കാന്താര ചാപ്റ്റര്‍ 1 ന്റെ പുതിയ പോസ്റ്റര്‍ പുറത്ത്; ബ്രഹ്‌മാണ്ഡ ചിത്രം ഒക്ടോബറില്‍
പുതിയ പോസ്റ്ററില്‍ പോരാളിയുടെ വേഷത്തിലുള്ള ഋഷഭ് ഷെട്ടിയെ കാണാം;
നടന്‍ ഋഷഭ് ഷെട്ടിയുടെ ജന്മദിനത്തില്‍ ആരാധകര്‍ക്ക് ആവേശമായി കാന്താര ചാപ്റ്റര്‍ 1 ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി അണിയറക്കാര്‍. നേരത്തെ പ്രഖ്യാപിച്ചിരുന്നത് പോലെ തന്നെ 2025 ഒക്ടോബര്‍ രണ്ടിന് തന്നെ ചിത്രം തിയറ്ററുകളിലെത്തുമെന്ന് നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് വ്യക്തമാക്കിയിട്ടുണ്ട്. ബ്ലോക് ബസ്റ്ററായി മാറിയ ആദ്യ ഭാഗത്തിന് ശേഷം രണ്ടാമത്തെ ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.
2022 ല്‍ പുറത്തിറങ്ങിയ കാന്താര ബോക്‌സ് ഓഫീസ് തകര്‍ത്ത് ഏറ്റവും വലിയ പാന്‍-ഇന്ത്യ ചിത്രങ്ങളിലൊന്നായി മാറിയിരുന്നു. പുതിയ പോസ്റ്ററില്‍ പോരാളിയുടെ വേഷത്തിലുള്ള ഋഷഭ് ഷെട്ടിയെ കാണാം. ഒരു കയ്യില്‍ മഴുവും മറു കയ്യില്‍ ഷീല്‍ഡുമായി യുദ്ധക്കളത്തിലെ പോരാളിയെ പോലയുള്ള ഋഷഭിനെയാണ് പോസ്റ്ററില്‍ കാണുന്നത്. വരാനിരിക്കുന്ന ബ്രഹ്‌മാണ്ഡ കാഴ്ചയുടെ സൂചന നല്‍കുന്നതാണ് പോസ്റ്റര്‍. 2022 ല്‍ പുറത്തിറങ്ങിയ കാന്താരയുടെ പ്രീക്വല്‍ ആയിട്ടാണ് കാന്താര ചാപ്റ്റര്‍ 1 ഒരുങ്ങുന്നത്. പുതിയ പോസ്റ്റര്‍ പുറത്തിറക്കിയതിനൊപ്പം ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായതായും അണിയറക്കാര്‍ പ്രഖ്യാപിച്ചു.
പുതിയ പോസ്റ്റര്‍ പ്രേക്ഷകരുടെ ആവേശം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്, ഇത് ഋഷഭ് ഷെട്ടിക്കും അദ്ദേഹത്തിന്റെ ആരാധകര്‍ക്കും അനുയോജ്യമായ ജന്മദിന സമ്മാനമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു കാന്താര. ഋഷഭ് ഷെട്ടി തന്നെ സംവിധാനം ചെയ്ത ചിത്രം കന്നഡയില്‍ വന്‍ വിജയമായതോടെ മറ്റ് ഭാഷകളിലേക്കും മൊഴിമാറ്റുകയായിരുന്നു. ചിത്രം കാണാന്‍ തിയേറ്ററുകളില്‍ വന്‍ ജനതിരക്കായിരുന്നു. പാന്‍ ഇന്ത്യന്‍ വിജയമായ ചിത്രം കേരളത്തിലും വലിയ കളക്ഷന്‍ നേടിയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് ഋഷഭ് ഷെട്ടിയെ തേടി മികച്ച നടനുള്ള ദേശീയ പുരസ്‌കാരവുമെത്തി.
വന്‍ ബജറ്റിലാണ് ചാപ്റ്റര്‍ 1 ഒരുങ്ങുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം സിനിമയുടെ ബജറ്റ് 150 കോടിയാണ്. ഹോംബാലെ തന്നെയാണ് പുതിയ സിനിമയും നിര്‍മിക്കുന്നത്. കാന്താരയിലേക്ക് എത്തുന്നതിന് മുമ്പുള്ള കഥയാകും ചാപ്റ്റര്‍ 1 പറയുക. ചിത്രത്തില്‍ ജയറാമും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ഗംഭീര ആക്ഷന്‍ ചിത്രമാകും കാന്താര ചാപ്റ്റര്‍ 1 എന്നാണ് കരുതപ്പെടുന്നത്.