നിവിന്‍ പോളിയും മമിത ബൈജുവും ഒന്നിക്കുന്ന പുതിയ ചിത്രം 'ബത് ലഹേം കുടുംബ യൂണിറ്റ്'; ചിത്രീകരണം സെപ്റ്റംബറില്‍
ഭാവന സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മിക്കുന്നത്;
നിവിന്‍ പോളിയും മമിത ബൈജുവും ഒന്നിക്കുന്ന പുതിയ ചിത്രം 'ബത് ലഹേം കുടുംബ യൂണിറ്റി'ന്റെ ചിത്രീകരണം സെപ്റ്റംബറില്‍ ആരംഭിക്കും. മലയാളത്തില്‍ ഏറെ ശ്രദ്ധ നേടിയ നിര്‍മ്മാണ കമ്പനികളില്‍ ഒന്നായ ഭാവന സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മിക്കുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജൂലൈ 4 ന് ആണ് ചിത്രത്തിന്റെ പേര് നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഭാവന സ്റ്റുഡിയോസിന്റെ ആറാമത്തെ ചിത്രമാണിത്. പ്രേമലു, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, ഐ ആം കാതലന്‍, സൂപ്പര്‍ ശരണ്യ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഗിരീഷ് എ ഡിയാണ് ഈ ചിത്രത്തിന്റേയും സംവിധായകന്‍. ഇത് ആദ്യമായാണ് ഗിരീഷ് എ ഡിയുടെ ചിത്രത്തില്‍ നിവിന്‍ പോളി അഭിനയിക്കുന്നത്.
'കുമ്പളങ്ങി നൈറ്റ്‌സ്' മുതല്‍ 'പ്രേമലു' വരെ ഭാവന സ്റ്റുഡിയോസ് നിര്‍മ്മിച്ച അഞ്ച് സിനിമകളും ഏറെ പ്രേക്ഷക - നിരൂപക പ്രശംസ നേടിയവയാണ്. ബത് ലഹേം കുടുംബ യൂണിറ്റെന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഗിരീഷ് എ ഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ്. റൊമാന്റിക് കോമഡി ജോണറിലാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുക.
നസ്ലെനും മമിത ബൈജുവും അഭിനയിച്ച പ്രേമലു 2024 ലെ ഏറ്റവും വലിയ മലയാള ഹിറ്റുകളില്‍ ഒന്നായി മാറിയിരുന്നു. ജിയോ സിനിമയിലും ആഹ തെലുങ്കിലും ഇപ്പോഴും സംപ്രേഷണം ചെയ്യുന്നു.
പ്രദീപ് രംഗനാഥനൊപ്പമുള്ള ഡ്യൂഡ്, ദളപതി വിജയ്ക്കൊപ്പം ജന നായകന്‍, വെങ്കി അറ്റ് ലൂരി സംവിധാനം ചെയ്യുന്ന സൂര്യ 46 എന്നിവയുള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ മമിത ബൈജു അഭിനയിക്കുന്നുണ്ട്.
നിവിന്‍ പോളിയും സിനിമയില്‍ സജീവമാണ്. അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന സര്‍വം മായയില്‍ അദ്ദേഹം ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നു. 2025 ക്രിസ്മസിന് ചിത്രം റിലീസ് ചെയ്യുമെന്ന് അഭ്യൂഹമുണ്ട്. ഡിയര്‍ സ്റ്റുഡന്റ്സ്, ബേബി ഗേള്‍ എന്നിവയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. നിലവില്‍, ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്‌സിലെ (എല്‍.സി.യു) 'ബെന്‍സ്' എന്ന ചിത്രത്തിനായി തയാറെടുക്കുകയാണ് നിവിന്‍ പോളി.
വിഷ്ണു വിജയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം, അജ് മല്‍ സാവിന്റേതാണ് ഛായാഗ്രഹണം, ആകാശ് ജോസഫ് വര്‍ഗ്ഗീസാണ് എഡിറ്റര്‍. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ നിലവില്‍ പുരോഗമിക്കുകയാണ്, ഭാവന റിലീസ് ആണ് വിതരണം. പിആര്‍ഒ: ആതിര ദില്‍ജിത്ത്.