' സനം തേരി കസം' വീണ്ടും തീയറ്ററുകളിലേക്ക്; രണ്ടാംവരവില്‍ റെക്കോഡുകള്‍ ഭേദിക്കുമോ?

Update: 2025-02-07 06:10 GMT

കൊച്ചി: ഒമ്പത് വര്‍ഷത്തിനുശേഷം സനം തേരി കസം വീണ്ടും തീയറ്ററുകളിലെത്തുന്നു. വെള്ളിയാഴ്ച മുതലാണ് ചിത്രത്തിന്റെ രണ്ടാം വരവ്. ഹര്‍ഷവര്‍ദ്ധന്‍ റാണെയും മാവ്റ ഹൊകാനെയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം 2016ലാണ് പുറത്തിറങ്ങിയത്. രാധിക റാവുവും വിനയ് സപ്രുവും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ആദ്യം ചിത്രം തിയറ്ററുകളിലെത്തിയപ്പോള്‍ പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും സമ്മിശ്ര പ്രതികരണമാണുണ്ടായത്. പിന്നീട് തിയറ്ററുകളില്‍ ഉദ്ദേശിച്ച വിജയം നേടാന്‍ കഴിയാതെ പോയതോടെ പ്രദര്‍ശനം അവസാനിപ്പിച്ചു.

എന്നാല്‍ ഇന്ന് ഒമ്പതുവര്‍ഷങ്ങള്‍ക്കിപ്പുറം സ്ഥിതി മാറി. പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിലൊന്നായി സനം തേരി കസം മാറി. ചിത്രം ഒടിടിയിലെത്തിയതോടെ പ്രേക്ഷകര്‍ അത് ഏറ്റെടുത്തു.

രണ്ടാംവരവില്‍ ചിത്രം റെക്കോഡുകള്‍ ഭേദിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. മുന്‍കൂര്‍ ബുക്കിങില്‍ ചിത്രം ആദ്യ ദിനം 20,000 ല്‍ അധികം ടിക്കറ്റുകള്‍ വിറ്റഴിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബദാസ് രവി കുമാര്‍, ലവ്യാപ, ഇന്റര്‍സ്റ്റെല്ലാര്‍ (റീ-റിലീസ്) ചിത്രങ്ങളും വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തുന്നുണ്ട്.

ലവ്യാപ, ഇന്റര്‍സ്റ്റെല്ലാര്‍ ചിത്രങ്ങളെക്കാള്‍ കൂടുതല്‍ ബുക്കിങ്ങാണ് സനം തേരി കസം നേടുന്നതെന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. മിനിമം ടിക്കറ്റ് നിരക്ക് കണക്കാക്കിയാല്‍ പോലും ആദ്യദിന കലക്ഷന്‍ 2 കോടി കടക്കും. ഇത് ആദ്യ വരവിലെ ആദ്യ ദിവസത്തെ ഒരു കോടി രൂപയുടെ കലക്ഷനെ മറികടക്കുന്നതാണ്. കൂടാതെ, യേ ജവാനി ഹേ ദീവാനി റീ-റിലീസിന്റെ ആദ്യ ദിന കലക്ഷന്‍ 1.15 കോടിയെ ചിത്രം മറികടക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

Similar News