പുഷ്പ 3 സ്ഥിരീകരിച്ചു; റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മ്മാതാക്കള്‍; വലിയൊരു സര്‍പ്രൈസ് ഉണ്ടായേക്കാം

Update: 2025-03-17 07:13 GMT

ഹൈദരാബാദ്: അല്ലു അര്‍ജുനും രശ്മിക മന്ദാനയും മുഖ്യ കഥാപാത്രങ്ങളായെത്തിയ പുഷ്പ 2 ഇന്ത്യന്‍ സിനിമയിലെ തന്നെ വലിയൊരു വിജയമായിരുന്നു. ബോക്‌സോഫീസില്‍ 1800 കോടിയോളം ഗ്രോസ് നേടിയ ചിത്രമാണ് ഇത്. രൂപത്തിലും അഭിനയ ശൈലിയിലുമൊക്കെ ഒരുപാട് മാറ്റങ്ങളാണ് ചിത്രത്തിന് വേണ്ടി അല്ലു അര്‍ജന്‍ വരുത്തിയത്. മൈത്രി മൂവി മേക്കേര്‍സാണ് ചിത്രം നിര്‍മ്മിച്ചത്.

പുഷ്പ 2 ആരാധകര്‍ ഏറ്റെടുത്തതോടെ പുഷ്പ 3 ഉടന്‍ എത്തുമെന്ന് അണിയറക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എന്ന് ചിത്രം തിയറ്ററില്‍ എത്തുമെന്ന കാര്യം മാത്രം വ്യക്തമാക്കിയിരുന്നില്ല. ഇപ്പോള്‍ ആരാധകരുടെ ആ ചോദ്യത്തിനും മറുപടി നല്‍കിയിരിക്കുകയാണ് അണിയറക്കാര്‍. പുഷ്പ 3 പുറത്തിറങ്ങുമെന്ന് നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ അല്ലു അര്‍ജുന്റെ ആരാധകര്‍ക്ക് സന്തോഷിക്കാം!

റോബിന്‍ഹുഡ് എന്ന നിതിന്‍ ചിത്രത്തിന്റെ ഈവന്റില്‍ സംസാരിക്കവെ മൈത്രി മൂവിമേക്കേര്‍സ് പങ്കാളി വൈ രവിശങ്കര്‍ ആണ് പുഷ്പ 3 എന്ന് വരും എന്ന കാര്യത്തില്‍ വ്യക്തത വരുത്തിയത്. 2028ല്‍ ആയിരിക്കും സുകുമാര്‍ -അല്ലു അര്‍ജുന്‍ കൂട്ടുകെട്ടില്‍ പുഷ്പയുടെ മൂന്നാം ഭാഗം എത്തുക എന്നാണ് രവിശങ്കര്‍ അറിയിച്ചത്.

അല്ലു അര്‍ജുന്‍ അടുത്തതായി ചെയ്യാന്‍ പോകുന്ന ചിത്രം അറ്റ് ലിയുമായി ചേര്‍ന്നാണ്. അത് പൂര്‍ത്തിയാക്കി ത്രിവിക്രവുമായി ചേര്‍ന്നുള്ള ചിത്രം ചെയ്യും. തെലുങ്കിലെ ഹിറ്റ് ജോഡിയാണ് ത്രിവിക്രം - അല്ലു അര്‍ജുന്‍ ജോഡി. ഇവര്‍ ഒന്നിച്ച് എത്തിയ ജൂലൈ (2012), സണ്‍ ഓഫ് സത്യമൂര്‍ത്തി (2015), വൈകുണ്ഠപുരം (2019) എന്നിവ വലിയ ഹിറ്റുകളായിരുന്നു.

ഈ രണ്ട് ചിത്രങ്ങളും പൂര്‍ത്തിയാക്കുവാന്‍ ഏകദേശം രണ്ട് കൊല്ലം എടുക്കുമെന്നും അതിന് ശേഷം മാത്രം ആയിരിക്കും പുഷ്പ 3 ആലോചിക്കുകയുള്ളൂവെന്നുമാണ് വൈ രവിശങ്കര്‍ പറഞ്ഞത്. ഇപ്പോഴത്തെ അവസ്ഥയില്‍ 2028ല്‍ ചിത്രം പുറത്തിറക്കാന്‍ സാധിക്കും എന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.

ഈ തിരക്കേറിയ ഷെഡ്യൂളുകള്‍ക്കിടയിലും, പുഷ്പ: ദി റൈസ്, പുഷ്പ: ദി റൂള്‍ എന്നിവയ്ക്കിടയിലുള്ള കാത്തിരിപ്പ് അത്രയും നീണ്ടുനില്‍ക്കില്ലെന്ന് നിര്‍മ്മാതാക്കള്‍ ഉറപ്പ് നല്‍കുന്നു. അല്ലു അര്‍ജുന്‍ തന്റെ മുന്‍കാല പദ്ധതികള്‍ പൂര്‍ത്തിയാക്കുകയും സംവിധായകന്‍ തന്റെ പ്രോജക്റ്റ് പൂര്‍ത്തിയാക്കുകയും ചെയ്തുകഴിഞ്ഞാല്‍, പുഷ്പ 3 യുടെ ജോലികള്‍ ആരംഭിക്കും, 2028 ല്‍ റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കള്‍ ലക്ഷ്യമിടുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ പേര് പുഷ്പ 3- ദി റാംപേജ് എന്നാണ്.

അതേ സമയം സുകുമാര്‍ ബോളിവുഡില്‍ ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നു എന്ന തരത്തിത്തിലുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ബോളിവുഡിലെ ഒരു സൂപ്പര്‍താരം സുകുമാറിനെ സമീപിച്ചതായാണ് വിവരം. നിലവിവില്‍ സുകുമാര്‍ രാംചരണിനൊപ്പം ഒരു സിനിമയുടെ പണിപ്പുരയിലാണ്. അല്ലു അര്‍ജുന്‍ - അറ്റ് ലി ചിത്രം ഏപ്രില്‍ മാസത്തില്‍ അല്ലുവിന്റെ ജന്മദിനത്തിന് പ്രഖ്യാപിച്ചേക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

Similar News