മോഹന്‍ലാല്‍ ചിത്രം 'വൃഷഭ'ത്തിന്റെ ടീസര്‍ സെപ്റ്റംബര്‍ 18 ന്; അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്ത്

ത്രിശൂലവും പരിചയും ധരിച്ച് യോദ്ധാവിന്റെ വേഷപ്പകര്‍ച്ചയിലുള്ള മോഹന്‍ലാലിനെ പോസ്റ്ററില്‍ കാണാം;

Update: 2025-09-16 10:19 GMT

തുടരെ തുടരെ ഹിറ്റുകള്‍ സമ്മാനിച്ച നടന്‍ മോഹന്‍ലാലിന്റെ പുതിയ ചിത്രം 'വൃഷഭ'ത്തിന്റെ ആദ്യ ടീസര്‍ സെപ്റ്റംബര്‍ 18 ന് പുറത്തിറങ്ങും. ഇതിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്തുവിട്ടു. മോഹന്‍ലാലാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. 'L2: എമ്പുരാന്‍', 'തുടരും', 'ഹൃദയപൂര്‍വ്വം' എന്നീ ഹിറ്റുകള്‍ക്ക് ശേഷം മോഹന്‍ലാലിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം വൃഷഭത്തെ വരവേല്‍ക്കാനിരിക്കുകയാണ് ആരാധകര്‍. മറ്റ് ചിത്രങ്ങളെ പോലെ തന്നെ ഈ ചിത്രവും ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഇത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

'യുദ്ധങ്ങള്‍, വികാരങ്ങള്‍, ഗര്‍ജ്ജനം. 'വൃഷഭ'യുടെ ടീസര്‍ സെപ്റ്റംബര്‍ 18 ന് (Sic) പുറത്തിറങ്ങുന്നു' എന്നാണ് അനൗണ്‍സ്‌മെന്റ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. ത്രിശൂലവും പരിചയും ധരിച്ച് യോദ്ധാവിന്റെ വേഷപ്പകര്‍ച്ചയിലുള്ള മോഹന്‍ലാലിനെ പോസ്റ്ററില്‍ കാണാം. ഇതൊരു ഇതിഹാസ കഥ പറയുന്ന ചിത്രമാകാം എന്നാണ് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്.

എപിക് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതാണ് ടീസര്‍ റിലീസ് സംബന്ധിച്ച അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍. ഈ വര്‍ഷം ആദ്യം, നടന്റെ ജന്മദിനത്തില്‍, അണിയറക്കാര്‍ ചിത്രത്തിലെ മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയിരുന്നു. 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം', 'മലൈക്കോട്ടൈ വാലിബന്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം, സമീപ വര്‍ഷങ്ങളില്‍ പീരിയഡ് ആക്ഷന്‍ വിഭാഗത്തിലേക്കുള്ള മോഹന്‍ലാലിന്റെ മൂന്നാമത്തെ ചുവടുവയ്പ്പാണ് 'വൃഷഭ'. രണ്ടും വലിയ പ്രതീക്ഷകളോടെ എത്തിയെങ്കിലും ബോക്‌സ് ഓഫീസില്‍ മോശം പ്രകടനമാണ് കാഴ്ചവച്ചത്. എന്നാല്‍ വൃഷഭ ഇവയില്‍ നിന്നും വ്യത്യസ്തമായി പ്രേക്ഷകര്‍ സ്വീകരിക്കുന്ന ചിത്രമായിരിക്കും എന്നാണ് അണിയറക്കാര്‍ അവകാശപ്പെടുന്നത്.

മലയാളത്തിലും തെലുങ്കിലും ഒരേസമയം ചിത്രീകരിക്കുന്ന ചിത്രം, പാന്‍-ഇന്ത്യന്‍ ആകര്‍ഷണം ലക്ഷ്യമിട്ട് ഹിന്ദിയിലും കന്നഡയിലും റിലീസ് ചെയ്യും. ചിത്രത്തില്‍ വലിയ തോതിലുള്ള യുദ്ധരംഗങ്ങളും ഒന്നിലധികം തലമുറകളിലായി വ്യാപിച്ചുകിടക്കുന്ന അച്ഛന്‍-മകന്‍ ബന്ധത്തിന്റെ വൈകാരിക ചലനാത്മകതയില്‍ വേരൂന്നിയ കഥാസന്ദര്‍ഭവും അവതരിപ്പിക്കും.

