സംവിധായകനായി അനുപംഖേര്‍ വീണ്ടും; 'തന്‍വി ദ ഗ്രേറ്റ' ന്റെ ട്രെയിലര്‍ പുറത്ത്
നവാഗതയായ ശുഭാംഗി ദത്ത് ആണ് ഓട്ടിസ്റ്റിക് ആയ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.;
ബോളിവുഡ് താരം അനുപം ഖേര്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം തന്‍വി ദി ഗ്രേറ്റിന്റെ ട്രെയിലര്‍ തിങ്കളാഴ്ച മുംബൈയില്‍ പുറത്തിറങ്ങി. ജൂലൈ 18 ന് ചിത്രം തിയേറ്ററുകളില്‍ എത്തും. ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന ഓട്ടിസം ബാധിച്ച പെണ്‍കുട്ടിയുടെ ആവേശം നിറയ്ക്കുന്ന കഥ പറയുന്ന ചിത്രമാണ് 'തന്‍വി ദി ഗ്രേറ്റ്'. 23 വര്‍ഷങ്ങള്‍ക്കു ശേഷം അനുപം ഖേര്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
നവാഗതയായ ശുഭാംഗി ദത്ത് ആണ് ഓട്ടിസ്റ്റിക് ആയ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒട്ടേറെ വെല്ലുവിളികളുള്ള കഥാപാത്രത്തെ അതിഗംഭീരമായാണ് ശുഭാംഗി അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. അരവിന്ദ് സ്വാമിയും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ എത്തുന്നുണ്ട്. ബൊമന്‍ ഇറാനി, ജാക്കി ഷ്രോഫ്, പല്ലവി ജോഷി, ഇയാന്‍ ഗ്ലെന്‍, നാസിര്‍, കരണ്‍ ടാക്കര്‍ എന്നിവര്‍ക്കൊപ്പം അനുപം ഖേറും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നു. തന്‍വിയുടെ മുത്തച്ഛനായ കേണല്‍ ഖന്നയുടെ വേഷമാണ് ഖേര്‍ അവതരിപ്പിക്കുന്നത്.
ഖേറിനൊപ്പം അങ്കുര്‍ സുമനും അഭിഷേക് ദീക്ഷിതും ചേര്‍ന്നാണ് തന്‍വി ദി ഗ്രേറ്റിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഓട്ടിസം സ്‌പെക്ട്രത്തിലുള്ള ഖേറിന്റെ മരുമകളില്‍ നിന്നാണ് ഈ ചിത്രത്തിന്റെ പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്നത്. 2002-ല്‍ ഓം ജയ് ജഗദീഷ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. തന്‍വി ദി ഗ്രേറ്റ് എന്ന ചിത്രത്തിന്റെ റിലീസിനായി ഫര്‍ഹാന്‍ അക്തറും റിതേഷ് സിദ്വാനിയുടെ എക്‌സല്‍ എന്റര്‍ടൈന്‍മെന്റുമായി അദ്ദേഹം സഹകരിച്ചു.
തന്‍വി ദി ഗ്രേറ്റ് അടുത്തിടെ ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഹോളിവുഡ് ഇതിഹാസം റോബര്‍ട്ട് ഡി നീറോയാണ് ചിത്രത്തിന്റെ പ്രീമിയര്‍ ഷോയില്‍ പങ്കെടുത്തത്. ഓട്ടിസ്റ്റിക് ആയ പെണ്‍കുട്ടിയുടെ സംഭവബഹുലവും പ്രചോദനാത്മകവുമായ കഥയാണ് ചിത്രം പറയുന്നത്. ന്യൂറോഡൈവര്‍ജന്റ് ആയവരുടെ ജീവിതം മനോഹരമായി അവതരിപ്പിക്കുന്ന സിനിമയെന്ന ഖ്യാതിയോടെയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.
ഓസ്‌കാര്‍ ജേതാവായ എംഎം കീരവാണിയാണ് തന്‍വി ദി ഗ്രേറ്റിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷനുമായി സഹകരിച്ച് അനുപം ഖേര്‍ സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്.