10 വര്‍ഷങ്ങള്‍ക്ക് ശേഷം ബഹുഭാഷാ ചിത്രമായ കില്ലറിലൂടെ തിരിച്ചുവരവ് പ്രഖ്യാപിച്ച് സംവിധായകന്‍ എസ്.ജെ. സൂര്യ

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന പ്രോജക്ടില്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച പ്രതിഭകളാണ് അണിനിരക്കുന്നത്;

Update: 2025-06-28 09:32 GMT

10 വര്‍ഷങ്ങള്‍ക്ക് ശേഷം ബഹുഭാഷാ ചിത്രമായ കില്ലറിലൂടെ തിരിച്ചുവരവ് പ്രഖ്യാപിച്ച് സംവിധായകന്‍ എസ്.ജെ.സൂര്യ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും എസ്.ജെ. സൂര്യയുടെ നിര്‍മാണ കമ്പനിയായ എയ്ഞ്ചല്‍ സ്റ്റുഡിയോസുമായി സഹകരിച്ചാണ് ചിത്രം നിര്‍മിക്കുന്നത്. കില്ലര്‍ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമ നിര്‍മാണ രംഗത്തും വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണ് ശ്രീ ഗോകുലം മൂവീസ്.

തിരിച്ചുവരവ് പ്രഖ്യാപിച്ച് സൂര്യ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത് ഇങ്ങനെ:

'ഹായ് കൂട്ടുകാരെ, നിങ്ങളുടെ സംവിധായകന്‍ എസ്.ജെ. സൂര്യ സ്വപ്ന പദ്ധതിയായ 'കില്ലര്‍' എന്ന ചിത്രവുമായി തിരിച്ചെത്തിയിരിക്കുന്നു. ഗോകുലം ഗോപാലന്‍ സാറുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ അനുഗ്രഹവും സന്തോഷവും തോന്നുന്നു. അത് ഏറ്റവും അഭിമാനകരമായ കാര്യമാണ്. എല്ലാവരെയും പോലെ നിങ്ങളുടെ സ്‌നേഹവും പിന്തുണയും ആവശ്യമാണ്. എല്ലാവരെയും സ്‌നേഹിക്കുന്നു- എന്നായിരുന്നു.

തമിഴ് ചിത്രം 'അയോധ്യ'യിലെ അഭിനയത്തിന് ഏറെ നിരൂപക പ്രശംസ നേടിയ മറാത്തി നടി പ്രീതി അസ്രാണി ചിത്രത്തിന്റെ ഭാഗമാകുമെന്നും എസ് ജെ സൂര്യ പറഞ്ഞു. പരമ്പരാഗത പൂജ ചടങ്ങുകളോടെ വെള്ളിയാഴ്ചയാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്.

നടനാകുന്നതിന് മുമ്പ് തന്നെ സംവിധായകനെന്ന നിലയില്‍ ചലച്ചിത്രമേഖലയില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു എസ് ജെ സൂര്യ. അതില്‍ അജിത് കുമാറിനെ നായകനാക്കി ഇറങ്ങിയ വാലി, വിജയ് നായകനായി അഭിനയിച്ച കുശി തുടങ്ങിയ ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റുകളായിരുന്നു.

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന പ്രോജക്ടില്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച പ്രതിഭകളാണ് ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി അണിനിരക്കുന്നത്. ചിത്രത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോക്ക് ഡൗണ്‍ സമയത്ത് എസ് ജെ സൂര്യ എഴുതിയ കില്ലര്‍ എന്ന കഥ ഒരു ഹിറ്റ് മാനെ ചുറ്റിപ്പറ്റിയുള്ളതാണെന്നാണ് വ്യവസായ വൃത്തങ്ങള്‍ അവകാശപ്പെടുന്നത്. ആക്ഷന്‍, കോമഡി, പ്രണയം എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന ഒരു എന്റര്‍ടെയ്നറായിരിക്കും ചിത്രമെന്നും വൃത്തങ്ങള്‍ പറയുന്നു. ചിത്രത്തിന്റെ പ്രധാന ഭാഗം ഇന്ത്യയിലും മറ്റ് ഭാഗങ്ങള്‍ മെക്‌സിക്കോയില്‍ വച്ചുമാണ് ചിത്രീകരിക്കുന്നത്.

കോ പ്രൊഡ്യൂസേഴ്‌സ്: വി.സി. പ്രവീണ്‍, ബൈജു ഗോപാലന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കൃഷ്ണമൂര്‍ത്തി. പിആര്‍ഒ: ശബരി.

Similar News