'തുടരും': മോഹന്‍ലാല്‍- ശോഭന കോംബൊ സൂപ്പര്‍ എന്ന് ആരാധകര്‍; മനോഹരമായ ആഖ്യാനമെന്നും ഫ്രെയിമുകള്‍ പെയിന്റിംഗ് പോലെയെന്നും പ്രേക്ഷകര്‍
ചിത്രത്തിലെ സംഗീതത്തെ കുറിച്ചും മികച്ച അഭിപ്രായമാണ് ഉയര്‍ന്നുവരുന്നത്.;
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം പ്രക്ഷകരുടെ പ്രിയ ജോഡികളായ മോഹന്‍ ലാലും ശോഭനയും ഒന്നിക്കുന്ന തുടരും പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ചിത്രത്തിലെ സംഗീതത്തെ കുറിച്ചും മികച്ച അഭിപ്രായമാണ് ഉയര്‍ന്നുവരുന്നത്.
മോഹന്‍ലാലിന്റെ തിരിച്ച് വരവാണ് ചിത്രമെന്നും പഴയ മോഹന്‍ലാലിനെ കാണണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് വിന്റേജ് മോഹന്‍ലാലിനെയാണ് തുടരും എന്ന ചിത്രത്തിലൂടെ കാണാന്‍ സാധിക്കുന്നത് എന്നുമാണ് ഭൂരിഭാഗം കമന്റുകളും. ശോഭന-മോഹന്‍ലാല്‍ കൂട്ടുകെട്ടിനും പ്രതീക്ഷിച്ചത് പോലെ സ്വീകാര്യത ലഭിച്ചു. ഇരുവരുടെയും കോംബോ മികച്ചതാണെന്ന കമന്റുകളാണ് വരുന്നത്.
വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും ശോഭനയും നായിക, നായകന്മാരായി അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയോടെയാണ് തുടരും തിയേറ്ററുകളിലേക്ക് എത്തിയത്. സിനിമ റിലീസ് ചെയ്ത് ആദ്യ മണിക്കൂറുകളില്‍ തന്നെ പ്രേക്ഷകരില്‍ നിന്ന് വരുന്ന അഭിപ്രായം ശ്രദ്ധേയമാവുകയാണ്.
മികച്ച ആദ്യ പകുതിയാണ് മോഹന്‍ലാല്‍ ചിത്രത്തിന്റേത് എന്നാണ് ഭൂരിഭാഗം പ്രതികരണങ്ങളും. ഒരു പെയിന്റിംഗ് പോലെയാണ് ഫ്രെയിമുകളെന്നും മനോഹരമായ ആഖ്യാനമാണെന്നുമുള്ള കമന്റുകളും ഉയരുന്നുണ്ട്. അപ്രതീക്ഷിതമായ എന്തോ ഒന്നിനെ അടുത്ത പകുതിയില്‍ പ്രതീക്ഷിക്കുന്നുവെന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രേക്ഷകര്‍ കുറിച്ചിരിക്കുന്നത്.
കെ ആര്‍ സുനിലിനൊപ്പം തരുണും ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നു. ഷണ്‍മുഖന്‍ എന്ന ടാക്‌സി ഡ്രൈവര്‍ ആയിട്ടാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ലളിത എന്ന വീട്ടമ്മയായി ശോഭന എത്തുന്നു. ഇവര്‍ക്കൊപ്പം ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു, ബിനു പപ്പു, ഇര്‍ഷാദ് അലി, ആര്‍ഷ കൃഷ്ണ പ്രഭ, പ്രകാശ് വര്‍മ, അരവിന്ദ് എന്നിവരും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജേക്‌സ് ബിജോയ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.
വിന്റേജ് എന്ന പേരായിരുന്നു മോഹന്‍ലാല്‍ ചിത്രത്തിനായി ആലോചിച്ചിരുന്നത് എന്ന് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തുന്നു. എന്നാല്‍ പിന്നീട് സിനിമയ്ക്ക് 'തുടരും' എന്ന പേര് സ്വീകരിക്കുകയായിരുന്നുവെന്നും സംവിധായകന്‍ പറയുന്നു.
സിനിമയുമായി ചേര്‍ന്നുനില്‍ക്കുന്ന പേരാണ് തുടരും. എന്ത് പ്രശ്‌നങ്ങള്‍ സംഭവിച്ചാലും ഒരാളുടെ ജീവിതം തുടരും എന്ന ഫോര്‍മാറ്റിലാണ് തുടരും എന്ന് പേര് നല്‍കിയത്. മോഹന്‍ ലാലും തുടരും എന്ന പേര് തന്നെയാണ് ചിത്രത്തിന് ചേരുന്നതെന്ന് അറിയിച്ചിരുന്നുവെന്നും തരുണ്‍ മൂര്‍ത്തി പറഞ്ഞു.
വന്‍ തുകയ്ക്കാണ് ഹോട് സ്റ്റാര്‍ ചിത്രത്തിന്റെ ഒടിടി റൈറ്റ് സ് നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. തുടരുമിലെ പ്രമേയത്തിലെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹന്‍ലാലിന് എന്ന് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി നേരത്തെ വ്യക്തമാക്കിയിരുന്നു.
കഥ കേട്ടപ്പോള്‍ ആവേശഭരിതനായെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. നായകന്‍ മോഹന്‍ലാലിന്റെ ചിത്രത്തിലെ ലുക്കുകള്‍ നേരത്തെ പുറത്തുവിട്ടത് ഏറെ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു.