പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന പ്രഭാസ് ചിത്രം 'രാജാ സാബി'ന്റെ വിസ്മയിപ്പിക്കുന്ന ടീസര്‍ പുറത്ത്; നായകന്‍ എത്തുന്നത് 2 വ്യത്യസ്ത രൂപങ്ങളില്‍
'ഹൊറര്‍ ഈസ് ദ ന്യൂ ഹ്യൂമര്‍' എന്ന ടാഗ് ലൈനുമായി ഏവരേയും അതിശയിപ്പിക്കുന്ന അമാനുഷിക ഘടകങ്ങളോടെയാണ് ചിത്രം എത്തുന്നത്;
ഒരു ഇടവേളയ്ക്ക് ശേഷം പ്രേക്ഷകരെ ത്രസിപ്പിക്കാന്‍ തെന്നിന്ത്യന്‍ താരം പ്രഭാസ് വീണ്ടും എത്തിയിരിക്കയാണ്. 'രാജാ സാബി' ലൂടെയാണ് പ്രഭാസിന്റെ രംഗപ്രവേശം. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വന്നതുമുതല്‍ പ്രേക്ഷകര്‍ ഏവരും പ്രഭാസിന്റെ വ്യത്യസ്തവും ആകര്‍ഷകവും അമാനുഷികവുമായ അഭിനയശൈലി കാണാനുള്ള കാത്തിരിപ്പിലായിരുന്നു. എന്നാല്‍ ആ കാത്തിരിപ്പ് ഇപ്പോള്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നതോടെ അവസാനിക്കുകയാണ്.
ആരാധകരുടെ ആഘോഷങ്ങള്‍ അലയടിച്ചുയര്‍ന്ന രാവിലാണ് ഹൈദരാബാദില്‍ വച്ച് ഈ ഹൊറര്‍-ഫാന്റസി ചിത്രത്തിന്റെ ഗ്രാന്‍ഡ് ടീസര്‍ ലോഞ്ച് നടന്നത്. പ്രഭാസിനൊപ്പം സംവിധായകന്‍ മാരുതി, നിര്‍മ്മാതാവ് ടി.ജി വിശ്വ പ്രസാദ്, സംഗീത സംവിധായകന്‍ തമന്‍ എസ് എന്നിവര്‍ സ്റ്റേജിലേക്ക് എത്തിയപ്പോള്‍ ആയിരക്കണക്കിന് ആരാധകരുടെ കാതടപ്പിക്കുന്ന കരഘോഷത്തോടെയാണ് ഇവരെ സ്വീകരിച്ചത്. സഞ്ജയ് ദത്ത്, നിധി അഗര്‍വാള്‍, മാളവിക മോഹനന്‍, റിദ്ധി കുമാര്‍ തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു.
പ്രഭാസിന്റെ തിരിച്ചുവരവ് മാത്രമല്ല, ബിഗ് സ്‌ക്രീനില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള വേഷപ്പകര്‍ച്ചയിലേക്കുള്ള അദ്ദേഹത്തിന്റെ ധീരമായ ചുവടുവയ്പ്പ് ആഘോഷിക്കുന്ന ഒരു ഉത്സവം പോലെയായിരുന്നു ലോഞ്ച് നടന്നത്. ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായി അത്യന്തം വിസ്മയകരമാണ് ടീസര്‍.
ടീസറില്‍, പ്രഭാസ് വ്യത്യസ്തമായ രണ്ട് ലുക്കുകളിലാണെത്തിയിരിക്കുന്നത്. അതിരറ്റ ഊര്‍ജ്ജവും ആകര്‍ഷണീയവുമായ ഒരു ലുക്കും, മറ്റൊന്ന് ഇരുണ്ടതും നിഗൂഢവുമായ പേടിപ്പിക്കുന്ന വേഷപ്പകര്‍ച്ചയുമാണ്. ഇന്ത്യ കണ്ട സമീപകാലത്തെ ഏറ്റവും വലിയ ടീസര്‍ ലോഞ്ച് നിമിഷ നേരം കൊണ്ട് തന്നെ ലോകം മുഴുവന്‍ ഏറ്റെടുത്തിരിക്കുകയാണ്. ഡിസംബര്‍ 5 നാണ് മാരുതി തിരിക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ വേള്‍ഡ് വൈഡ് റിലീസ്.
