍ പറയുന്നത്. സിനിമയുടേതായി ഇതുവരെ പുറത്തുവന്ന അപ്ഡേറ്റുകള്‍ എല്ലാം തന്നെ അത്തരമൊരു പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. പുറത്തിറങ്ങിയ പോസ്റ്ററുകളും ടീസറും പാട്ടും കഴിഞ്ഞദിവസമിറങ്ങിയ ട്രെയിലറും ഒരു പക്കാ ഫണ്‍ ഫാമിലി ചിത്രമാണ് 'ഹൃദയപൂര്‍വ്വം' എന്ന സൂചനയാണ് നല്‍കിയിരിക്കുന്നത്.

ചിത്രത്തില്‍ മോഹന്‍ലാല്‍-സംഗീത് പ്രതാപ് കോമ്പോ കൈയ്യടി നേടുമെന്നാണ് ട്രെയിലറില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. ലാലു അലക്‌സ്, സംഗീത് പ്രതാപ്, മാളവിക മോഹനന്‍, സംഗീത, സിദ്ദീഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് ഇതെന്ന പ്രത്യേകതയുമുണ്ട്. 2015-ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രമാണ് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒടുവില്‍ എത്തിയത്.

സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു എന്ന പ്രത്യേകതയും 'ഹൃദയപൂര്‍വ്വ'ത്തിനുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖില്‍ സത്യനാണ്. നവാഗതനായ ടി പി സോനു തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യനാണ് ചിത്രത്തിന്റെ പ്രധാന സംവിധാന സഹായിയായിട്ടുള്ളത്. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ രാജഗോപാല്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

ഗാനരചന: മനു മഞ്ജിത്ത്, സംഗീതം: ജസ്റ്റിന്‍ പ്രഭാകര്‍, കലാസംവിധാനം: പ്രശാന്ത് നാരായണന്‍, മേക്കപ്പ്: പാണ്ഡ്യന്‍, കോസ്റ്റ്യൂം: സമീറ സനീഷ്, സഹ സംവിധായകര്‍: ആരോണ്‍ മാത്യു, രാജീവ് രാജേന്ദ്രന്‍, വന്ദന സൂര്യ, ശ്രീഹരി, പ്രൊഡക്ഷന്‍ മാനേജര്‍: ആദര്‍ശ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ശ്രീക്കുട്ടന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു തോമസ്, സ്റ്റില്‍സ്: അമല്‍ സി സദര്‍.

Full View

Similar News