'ഫീനിക്‌സില്‍' നായകനായി വിജയ് സേതുപതിയുടെ മകന്‍ സൂര്യ; ചിത്രം ജൂലൈ 4 ന് തിയേറ്ററുകളിലേക്ക്

ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് ഈ ചിത്രം;

Update: 2025-06-27 09:58 GMT

തെന്നിന്ത്യന്‍ താരം വിജയ് സേതുപതിയുടെ മകന്‍ സൂര്യ വിജയ് സേതുപതി നായകനായെത്തുന്ന ആക്ഷന്‍ ഡ്രാമ ചിത്രം ഫീനിക്‌സ് ജൂലൈ 4 ന് തിയേറ്ററുകളിലെത്തുന്നു. എകെ ബ്രേവ് മാന്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫര്‍ അനല്‍ അരസു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആക്ഷന്‍ കൊറിയോഗ്രാഫര്‍ കൂടിയായ അനല്‍ അരശ് സംവിധാനം ചെയ്യുന്ന ചിത്രമായതിനാല്‍ തന്നെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് ഈ ചിത്രം.

പാരമ്പര്യത്തിനപ്പുറം തന്റേതായ അഭിനയത്തിലൂടെ സിനിമാ രംഗത്ത് മികച്ച ഒരു നടനായി മുന്നേറുകയാണ് തന്റെ ലക്ഷ്യമെന്നാണ് ഫീനിക്‌സില്‍ നായക നടനായി എത്തിയതിനെ കുറിച്ചുള്ള സൂര്യയുടെ പ്രതികരണം. നാനും റൗഡി താന്‍ (2015), സിന്ധുബാദ് (2019) എന്നീ ചിത്രങ്ങളില്‍ ബാലതാരമായി പ്രത്യക്ഷപ്പെട്ട സൂര്യ, ഇത് ആദ്യമായാണ് ഒരു സിനിമയില്‍ നായക വേഷം ചെയ്യുന്നത്. ഈ രണ്ട് ചിത്രത്തിലും വിജയ് സേതുപതി തന്നെയായിരുന്നു പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നത്.

അഭി നക്ഷത്രയും വര്‍ഷയും ആണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. കൂടാതെ ജെ. വിഘ് നേഷ്, വരലക്ഷ്മി ശരത് കുമാര്‍, സമ്പത്ത് രാജ്, ദേവദര്‍ശിനി, ഹരീഷ് ഉത്തമന്‍, അജയ് ഘോഷ്, ആടുകളം നരേന്‍, ശ്രീജിത്ത് രവി, ദിലീപന്‍, ആടുകളം മുരുകദോസ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

സംഗീതം: സാം സിഎസ്, ഛായാഗ്രഹണം: ആര്‍.വേല്‍രാജ്, എഡിറ്റിംഗ്: പ്രവീണ്‍ കെ.എല്‍, നൃത്തസംവിധാനം: ബാബ ഭാസ്‌കര്‍, സ്റ്റണ്ട്‌സ്: അനല്‍ അരസു തന്നെ, പിആര്‍ഒ: പ്രതീഷ് ശേഖര്‍

രാജലക്ഷ്മി അനല്‍ അരസു നിര്‍മ്മിച്ച ഫീനിക്‌സ് 2023 നവംബര്‍ 24 ന് ചെന്നൈയിലെ എവിഎം സ്റ്റുഡിയോയില്‍ നടന്ന ഔപചാരിക പൂജയ്ക്ക് ശേഷം ചിത്രീകരണം ആരംഭിച്ചു. 2024 നവംബറില്‍ റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരുന്നെങ്കിലും, സര്‍ട്ടിഫിക്കേഷന്‍ കാലതാമസം കാരണം മാറ്റിവയ്ക്കുകയായിരുന്നു. ഇപ്പോള്‍ ജൂലൈ 4 ന് ഗംഭീരമായ പ്രീമിയറിനായി ഒരുങ്ങുകയാണ്.

ഫീനിക്‌സിന്റെ ടീസര്‍ 2024 ജൂണ്‍ 17 ന് നുങ്കമ്പാക്കത്തെ ലെ മാജിക്കില്‍ നടന്ന ഒരു പ്രത്യേക പരിപാടിയില്‍ നടന്‍ ശിവകാര്‍ത്തികേയന്‍ പുറത്തിറക്കി. തീക്ഷ്ണമായ സ്റ്റണ്ടുകളും തീവ്രമായ നാടകീയതയും നിറഞ്ഞ ടീസറിന് ഓണ്‍ലൈനില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ ചിത്രം വന്‍ ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍.

Similar News