'നരിവേട്ടയിലൂടെ' മികച്ച ഏഷ്യന്‍ നടനുള്ള സെപ്റ്റിമിയസ് അവാര്‍ഡ് 2ാം തവണയും സ്വന്തമാക്കി ടൊവിനോ തോമസ്

നേരത്തെ ജൂഡ് ആന്റണി സംവിധാനം ചെയ്ത '2018' എന്ന ചിത്രത്തിലെ പ്രകടനത്തിന് ആണ് ഈ പുരസ്‌കാരം ടൊവിനോയെ തേടി ആദ്യം എത്തുന്നത്;

Update: 2025-09-06 09:31 GMT

നരിവേട്ടയിലൂടെ 2025ലെ മികച്ച ഏഷ്യന്‍ നടനുള്ള സെപ്റ്റിമിയസ് അവാര്‍ഡ് രണ്ടാം തവണയും സ്വന്തമാക്കി മലയാളത്തിന്റെ പ്രിയ താരം ടൊവിനോ തോമസ്. നേരത്തെ 2023ല്‍ ജൂഡ് ആന്റണി സംവിധാനം ചെയ്ത '2018' എന്ന ചിത്രത്തിലെ പ്രകടനത്തിന് ആണ് ഈ പുരസ്‌കാരം ടൊവിനോയെ തേടി ആദ്യം എത്തുന്നത്. വിജയ് സേതുപതി, ആരം സബ്ബ, മഹ്‌മൂദ് ബക്രി, മിസ്സാഘ് സാരെ, നിമാ സദ്ര്, വാന്‍ലോപ്പ് റുങ്കുംജാഡ്, ജെറോം കുര്‍നിയ എന്നിവരോട് മത്സരിച്ചാണ് ഈ വര്‍ഷം ടൊവിനോ അവാര്‍ഡ് സ്വന്തമാക്കിയത്.

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ ഒരുക്കിയ നരിവേട്ട മികച്ച പ്രേക്ഷക - നിരൂപക പ്രതികരണമാണ് നേടിയത്. ചിത്രത്തില്‍ ഗംഭീര പ്രകടനമാണ് ടൊവിനോ തോമസ് കാഴ്ചവെച്ചത്. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ ഒരു പൊലീസ് കഥാപാത്രമായാണ് ടൊവിനോ എത്തിയത്. ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡര്‍ ഷിയാസ് ഹസ്സന്‍, യു.എ.ഇ യിലെ ബില്‍ഡിങ് മെറ്റീരിയല്‍ എക്‌സ്‌പോര്‍ട്ട് ബിസിനസ് സംരംഭകന്‍ ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് നരിവേട്ട നിര്‍മ്മിച്ചത്.

ഒരു പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലറാണ് 'നരിവേട്ട'. വര്‍ഷങ്ങളായി തങ്ങള്‍ അനുഭവിക്കുന്ന അനീതിക്കെതിരെ പ്രതിഷേധിക്കുന്ന ഒരു കൂട്ടം ആദിവാസികളുടെ കഥയാണ് ചിത്രം പറയുന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമായിരുന്നു 'നരിവേട്ട'യില്‍ ടൊവിനോയ്ക്ക്. വര്‍ഗീസ് പീറ്റര്‍ എന്ന പൊലീസ് കോണ്‍സ്റ്റബിളിന്റെ കഥാപാത്രത്തെയാണ് താരം അവതരപ്പിച്ചത്.

വളരെ പ്രസക്തമായ വിഷയം ചര്‍ച്ച ചെയ്ത ചിത്രത്തിന്റെ ഹൈലൈറ്റ് തന്നെ ടൊവിനോ തോമസിന്റെ ഗംഭീരമായ പ്രകടനമാണ്. കേന്ദ്ര സാഹിത്യ ആക്കാദമി അവാര്‍ഡ് ജേതാവ് അബിന്‍ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ടൊവിനോ തോമസ്, ചേരന്‍ എന്നിവരെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.

തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകര്‍ച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പന്‍ ബോക്‌സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ടൊവിനോ. അദ്ദേഹത്തിന്റെ കരിയറിലെ മറ്റൊരു പൊന്‍തൂവലായിരിക്കുകയാണ് നരിവേട്ട. അടുത്തിടെ റിലീസ് ചെയ്ത 'ലോക' എന്ന ഹിറ്റ് ചിത്രത്തിലും ചെറുതെങ്കിലും നിര്‍ണ്ണായകമായ വേഷത്തില്‍ ടൊവിനോ എത്തിയിരുന്നു. കല്യാണി പ്രിയദര്‍ശന്‍ നായികയായെത്തിയ ചിത്രത്തില്‍ പ്രകടന മികവിലൂടെ വലിയ പ്രേക്ഷക പ്രശംസ ടൊവിനോ തോമസിന് ലഭിച്ചിരുന്നു. 'ലോക'യില്‍ ചാത്തന്റെ വേഷമായിരുന്നു ടൊവിനോയ്ക്ക്.

'നരിവേട്ട', 'ഐഡന്റിറ്റി' എന്നീ രണ്ട് ചിത്രങ്ങളാണ് ഈ വര്‍ഷം ടൊവിനോയുടേതായി പുറത്തിറങ്ങിയത്. മോഹന്‍ലാല്‍ പൃഥ്വിരാജ് ചിത്രം 'എല്‍2: എമ്പുരാനി'ലും ടൊവിനോ തോമസ് സുപ്രധാന വേഷത്തില്‍ എത്തിയിരുന്നു. കൂടാതെ 'മരണമാസ്' എന്ന ചിത്രത്തില്‍ ഡെഡ് ബോഡിയുടെ വേഷത്തിലാണ് ടൊവിനോ എത്തിയത്.

'നരിവേട്ട'യിലൂടെ വീണ്ടും പുരസ്‌കാരം ലഭിച്ച സന്തോഷം ടൊവിനോ തോമസ് തന്നെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. തനിക്ക് വിശ്വസിക്കാനാകുന്നില്ലെന്നും മുമ്പത്തെ അംഗീകാരത്തേക്കാള്‍ ഇത് സവിശേഷമായി തോന്നുന്നുവെന്നും താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഒപ്പം പുരസ്‌കാര നേട്ടത്തില്‍ അഭിമാനമുണ്ടെന്നും താരം പങ്കുവച്ചു.

'പ്രിയപ്പെട്ട ജീവിതമെ, ദയവായി എന്നെ ഒന്ന് നുള്ളുക! 2025 ലെ സെപ്റ്റിമിയസ് അവാര്‍ഡില്‍ മറ്റൊരു മികച്ച ഏഷ്യന്‍ നടനുള്ള അവാര്‍ഡ് 'നരിവേട്ട'യ്ക്ക്. ഈ ഡയസിലേക്ക് നമ്മുടെ സിനിമയെ കൊണ്ടുപോകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ഇതല്ല, ജീവിതം നല്‍കുന്ന എന്തും നമ്മള്‍ പരിചയപ്പെടുമെന്ന് അവര്‍ പറയുന്നു. ഓരോ അംഗീകാരവും മുന്‍പത്തേതിനേക്കാള്‍ സവിശേഷമായി തോന്നുന്നു. എന്റെ പ്രിയപ്പെട്ട നരിവേട്ട ടീമിന് നന്ദി. എന്നെ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കുന്ന എല്ലാവര്‍ക്കും എന്റെ സ്‌നേഹം. ഒരുപാട് സ്‌നേഹം', ടൊവിനോ തോമസ് കുറിച്ചു.

Full View

Similar News