സംഗീത മാന്ത്രികന്‍ തമന്‍ എസ് ഒരുക്കിയിരിക്കുന്ന ടീസറിലെ ത്രസിപ്പിക്കുന്ന സംഗീതവും പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ ഹൊറര്‍-ഫാന്റസി സെറ്റിനുള്ളില്‍ ഒരുക്കിയ ടീസര്‍ ലോഞ്ച് ഇവന്റ്, മാധ്യമങ്ങള്‍ക്ക് 'ദി രാജാസാബി'ന്റെ വിചിത്ര പ്രപഞ്ചത്തിന്റെ ഉള്ളറകളിലെ രഹസ്യങ്ങളിലേക്കുള്ള പ്രവേശികയായിരുന്നു.
രഹസ്യങ്ങള്‍ നിറഞ്ഞ, മിന്നിമറയുന്ന മെഴുകുതിരി വെളിച്ചത്തിനു നടുവില്‍ നിശബ്ദത തളം കെട്ടി നില്‍ക്കുന്ന, കോടമഞ്ഞിന്റെ കുളിരുള്ള, നിഴലുകള്‍ നൃത്തമാടുന്ന ഇടനാഴികളിലൂടെ തുറക്കുന്ന ഹവേലിയുടെ അകത്തളങ്ങള്‍ക്ക് നടുവിലാണ് ക്ഷണിക്കപ്പെട്ടവര്‍ക്ക് ഇരിപ്പിടം ഒരുക്കിയിരുന്നത്. ബിഗ് സ്‌ക്രീനില്‍ ഏവരും സാക്ഷികളാകാന്‍ പോകുന്ന പേടിപ്പെടുത്തുന്ന കാഴ്ചകളിലേക്കുള്ള സൂചനയാണിതെന്ന് പറയാം.
'രാജാസാബിലൂടെ, ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു വലിയ സിനിമ നിര്‍മ്മിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു. പ്രേക്ഷകരെ ഒരു അതിശയകരമായ ലോകത്തേക്ക് ആകര്‍ഷിക്കുന്നതാണ് ഇതിലെ കഥയും സെറ്റുകളും'- എന്നാണ് വേദിയിലെത്തിയ നിര്‍മ്മാതാവ് ടി.ജി വിശ്വപ്രസാദ് ചിത്രത്തെ കുറിച്ച് പറഞ്ഞത്.
സമാനതകളില്ലാത്ത സ്‌റ്റൈലിലും കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു പുതുപുത്തന്‍ വേഷപ്പകര്‍ച്ചയിലാണ് ചിത്രത്തില്‍ പ്രഭാസ് എത്താന്‍ ഒരുങ്ങുന്നത്. ഏവരേയും അതിശയിപ്പിക്കുന്ന അമാനുഷിക ഘടകങ്ങളും ചില മിത്തുകളും ഒക്കെ സന്നിവേശിപ്പിച്ചുകൊണ്ട് എത്തുന്ന ഹൊറര്‍ എന്റര്‍ടെയ്‌നറായ 'രാജാസാബ്' 'ഹൊറര്‍ ഈസ് ദ ന്യൂ ഹ്യൂമര്‍' എന്ന ടാഗ് ലൈനുമായാണ് എത്തുന്നത് എന്നതിനാല്‍ തന്നെ പ്രേക്ഷകര്‍ ഏവരും ഏറെ ആകാംക്ഷയിലാണ്. ഫാമിലി എന്റര്‍ടെയ്നറായെത്തിയ 'പ്രതി റോജു പാണ്ഡഗെ', റൊമാന്റിക് കോമഡി ചിത്രമായ 'മഹാനുഭാവുഡു' എന്നീ സിനിമകള്‍ക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദ രാജാ സാബ്'.
മാളവിക മോഹനനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാന്‍ ഇന്ത്യന്‍ ചിത്രമായി പ്രദര്‍ശനത്തിനെത്തുന്ന രാജാസാബ് പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി.ജി. വിശ്വപ്രസാദാണ് നിര്‍മ്മിക്കുന്നത്. വിവേക് കുച്ചിബോട് ലയാണ് സഹനിര്‍മ്മാതാവ്.
തമന്‍ എസ്. സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കാര്‍ത്തിക് പളനിയാണ് നിര്‍വഹിക്കുന്നത്. ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോഗ്രഫി: രാം ലക്ഷ്മണ്‍ മാസ്റ്റേഴ്സ്, കിംഗ് സോളമന്‍, വി.എഫ്.എക്സ്: ബാഹുബലി ഫെയിം ആര്‍.സി. കമല്‍ കണ്ണന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: രാജീവന്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: എസ്.എന്‍.കെ, പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്.