ദളപതി വിജയ് നായകനാകുന്ന 'ജന നായകന്‍' എന്ന ചിത്രത്തിലെ ആദ്യ ഗാനം നവംബറില്‍ പുറത്തിറക്കും

ദീപാവലിക്ക് ഗാനം റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട്;

Update: 2025-10-29 10:23 GMT

ദളപതി വിജയ് നായകനാകുന്ന 'ജന നായകന്‍' എന്ന ചിത്രത്തിലെ ആദ്യ ഗാനം നവംബറില്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. ദീപാവലിക്ക് ഗാനം റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട്. എന്നാല്‍ അണിയറക്കാര്‍ റിലീസ് തീയതി മാറ്റി വയ്ക്കുകയായിരുന്നു. എന്നിരുന്നാലും, നിര്‍മ്മാണ കമ്പനി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.

ദളപതി വിജയ് രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന് മുമ്പുള്ള അവസാന ചിത്രമായ 'ജന നായകന്‍' 2026 ജനുവരി 9 ന് തിയേറ്ററുകളില്‍ എത്തും. എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സമീപകാല റിപ്പോര്‍ട്ടുകള്‍ പ്രകാരം, ചിത്രത്തിന്റെ ആദ്യ സിംഗിള്‍ നവംബര്‍ ആദ്യം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍, ഉടന്‍ തന്നെ പ്രമോഷനുകള്‍ ആരംഭിക്കാന്‍ നിര്‍മ്മാതാക്കള്‍ ഒരുങ്ങിയേക്കും.

രാഷ്ട്രീയ ആക്ഷന്‍ ചിത്രമായ ജന നായകനില്‍ ഒരു മുന്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് വിജയ് എത്തുന്നത് എന്നാണ് അറിയുന്നത്. ചിത്രം നന്ദമുരി ബാലകൃഷ്ണയുടെ ഭഗവന്ത് കേസരിയുടെ റീമേക്ക് ആണെന്ന റിപ്പോര്‍ട്ടുകള്‍ ആദ്യം പുറത്തുവന്നിരുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് അനില്‍ രവിപുടി സംവിധാനം ചെയ്ത ചിത്രത്തില്‍ നിന്ന് ഒരു പ്രധാന രംഗം പുനര്‍നിര്‍മ്മിക്കുന്നതിനുള്ള അവകാശം മാത്രമാണ് ടീം നേടിയത് എന്നാണ്.

ചിത്രത്തിലെ പ്രധാന റോളുകളില്‍ ബോബി ഡിയോള്‍, പൂജാ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകള്‍ നിര്‍മിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എന്‍ പ്രൊഡക്ഷന്റെ പേരില്‍ ജനനായകന്‍ നിര്‍മിക്കുന്നത്. ദളപതി വിജയ് യുടെ പ്രിയപ്പെട്ട മൂന്ന് സംവിധായകരായ ബോയ് സെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോകേഷ് കനകരാജ്, അറ്റ് ലി, നെല്‍സണ്‍ എന്നിവര്‍ ജനനായകനിലെ ഒരു ഗാന രംഗത്ത് ഉണ്ടാകും എന്നാണ് മറ്റൊരു അപ്‌ഡേറ്റ് സൂചിപ്പിക്കുന്നത്.

അണിയറപ്രവര്‍ത്തകര്‍: ഛായാഗ്രഹണം - സത്യന്‍ സൂര്യന്‍, ആക്ഷന്‍ - അനില്‍ അരശ്, ആര്‍ട്ട് : വി സെല്‍വ കുമാര്‍, കൊറിയോഗ്രാഫി - ശേഖര്‍, സുധന്‍, ലിറിക്‌സ് - അറിവ്, കോസ്റ്റ്യൂം - പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനര്‍ - ഗോപി പ്രസന്ന, മേക്കപ്പ് - നാഗരാജ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - വീര ശങ്കര്‍, പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് - പ്രതീഷ് ശേഖര്‍.

Similar News