ത്രില്ലും സസ്‌പെന്‍സും നിറച്ച് ആസിഫ് അലിയും അപര്‍ണ ബാലമുരളിയും ഒന്നിക്കുന്ന ജീത്തു ജോസഫ് ചിത്രം 'മിറാഷ്' ട്രെയിലര്‍ പുറത്ത്
സെപ്റ്റംബര്‍ പത്തൊമ്പതിന് 'മിറാഷ് ' പ്രദര്‍ശനത്തിനെത്തുന്നു;
ആസിഫ് അലിയും അപര്‍ണ ബാലമുരളിയും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സസ്പെന്‍സ് ത്രില്ലര്‍ ചിത്രം മിറാഷിന്റെ ട്രെയിലര്‍ പുറത്തിറക്കി. വെള്ളിയാഴ്ച സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ആണ് ഒരു മിനിറ്റ് മുപ്പത്തിയെട്ട് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ പുറത്തുവിട്ടത്. കാണാതായ ഒരാളെ കുറിച്ച് അന്വേഷണം നടത്തുന്ന ഓണ്‍ലൈന്‍ ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടറുടെ വേഷത്തിലാണ് ആസിഫ് അലിയും അപര്‍ണയും എത്തുന്നത്.
'മിറാഷ്' ഒരു ബോളിവുഡ് ചിത്രമായാണ് ആദ്യം സങ്കല്‍പ്പിച്ചിരുന്നത്. എന്നാല്‍ അനുയോജ്യമായ പുരുഷ കഥാപാത്രത്തെ കണ്ടെത്താനാകാതിരുന്നാല്‍ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നുവെന്ന് സംവിധായകന്‍ ജീത്തു ജോസഫ് അടുത്തിടെ ബരദ്വാജ് രംഗന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. വ്യത്യസ്തമായ കാര്യങ്ങള്‍ പരീക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരാള്‍ എന്നനിലയില്‍ ആസിഫ് അലി ഈ വെല്ലുവിളി സ്വീകരിക്കുമെന്ന് അറിയാമായിരുന്നു. സിനിമയിലെ വേഷത്തെ കുറിച്ച് സംസാരിച്ചപ്പോള്‍ അദ്ദേഹം പെട്ടെന്ന് തന്നെ സമ്മതിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഒടുവില്‍ ഞാന്‍ മലയാളത്തില്‍ ചിത്രം എടുക്കുകയായിരുന്നു എന്നുമാണ് ജീത്തുജോസഫ് പറഞ്ഞത്. സെപ്റ്റംബര്‍ പത്തൊമ്പതിന് 'മിറാഷ് ' പ്രദര്‍ശനത്തിനെത്തുന്നു.
മികച്ച പ്രേക്ഷക - നിരൂപക പ്രശംസ നേടിയ 'കിഷ്‌കിന്ധാ കാണ്ഡ'ത്തിന് ശേഷം ആസിഫ് അലിയും അപര്‍ണ ബാലമുരളിയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ടീസര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നത് ശ്രദ്ധ നേടിയിരുന്നു. ഇമോഷണല്‍ രംഗങ്ങളിലൂടേയും ത്രില്ലടിപ്പിക്കുന്ന നിമിഷങ്ങളിലൂടേയും നീങ്ങുന്ന ചിത്രമെന്ന് അടിവരയിടുന്നതായിരുന്നു ടീസര്‍. ഇപ്പോഴിതാ ഏറെ ദുരൂഹമായതും ഉദ്വേഗം നിറയ്ക്കുന്നതുമായ രംഗങ്ങളിലൂടെയാണ് ചിത്രം നീങ്ങുന്നതെന്ന സൂചന നല്‍കിയിരിക്കുക്കയാണ് ട്രെയിലര്‍. ഒട്ടേറെ ആക്ഷന്‍ രംഗങ്ങളും ചിത്രത്തിലുണ്ടെന്നും ട്രെയിലറില്‍ നിന്ന് മനസ്സിലാക്കാനാകുന്നുണ്ട്.
ദൃശ്യം സീരീസ് ഉള്‍പ്പെടെയുള്ള സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകന്‍ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഡിജിറ്റല്‍ ഇല്യൂഷന്‍ വീഡിയോ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. അതിനു പിന്നാലെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്കും സെക്കന്‍ഡ് ലുക്ക് പോസ്റ്ററും ഏവരും ഏറ്റെടുത്തിരുന്നു.
ഇ4 എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിക്കുന്ന മിറാഷില്‍ ഹന്ന റെജി കോശി, സമ്പത്ത് രാജ്, ദീപക് പറമ്പോല്‍ എന്നിവരും അഭിനയിക്കുന്നു. മുന്‍ ചിത്രങ്ങളിലെ തന്റെ സാങ്കേതിക സംഘത്തിലെ ഭൂരിഭാഗവും ജീത്തു ജോസഫ് ഈ ചിത്രത്തിലും നിലനിര്‍ത്തിയിട്ടുണ്ട്, സതീഷ് കുറുപ്പ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം: വിഷ്ണു ശ്യാം. അപര്‍ണ ആര്‍. താരകാടിന്റെ കഥയെ അടിസ്ഥാനമാക്കി, ജീത്തുവും ശ്രീനിവാസന്‍ അബ്രോളും ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും ജീത്തുവും ശ്രീനിവാസന്‍ അബ്രോളും ചേര്‍ന്നാണ് എഴുതിയിരിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കത്രീന ജീത്തു, കണ്‍ട്രോളര്‍: പ്രണവ് മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: പ്രശാന്ത് മാധവ്, കോസ്റ്റ്യൂം ഡിസൈനര്‍: ലിന്റ ജീത്തു, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, സ്റ്റില്‍സ്: നന്ദു ഗോപാലകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സുധീഷ് രാമചന്ദ്രന്‍, വിഎഫ്എക്‌സ് :ടോണി മാഗ്മിത്ത്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ഹസ്മീര്‍ നേമം, രോഹിത് കിഷോര്‍, പ്രൊഡക്ഷന്‍ മാനേജര്‍: അനീഷ് ചന്ദ്രന്‍, പോസ്റ്റര്‍ ഡിസൈന്‍: യെല്ലോ ടൂത്ത്‌സ്.
ബിജു മേനോനും ജോജു ജോര്‍ജും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന 'വലത്തു വശത്തെ കള്ളന്‍' എന്ന മറ്റൊരു ചിത്രവും ജീത്തു ജോസഫിന്റേതായുണ്ട്. ചിത്രം റിലീസിന് ഒരുങ്ങുകയാണ്. അതേസമയം, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം 3 യുടെ ഷൂട്ടിംഗ് അടുത്ത മാസം തൊടുപുഴയില്‍ ആരംഭിക്കും.