'ആവേശ'ത്തെയും '2018' നെയും പിന്നിലാക്കി; ലാലേട്ടന്റെ പിറന്നാള്‍ ദിനത്തില്‍ അപൂര്‍വ നേട്ടവുമായി തുടരും'
ആദ്യ പ്രദര്‍ശനം മുതല്‍ തന്നെ പ്രേക്ഷകരില്‍ നിന്ന് പോസിറ്റീവ് അഭിപ്രായങ്ങളാണ് ചിത്രം നേടിയത്.;
2018, ആവേശം എന്നീ ചിത്രങ്ങളെ പിന്നിലാക്കി പിറന്നാള്‍ ദിനത്തില്‍ അപൂര്‍വ റെക്കോര്‍ഡ് നേട്ടവുമായി മോഹന്‍ലാല്‍ ചിത്രം 'തുടരും'. ഷണ്‍മുഖന്‍ എന്ന ടാക്‌സി ഡ്രൈവറായി മോഹന്‍ലാലും, ലളിതയെന്ന വീട്ടമ്മയായി ശോഭനയും എത്തിയ ചിത്രം മികച്ച കുടുംബ ചിത്രമാണെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം പറഞ്ഞുകഴിഞ്ഞു. 2004 ല്‍ മാമ്പഴക്കാലം എന്ന ചിത്രത്തിലാണ് അവസാനമായി ഇരുവരും ഒരുമിച്ചത്.
മലയാളത്തിലെ എക്കാലത്തെയും വിജയ ചിത്രങ്ങളില്‍ ഒന്ന് എന്നതിലുപരി എമ്പുരാന് ശേഷം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 200 കോടി നേടുന്ന മോഹന്‍ലാല്‍ ചിത്രമായും തുടരും മാറി. വലിയ പ്രീ റിലീസ് ഹൈപ്പ് ഇല്ലാതെ ഏപ്രില്‍ 25 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ആദ്യ പ്രദര്‍ശനം മുതല്‍ തന്നെ പ്രേക്ഷകരില്‍ നിന്ന് പോസിറ്റീവ് അഭിപ്രായങ്ങളാണ് ചിത്രം നേടിയത്. അന്ന് മുതല്‍ 27-ാം ദിനമായ ബുധനാഴ്ച വരെ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
ട്രാക്കര്‍മാരുടെ കണക്ക് അനുസരിച്ച് ചിത്രം 27-ാം ദിനമായ ബുധനാഴ്ചയും കേരള ബോക്‌സ് ഓഫീസില്‍ നിന്ന് 1 കോടിയില്‍ അധികം നേടിയിട്ടുണ്ട്. തുടര്‍ച്ചയായ 27 ദിനങ്ങളിലും ഒരു കോടിയോ അതില്‍ അധികമോ കേരള ബോക്‌സ് ഓഫീസില്‍ നിന്ന് നേടുന്ന ആദ്യ ചിത്രവും തുടരും തന്നെ.
ട്രാക്കര്‍മാരായ സൗത്ത് വുഡിന്റെ കണക്ക് പ്രകാരം ടൊവിനോ, ഫഹദ് ചിത്രങ്ങളായ 2018, ആവേശം എന്നീ ചിത്രങ്ങള്‍ തുടര്‍ച്ചയായ 26 ദിനങ്ങളാണ് ഈ കളക്ഷന്‍ നേടിയത്. ആടുജീവിതം 22 ദിവസവും മഞ്ഞുമ്മല്‍ ബോയ്‌സ് 20 ദിനങ്ങളിലും കേരള ബോക്‌സ് ഓഫീസില്‍ നിന്ന് ഒരു കോടിയില്‍ അധികം നേടിയിരുന്നു.
മോഹന്‍ലാലിനും ശോഭനയ്ക്കും പുറമെ ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്‌സ് ബിജോയ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുല്‍ ദാസ്. കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.