നസ്‌ലെന്‍ നായകനാകുന്ന ചിത്രം 'മോളിവുഡ് ടൈംസിന്റെ' പൂജ ചടങ്ങുകള്‍ പൂര്‍ത്തിയായി; ചിത്രീകരണം ഓഗസ്റ്റില്‍

മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്‌സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്;

Update: 2025-07-14 09:32 GMT

നസ്‌ലെന്‍ നായകനാകുന്ന ചിത്രം 'മോളിവുഡ് ടൈംസിന്റെ' പൂജ ചടങ്ങുകള്‍ പൂര്‍ത്തിയായി. എറണാകുളം അഞ്ചുമന ക്ഷേത്രത്തില്‍ വച്ചാണ് പൂജാ ചടങ്ങുകള്‍ നടന്നത്. നസ്‌ലെന്‍, ഫഹദ് ഫാസില്‍, ആഷിക് ഉസ്മാന്‍, ബിനു പപ്പു, അല്‍ത്താഫ് സലിം, സംവിധായകരായ തരുണ്‍ മൂര്‍ത്തി, അരുണ്‍ ടി ജോസ്, അജയ് വാസുദേവ്, ജി മാര്‍ത്താണ്ഡന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രം ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ ആണ് നിര്‍മ്മിക്കുന്നത്. മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്‌സ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റില്‍ ആരംഭിക്കുമെന്ന് ആഷിക് ഉസ്മാന്‍ അറിയിച്ചു.

'എ ഹേറ്റ് ലെറ്റര്‍ ടു സിനിമ' എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രം എത്തുന്നത്. രേഖാചിത്രം സിനിമയിലെ സഹ രചയിതാവ് രാമു സുനിലാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ക്യാമറ വിശ്വജിത്ത. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, തുടരും, നരിവേട്ട എന്നീ ചിത്രങ്ങളുടെ ഹാട്രിക് വിജയത്തിന് ശേഷം ജേക്‌സ് ബിജോയ് സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്.

തമിഴിലും മലയാളത്തിലും ഏറെ ശ്രദ്ധിക്കപ്പെടുന്ന എഡിറ്ററും റൈറ്ററും കൂടിയാണ് അഭിനവ് സുന്ദര്‍ നായക്. ഫഹദ് ഫാസില്‍ നായകനായി എത്തുന്ന ഓണ ചിത്രം ഓടും കുതിര ചാടും കുതിര ആണ് വരാനിരിക്കുന്ന ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ചിത്രം. മലയാളത്തിലെ മികച്ച സംവിധായകന്‍, നായകന്‍, നിര്‍മ്മാതാവ്, ബാനര്‍ എന്നീ നിലകളിലെല്ലാം വമ്പന്‍ ക്രൂ അണിനിരക്കുന്ന മോളിവുഡ് ടൈംസിന്റെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടും.

Similar News