പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സര്‍പ്രൈസുമായി മോഹന്‍ലാല്‍; 'വൃഷഭ'യുടെ റിലീസ് തിയതി പുറത്ത്

ചിത്രം 2025 ഒക്ടോബര്‍ 16ന് തിയറ്ററുകളില്‍ എത്തും;

Update: 2025-05-21 11:26 GMT

പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സര്‍പ്രൈസുമായി മോഹന്‍ലാല്‍. താരം നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം 'വൃഷഭ'യുടെ റിലീസ് തിയതി പുറത്തുവിട്ടാണ് ആരാധകര്‍ക്ക് സര്‍പ്രൈസ് നല്‍കിയത്. ചിത്രം 2025 ഒക്ടോബര്‍ 16ന് തിയറ്ററുകളില്‍ എത്തും. ഒപ്പം പുതിയ പോസ്റ്ററും മോഹന്‍ലാല്‍ റിലീസ് ചെയ്തിട്ടുണ്ട്. തന്റെ ആരാധകര്‍ക്കായി ഈ ചിത്രം സമര്‍പ്പിക്കുന്നുവെന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് താരം കുറിച്ചത്.

ഈ വര്‍ഷം ഫെബ്രുവരിയില്‍ ആയിരുന്നു വൃഷഭയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മുംബൈയില്‍ ആയിരുന്നു അവസാന ഷെഡ്യൂള്‍. നന്ദകിഷോര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ്, കന്നഡ എന്നീ അഞ്ച് ഭാഷകളില്‍ റിലീസിനെത്തും.

ഇന്ത്യയിലുടനീളവും വിദേശ വിപണികളിലും ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ ചലനം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മുമ്പ് കണ്ടതില്‍ നിന്ന് വ്യത്യസ്തമായ ഒരു ഇതിഹാസ ദൃശ്യാനുഭവം തന്നെ വൃഷഭയില്‍ പ്രതീക്ഷിക്കാം എന്നും അണിയറ പ്രവര്‍ത്തകര്‍ ഉറപ്പ് നല്‍കുന്നു.

വലിപ്പം, ആകര്‍ഷകമായ കഥപറച്ചില്‍, താരനിര എന്നിവ കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ ഈ ചിത്രം, ആക്ഷന്‍, വൈകാരികത, ഭാരതീയ പുരാണ കഥ എന്നിവയുടെ സവിശേഷമായ സംയോജനത്തോടെ പ്രേക്ഷകരെ നാടകീയമായ സംഭവവികാസങ്ങളുടേയും വിസ്മയകരമായ ദൃശ്യങ്ങളുടെയും ലോകത്തേക്ക് എത്തിക്കുന്നു. മോഹന്‍ലാലിനൊപ്പം ഒട്ടേറെ മികച്ച അഭിനേതാക്കളും അണിനിരക്കുന്ന ചിത്രം, മികച്ച ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും ഗംഭീര ഛായാഗ്രഹണം കൊണ്ടും സാങ്കേതികമായി പ്രേക്ഷകര്‍ക്ക് അതിശയകരമായ കാഴ്ച തന്നെ വാഗ്ദാനം ചെയ്യുന്നു.

ശോഭ കപൂര്‍, ഏക്താ ആര്‍ കപൂര്‍, സികെ പത്മകുമാര്‍, വരുണ്‍ മാത്തൂര്‍, സൗരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മേത്ത എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച വൃഷഭ, ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ തുല്യമായ കഥപറച്ചിലിനെ പുനര്‍നിര്‍വചിക്കാന്‍ പാകത്തിനാണ് ഒരുക്കുന്നത്.

Similar News