ബാലാജി മോഷന്‍ പിക്‌ചേഴ്‌സ്, കണക്റ്റ് മീഡിയ, എവിഎസ് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ശോഭ കപൂര്‍, ഏക്താ കപൂര്‍, സി കെ പദ്മകുമാര്‍, വരുണ്‍ മാത്തൂര്‍, സൗരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. തെലുങ്ക്, മലയാളം ഭാഷകളിലായാണ് ചിത്രീകരിച്ചിരിക്കുന്നതെങ്കിലും അഞ്ച് ഭാഷാ പതിപ്പുകളിലായി പാന്‍ ഇന്ത്യന്‍ റിലീസ് ആയാവും ചിത്രം എത്തുക. ദേവിശ്രീ പ്രസാദിന്റേതാണ് സംഗീതം. സാം സി.എസിന്റെ സംഗീതവും അക്കാദമി അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടിയുടെ ശബ്ദ രൂപകല്‍പ്പനയും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു.

സമര്‍ജിത് ലങ്കേഷ്, സിദ്ദീഖ്, ഷനയ കപൂര്‍, സെഹ്‌റ എസ് ഖാന്‍, ശ്രീകാന്ത്, രാഗിണി ദ്വിവേദി, രാമചന്ദ്ര രാജു, നേഹ സക്‌സേന, മഹേന്ദ്ര രജ്പുത്, സി എച്ച് ചന്ദ്രകാന്ത് തുടങ്ങിയവരാണ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആന്റണി സാംസണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ദീപാവലി റിലീസ് ആയി ഒക്ടോബര്‍ 16 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ എന്ന പാന്‍ ഇന്ത്യന്‍ ചിത്രവും മോഹന്‍ലാലിന്റേതായി ഈ വര്‍ഷം തിയറ്ററുകളില്‍ എത്തിയിരുന്നു. എന്നാല്‍ അതില്‍ അതിഥിവേഷത്തിലായിരുന്നു മോഹന്‍ലാല്‍.

വമ്പന്‍ കാന്‍വാസ്, താരനിര എന്നിവ കൊണ്ട് വലിയ ശ്രദ്ധ നേടുന്ന ഈ ചിത്രം ആക്ഷന്‍, വൈകാരികത, ഭാരതീയ പുരാണ കഥ എന്നിവയുടെ സവിശേഷമായ സംയോജനത്തോടെ പ്രേക്ഷകരെ നാടകീയമായ സംഭവവികാസങ്ങളുടേയും വിസ്മയകരമായ ദൃശ്യങ്ങളുടെയും ലോകത്തേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. മോഹന്‍ലാലിനൊപ്പം ഒട്ടേറെ മികച്ച അഭിനേതാക്കളും അണിനിരക്കുന്ന ചിത്രം മികച്ച ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും ഗംഭീര ഛായാഗ്രഹണം കൊണ്ടും സാങ്കേതികമായി പ്രേക്ഷകര്‍ക്ക് അതിശയകരമായ കാഴ്ച വാഗ്ദാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്.

അതേസമയം, സത്യന്‍ അന്തിക്കാടിന്റെ 'ഹൃദയപൂര്‍വം' എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ അവസാനമായി അഭിനയിച്ചത്, അതില്‍ മാളവിക മോഹനന്‍, സംഗീത മാധവന്‍ നായര്‍, സംഗീത് പ്രതാപ്, സിദ്ദീഖ്, സബിത ആനന്ദ്, ബാബുരാജ്, നിഷാന്‍, ലാലു അലക്‌സ് എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു.

Similar News