ബ്രഹ്‌മാണ്ഡ ദൃശ്യ വിരുന്നായി പ്രഭാസിന്റെ ഹൊറര്‍ - ഫാന്റസി- കോമഡി ചിത്രം 'രാജാസാബി'ന്റെ കണ്ണഞ്ചിപ്പിക്കുന്ന ട്രെയിലര്‍ പുറത്ത്
പ്രഭാസിനൊപ്പം ബോളിവുഡ് താരം സഞ്ജയ് ദത്തും ചിത്രത്തില്‍ ശക്തമായ വേഷത്തിലെത്തുന്നുണ്ട്;
പ്രേക്ഷകര്‍ കാത്തിരുന്ന സൂപ്പര്‍സ്റ്റാര്‍ പ്രഭാസിന്റെ പുതിയ ചിത്രം ദി രാജാ സാബിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രഭാസിനൊപ്പം ബോളിവുഡ് താരം സഞ്ജയ് ദത്തും ചിത്രത്തില്‍ ശക്തമായ വേഷത്തിലെത്തുന്നുണ്ട്. ദി രാജാ സാബിന്റെ ടീസറും പോസ്റ്ററുകളും പുറത്തിറക്കി നിര്‍മ്മാതാക്കള്‍ ഇതിനകം തന്നെ ആരാധകര്‍ക്കിടയില്‍ പ്രതീക്ഷ സൃഷ്ടിച്ചിട്ടുണ്ട്. അതിന് പിന്നാലെയാണ് ആകാംക്ഷ ജനിപ്പിച്ച് അണിയറക്കാര്‍ ഇപ്പോള്‍ മൂന്ന് മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ട്രെയിലറും പുറത്തുവിട്ടിരിക്കുന്നത്.
പേടിപ്പെടുത്തുന്നതും അത്ഭുതം നിറയ്ക്കുന്നതും രോമാഞ്ചമേകുന്നതുമായ ദൃശ്യങ്ങളുമായാണ് ട്രെയിലര്‍ എത്തിയിരിക്കുന്നത്. ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായാണ് റിബല്‍ സ്റ്റാര്‍ പ്രഭാസിന്റെ പാന്‍ - ഇന്ത്യന്‍ ഹൊറര്‍ ഫാന്റസി ത്രില്ലര്‍ 'രാജാസാബ്' തിയേറ്ററുകളില്‍ എത്തുന്നതെന്ന് അടിവരയിടുന്നതാണ് ട്രെയിലര്‍.
ട്രെയിലര്‍ ലോഞ്ചിന് മുന്നോടിയായി, നിര്‍മ്മാതാക്കള്‍ ശ്രദ്ധേയമായ ഒരു പോസ്റ്റര്‍ പങ്കിട്ടിരുന്നു, അത് ആരാധകരെ ത്രസിപ്പിച്ചിരുന്നു. പോസ്റ്ററില്‍ നീണ്ട മുടിയും മീശയുമായി കറുപ്പും വെളുപ്പും നിറത്തിലുള്ള ഒരു ഷാള്‍ ധരിച്ച് നില്‍ക്കുന്ന സഞ്ജയ് ദത്തിനെയാണ് കാണുന്നത്. ചിത്രത്തില്‍ ഒരു പ്രേതമായാണ് സഞ്ജയ് ദത്ത് എത്തുന്നതെന്ന സൂചനയും ട്രെയ്‌ലര്‍ പങ്കുവയ്ക്കുന്നു. അതേസമയം, പ്രഭാസ് തീമുകളില്‍ മുഴുകിയ ഒരു പ്രേത കൊട്ടാരത്തിന് മുന്നില്‍ കൈകള്‍ വിടര്‍ത്തി നില്‍ക്കുന്നതും കാണാം. ഇത് ചിത്രത്തിന്റെ ഹൊറര്‍-കോമഡി തീമിനാണ് ആക്കം കൂട്ടുന്നത്.
പ്രഭാസിന്റെ ഇരട്ടവേഷം തന്നെയാണ് ട്രെയിലറിലെ ഹൈലൈറ്റ്. അതോടൊപ്പം സഞ്ജയ് ദത്തിന്റെ വേറിട്ട വേഷപ്പകര്‍ച്ച ഏവരേയും വിസ്മയിപ്പിക്കും. ടി.ജി. വിശ്വപ്രസാദ് നിര്‍മ്മിച്ച് മാരുതി സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ വിസ്മയിപ്പിക്കുന്ന ടീസര്‍ അടുത്തിടെ പുറത്തിറങ്ങിയത് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ഹൊററും ഫാന്റസിയും റൊമാന്‍സും കോമഡിയും മനംമയക്കുന്ന വിഎഫ്എക്‌സ് ദൃശ്യങ്ങളുമൊക്കെ സമന്വയിപ്പിച്ചെത്തിയിരിക്കുന്ന ട്രെയിലറും ഏറ്റെടുത്തിരിക്കുന്നത്.
