120 കോടി രൂപ ബജറ്റില്‍ 'ബാഹുബലി' യുടെ മൂന്നാം ഭാഗം പ്രഖ്യാപിച്ച് എസ്.എസ്. രാജമൗലി
നെഞ്ചിടിപ്പേകുന്ന യുദ്ധരംഗങ്ങള്‍ കാണാന്‍ കൊതിച്ച് ആരാധകര്‍;
കഴിഞ്ഞദിവസമാണ് 'ബാഹുബലി: ദി എപ്പിക്' തിയേറ്ററുകളില്‍ എത്തിയത്. ബാഹുബലിയുടെ മുന്‍പ് റീലീസ് ചെയ്ത രണ്ട് ചിത്രങ്ങളും ലയിപ്പിച്ച് ഒന്നാക്കി പുനര്‍നിര്‍മ്മിച്ച പതിപ്പാണ് കഴിഞ്ഞദിവസം അണിയറക്കാര്‍ പുറത്തിറക്കിയത്. ബാഹുബലി ആദ്യ ഭാഗത്തിന്റെ പത്താം റിലീസ് വാര്‍ഷികത്തോടനുബന്ധിച്ച് ബാഹുബലി രണ്ട് ഭാഗങ്ങളും ചേര്‍ത്ത് ഒറ്റ ചിത്രമായി തിയറ്ററുകളില്‍ എത്തിക്കുകയായിരുന്നു.
അതേസമയം രണ്ട് ഭാഗങ്ങളും ചേര്‍ത്ത് ഒറ്റ ചിത്രമായി എത്തിയപ്പോള്‍ 3.45 മണിക്കൂര്‍ ആണ് ബാഹുബലി ദി എപിക്കിന്റെ ദൈര്‍ഘ്യം. അഞ്ചര മണിക്കൂറോളമുള്ള ഫൂട്ടേജിനെ, കഥപറച്ചിലിന്റെ ശക്തി ചോരാതെ പകുതിയായി ചുരുക്കുക എന്ന കഠിനമായ മിഷന്‍ ആയിരുന്നു സംവിധായകന്‍ രാജമൗലിയുടെ മുന്നില്‍ ഉണ്ടായിരുന്നത്. അതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. ഐമാക്‌സ്, 4ഡിഎക്‌സ്, ഡി-ബോക്‌സ്, ഡോള്‍ബി സിനിമ, എപിക് എന്നിങ്ങനെയുള്ള പ്രീമിയം ഫോര്‍മാറ്റുകളിലൊക്കെ ചിത്രം എത്തിയിട്ടുണ്ട്. തിയേറ്റകളില്‍ ചിത്രം കാണാന്‍ ആളുകളുടെ നീണ്ട നിര തന്നെ കാണാം.
ഇപ്പോള്‍, സംവിധായകന്‍ എസ്.എസ്. രാജമൗലി ബാഹുബലിയുടെ മൂന്നാം ഭാഗവും സ്ഥിരീകരിച്ചിരിക്കുകയാണ്. ബാഹുബലി ദി എപിക് റിലീസിനോട് അനുബന്ധിച്ച് പ്രഭാസ്, റാണ ദഗുബാട്ടി എന്നിവര്‍ക്കൊപ്പം നടത്തിയ ഒരു പ്രമോഷണല്‍ അഭിമുഖത്തിലാണ്, എസ്.എസ്. രാജമൗലി മറ്റൊരു 'ബാഹുബലി' ചിത്രത്തിലൂടെ ഫ്രാഞ്ചൈസി ആരാധകരെ അത്ഭുതപ്പെടുത്തിയത്. രാജമൗലിയുടെ വാക്കുകള്‍;
'ഇത് 'ബാഹുബലി 3' അല്ല, ആ ലോകത്തിന്റെ തുടര്‍ച്ചയാണ്. ഞങ്ങള്‍ 'ബാഹുബലി: ദി എറ്റേണല്‍ വാര്‍' എന്ന പേരില്‍ ഒരു 3D ആനിമേറ്റഡ് ചിത്രം നിര്‍മ്മിച്ചിട്ടുണ്ട്. 'ബാഹുബലി: ദി എപ്പിക്' എന്ന സിനിമയുടെ ഇടവേളയില്‍ അതിന്റെ ടീസര്‍ പുറത്തിറങ്ങും.'
ചിത്രം നിര്‍മ്മിക്കുന്ന വമ്പന്‍ ബജറ്റും അദ്ദേഹം വെളിപ്പെടുത്തി. 120 കോടി രൂപയുടെ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. നിര്‍മാതാവ് 'ഷോബു യാര്‍ലഗഡ രണ്ട് വര്‍ഷത്തിലേറെയായി ഈ പ്രോജക്ടില്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ ഞങ്ങള്‍ 120 കോടി രൂപയുടെ ബജറ്റില്‍ മറ്റൊരു ചിത്രം നിര്‍മ്മിക്കുന്നു' എന്ന് രാജമൗലി കൂട്ടിച്ചേര്‍ത്തു.
ബജറ്റ് തുക അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയ പ്രഭാസ് തമാശ രൂപേണ '120 കോടിയോ? ഇതാണ് നമ്മുടെ 'ബാഹുബലി'യുടെ പ്ലാന്‍ ചെയ്ത ബജറ്റ് എന്നും പറയുകയുണ്ടായി. ചിത്രം ഭാവിയില്‍ നിര്‍മ്മിക്കുമെന്ന് സംവിധായകന്‍ പറഞ്ഞെങ്കിലും സമയമോ തീയതിയോ വെളിപ്പെടുത്തിയിട്ടില്ല.