സത്യന്‍ അന്തിക്കാട് - മോഹന്‍ലാല്‍ ചിത്രം ഹൃദയപൂര്‍വം ഒടിടിയില്‍

2015-ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രമാണ് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒടുവില്‍ എത്തിയത്;

Update: 2025-09-26 09:16 GMT

മോഹന്‍ലാല്‍ നായകനായി വന്ന സത്യന്‍ അന്തിക്കാട് ചിത്രം ഹൃദയപൂര്‍വം ഒടിടിയില്‍. ജിയോ ഹോട് സ്റ്റാറിലൂടെ ചിത്രത്തിന്റെ സ്ട്രീമിംഗ് വെള്ളിയാഴ്ച മുതല്‍ ആരംഭിച്ചു. തിയേറ്റര്‍ റിലീസ് കഴിഞ്ഞ് ഒരുമാസം പിന്നിടുമ്പോഴാണ് ഒടിടി സ്ട്രീമിങ്. ഓഗസ്റ്റ് 28 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്ത ഈ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മാളവിക മോഹനന്‍, സംഗീത മാധവന്‍ നായര്‍, സംഗീത് പ്രതാപ്, സിദ്ദീഖ്, ലാലു അലക്‌സ്, ജനാര്‍ദനന്‍, ബാബുരാജ്, നിഷാന്‍, സബിത ആനന്ദ് എന്നിവരും അഭിനയിക്കുന്നു. ഹൃദയംമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേനായ സന്ദീപ് ബാലകൃഷ്ണന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തിയത്.

ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. 2015-ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രമാണ് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒടുവില്‍ എത്തിയത്. ആഗോള ബോക്‌സ് ഓഫീസില്‍ ചിത്രം 75.73 കോടി കളക്ഷന്‍ നേടിയപ്പോള്‍ വിദേശത്ത് നിന്ന് മാത്രം 29.25 കോടി ഹൃദയപൂര്‍വം നേടിയതായി ട്രേഡ് അനലിസ്റ്റുകളായ സാക് നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു.

ചിത്രത്തിന്റെ കോമഡി എലമെന്റുകളൊക്കെ തിയറ്ററുകളില്‍ രസിപ്പിക്കുന്നുണ്ടെന്നാണ് ചിത്രം കണ്ടവര്‍ സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചത്. മോഹന്‍ലാല്‍- സംഗീത് പ്രതാപ് കോമ്പോ വര്‍ക്ക് ആയിരിക്കുന്നുവെന്നുള്ള പ്രതികരണങ്ങളും വന്നിരുന്നു. മികച്ച പശ്ചാത്തല സംഗീതവും ഛായാഗ്രാഹണവും ചിത്രത്തിന്റെ ആകര്‍ഷണങ്ങളാണ്. മികച്ച ഫീല്‍ ഗുഡ് ചിത്രമാണ് ഹൃദയപൂര്‍വം എന്നാണ് പൊതുവെയുള്ള പ്രതികരണങ്ങള്‍.

സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും ചിത്രത്തില്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചു എന്നതും പ്രത്യേകതയാണ്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖില്‍ സത്യനാണ്. നവാഗതനായ ടി പി സോനു തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യനാണ് ചിത്രത്തിന്റെ പ്രധാന സംവിധാന സഹായിയായിട്ടുള്ളത്. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ രാജഗോപാല്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

ഗാനരചന: മനു മഞ്ജിത്ത്, സംഗീതം: ജസ്റ്റിന്‍ പ്രഭാകര്‍, കലാസംവിധാനം: പ്രശാന്ത് നാരായണന്‍, മേക്കപ്പ്: പാണ്ഡ്യന്‍, കോസ്റ്റ്യൂം: സമീറ സനീഷ്, സഹ സംവിധായകര്‍: ആരോണ്‍ മാത്യു, രാജീവ് രാജേന്ദ്രന്‍, വന്ദന സൂര്യ, ശ്രീഹരി, പ്രൊഡക്ഷന്‍ മാനേജര്‍: ആദര്‍ശ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ശ്രീക്കുട്ടന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു തോമസ്, സ്റ്റില്‍സ്: അമല്‍ സി സദര്‍.

ഹൃദയപൂര്‍വ്വത്തെ സ്വീകരിച്ച പ്രേക്ഷകരോട് നന്ദി പറഞ്ഞുകൊണ്ട് മോഹന്‍ലാല്‍ സമൂഹ മാധ്യമത്തില്‍ കുറിച്ച പോസ്റ്റും ശ്രദ്ധേയമായിരുന്നു.

'#ഹൃദയപൂര്‍വ്വത്തെ നിങ്ങളുടെ ഹൃദയങ്ങളിലേക്കും വീടുകളിലേക്കും സ്വാഗതം ചെയ്തതിന് നന്ദി. കുടുംബങ്ങള്‍ ഒത്തുചേരുന്നതും, പുഞ്ചിരിക്കുന്നതും, ചിരിക്കുന്നതും, ഞങ്ങളോടൊപ്പം കുറച്ച് കണ്ണുനീര്‍ പൊഴിക്കുന്നതും കാണുന്നത് ശരിക്കും ഹൃദയസ്പര്‍ശിയാണ്. നിങ്ങള്‍ അനുഭവിച്ച ഓരോ വികാരവും, നിങ്ങള്‍ അയച്ച ഓരോ സന്ദേശവും, ഞങ്ങളും അത് അനുഭവിച്ചിട്ടുണ്ട്. നിങ്ങള്‍ കാണിച്ച സ്‌നേഹത്തിനും പിന്തുണയ്ക്കും വാക്കുകള്‍ക്കതീതമായി നന്ദിയുണ്ട്.'- എന്നായിരുന്നു മോഹന്‍ലാല്‍ കുറിച്ചത്.

Similar News