പ്രഭാസിനും സഞ്ജയ് ദത്തിനും പുറമെ ബൊമന്‍ ഇറാനി, സെറീന വഹാബ്, നിധി അഗര്‍വാള്‍, മാളവിക മോഹനന്‍, റിദ്ധി കുമാര്‍ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. സമാനതകളില്ലാത്ത സ്‌റ്റൈലിലും സ്വാഗിലും കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു പുതുപുത്തന്‍ ലുക്കിലുമാണ് ചിത്രത്തില്‍ പ്രഭാസിനെ ഡബിള്‍ റോളില്‍ അവതരിപ്പിച്ചിരിക്കുന്നത് എന്ന് ട്രെയിലര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
കരിയറില്‍ തന്നെ പ്രഭാസ് ഇതുവരെ ചെയ്യാത്ത രീതിയിലുള്ള വേഷമാകും ഇതെന്നാണ് ട്രെയിലര്‍ തരുന്ന സൂചന. ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലായി 105-ഓളം തിയേറ്ററുകളില്‍ ഒരേസമയമാണ് ട്രെയിലര്‍ സ്‌ക്രീനിങ് നടത്തിയത്. ഏവരേയും അതിശയിപ്പിക്കുന്ന അമാനുഷിക ഘടകങ്ങളും മിത്തുകളും ഒക്കെ സന്നിവേശിപ്പിച്ചുകൊണ്ട് എത്തുന്ന ഹൊറര്‍ എന്റര്‍ടെയ്‌നറായ 'രാജാസാബ്' 'ഹൊറര്‍ ഈസ് ദ ന്യൂ ഹ്യൂമര്‍' എന്ന ടാഗ് ലൈനുമായാണ് എത്തുന്നത് എന്നതിനാല്‍ തന്നെ പ്രേക്ഷകരേവരും ഏറെ ആകാംക്ഷയിലാണ്.
പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ മാരുതി സംവിധാനം ചെയ്ത് നിര്‍മ്മിച്ച ചിത്രം അമാനുഷിക ഘടകങ്ങളുടെയും നര്‍മ്മത്തിന്റെയും മിശ്രിതമാണെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. ഫാമിലി എന്റര്‍ടെയ്നറായെത്തിയ 'പ്രതി റോജു പാണ്ഡഗെ', റൊമാന്റിക് കോമഡി ചിത്രമായ 'മഹാനുഭാവുഡു' എന്നീ സിനിമകള്‍ക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നിവയുള്‍പ്പെടെ അഞ്ച് ഇന്ത്യന്‍ ഭാഷകളില്‍ ചിത്രം 2026 ജൂണ്‍ 9 ന് റിലീസ് ചെയ്യും. ചിത്രത്തിലെ പ്രഭാസിന്റ ഇന്‍ട്രോ സോംഗിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി എന്നാണ് പുതിയ റിപ്പോര്‍ട്ട്. പ്രഭാസിന്റെ ജന്മദിനമായ ഒക്ടോബര്‍ 23ന് ആദ്യ സിംഗിള്‍ പുറത്തുവിടും എന്നും റിപ്പോര്‍ട്ടുണ്ട്.
ബോക്‌സോഫീസ് വിപ്ലവം തീര്‍ത്ത കല്‍ക്കി 2898 എ.ഡിക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രം ഇന്ത്യന്‍ സിനിമയില്‍ സമാനതകളില്ലാത്തൊരു സൂപ്പര്‍ നാച്ച്വറല്‍ ദൃശ്യ വിരുന്ന് തന്നെയാകും നല്‍കുക എന്നാണ് സൂചനകള്‍. രാജാസാബ് പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഒരു ഹൊറര്‍ സിനിമയ്ക്കുവേണ്ടി ഒരുക്കിയിട്ടുള്ള ഏറ്റവും വലിയ സെറ്റാണ് ചിത്രത്തിനായി ഒരുക്കിയിട്ടുള്ളത്. വിവേക് കുച്ചിബോട്‌ലയാണ് സഹനിര്‍മ്മാതാവ്.
തമന്‍ എസ്. സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം: കാര്‍ത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോഗ്രഫി: രാം ലക്ഷ്മണ്‍ മാസ്റ്റേഴ്സ്, കിംഗ് സോളമന്‍, വിഎഫ്എക്സ്: ബാഹുബലി ഫെയിം ആര്‍.സി. കമല്‍ കണ്ണന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: രാജീവന്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: എസ് എന്‍ കെ, പി.ആര്‍.ഒ.: ആതിര ദില്‍ജിത്ത്.