CONROVERSY | എമ്പുരാന്‍ സിനിമ രാഷ്ട്രീയ വിവാദമായിരിക്കെ ചിത്രത്തിന്റെ സെന്‍സര്‍ വിവരങ്ങള്‍ പുറത്ത്; വെട്ടിമാറ്റിയത് 10 സെക്കന്റ് മാത്രം
തിരുവനന്തപുരം: എമ്പുരാന്‍ സിനിമ തിയേറ്ററുകളില്‍ വിജയകരമായി മുന്നേറി കൊണ്ടിരിക്കെ രാഷ്ട്രീയ വിവാദവും ഉടലെടുത്തു. ബിജെപിയാണ് സിനിമയ്‌ക്കെതിരെ വിവാദവുമായി രംഗത്തെത്തിയത്. അതിനിടെയാണ് ചിത്രത്തിന്റെ സെന്‍സര്‍ വിവരങ്ങള്‍ പുറത്തുവന്നത്. ഇതുപ്രകാരം സിനിമയ്ക്ക് രണ്ടു കട്ടുകള്‍ മാത്രമാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്സി) നിര്‍ദേശിച്ചത്.
സ്ത്രീകള്‍ക്ക് എതിരായ അക്രമ ദൃശ്യത്തിന്റെ ദൈര്‍ഘ്യം ആറു സെക്കന്‍ഡ് കുറച്ചു. ദേശീയപതാകയെക്കുറിച്ചു പരാമര്‍ശിക്കുന്ന നാല് സെക്കന്‍ഡ് വെട്ടിമാറ്റിയെങ്കിലും പകരം നാല് സെക്കന്‍ഡ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 179 മിനിറ്റ് 52 സെക്കന്‍ഡാണ് സിനിമയുടെ ആകെ ദൈര്‍ഘ്യം. 16 പ്ലസ് കാറ്റഗറിയിലാണ് സി.ബി.എഫ്.സി എമ്പുരാന്‍ സിനിമ സെന്‍സര്‍ ചെയ്തിരിക്കുന്നത്.
എമ്പുരാന്‍ സിനിമയുടെ സെന്‍സറിങ്ങില്‍ വീഴ്ച പറ്റിയതായി ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലാണ് വിമര്‍ശനമുയര്‍ന്നത്. സിനിമയിലെ ചില പരാമര്‍ശങ്ങള്‍ മാറ്റാന്‍ നോമിനേറ്റ് ചെയ്ത സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ ശ്രദ്ധിക്കണമെന്നായിരുന്നു ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലെ പ്രധാന വിമര്‍ശനം. ആര്‍.എസ്.എസ് നേതാക്കളും എമ്പുരാനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. ചിത്രത്തിനെതിരെ പരസ്യ പ്രചാരണം വേണ്ടെന്നായിരുന്നു നേതൃത്വത്തിന്റെ നിര്‍ദേശം.
എന്നാല്‍ ഇതിവൃത്തത്തില്‍ പൂര്‍ണമായ മാറ്റം നിര്‍ദേശിക്കാന്‍ ആകില്ലെന്നാണ് മറു വാദം ഉയര്‍ന്നത്. അതേസമയം, സിനിമയുടെ സെന്‍സറുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് നോമിനുകളുടെ ഇടപെടല്‍ പരിശോധിക്കണമെന്നുള്ള ആവശ്യവും ശക്തമാണ്.
എമ്പുരാന്‍ സിനിമയ്ക്ക് അനുകൂലമായി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെയും സിനിമയെ സിനിമയായി കാണാന്‍ കഴിയണമെന്ന് പ്രതികരിച്ച എം.ടി.രമേശിനെയും സമൂഹമാധ്യമങ്ങളില്‍ സംഘപരിവാര്‍ ഗ്രൂപ്പുകള്‍ വിമര്‍ശിച്ചു.
സിനിമയ്ക്കെതിരെ പ്രചാരണമില്ലെന്നും നടക്കുന്നത് വ്യക്തിപരമായ അഭിപ്രായ പ്രകടനമാണെന്നുമുള്ള ബിജെപി കോര്‍കമ്മിറ്റിയുടെ നിലപാട് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതിന് പിന്നാലെയും ആര്‍.എസ്.എസിന്റെ ദക്ഷിണേന്ത്യാ വിശേഷാല്‍ സമ്പര്‍ക്ക പ്രമുഖ് എ. ജയകുമാര്‍ സിനിമയ്ക്കെതിരെ സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടിരുന്നു.