മമ്മൂട്ടിയുടെ കളങ്കാവല്‍ പോസ്റ്റര്‍ പുറത്ത്: എന്താണ് 'കളങ്കാവല്‍'?

Update: 2025-02-17 05:39 GMT

അഭിനയത്തിന്റെ പൂര്‍ണതയില്‍ മലയാളിയെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രമായ കളങ്കാവലിന്റെ പോസ്റ്റര്‍ പുറത്ത്. ക്രൈംതില്ലര്‍ പ്രമേയത്തിലെത്തുന്ന ചിത്രത്തില്‍ മമ്മൂട്ടി വില്ലന്‍ വേഷത്തിലാണെന്നാണ് സൂചന. ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിനായകനും പ്രധാനവേഷത്തിലെത്തുന്നുണ്ട്. വന്‍താരനിരതന്നെ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മമ്മൂട്ടി കമ്പനിയാണ് കളങ്കാവലിന്റെ നിര്‍മാണം.

നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍, റോഷാക്ക്, കണ്ണൂര്‍ സ്‌ക്വാഡ്, ടര്‍ബോ, ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന? ഏഴാമത്തെ ചിത്രമാണ് കളങ്കാവല്‍. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ. ജോസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്

സോഷ്യല്‍ മീഡിയയില്‍ കളങ്കാവല്‍ എന്ന വാക്കിനെ കുറിച്ചാണ് ചര്‍ച്ച മുഴുവനും. തിരുവനന്തപുരം ഭാഗങ്ങളില്‍ രൗദ്ര ഭാവമുള്ള പ്രതിഷ്ഠ ആരാധിക്കപ്പെടുന്ന ദേവി ക്ഷേത്രങ്ങളിലെ ഉത്സവ ചടങ്ങുകളില്‍ ഒന്നാണ് കളങ്കാവല്‍. തെക്കന്‍ തിരുവിതാംകൂറിലെ അമ്പലങ്ങളിലാണ് ഈ ചടങ്ങ് പ്രധാനമായും ആചരിക്കപ്പെടുന്നത്. തിരുവനന്തപുരം വെള്ളായണി ക്ഷേത്രത്തിലെ കാളിയൂട്ട് ഉത്സവവുമായി ബന്ധപ്പെട്ട് കളങ്കാവല്‍ നടക്കാറുണ്ട്. വെള്ളായണി ക്ഷേത്രത്തില്‍ മാത്രമല്ല പാച്ചല്ലൂര്‍, ആറ്റുകാല്‍ എന്നീ ക്ഷേത്രങ്ങളില്‍ കളങ്കാവല്‍ ചടങ്ങ് ആചരിക്കുന്നുണ്ട്. കളത്തില്‍ ദേവി അസുരനെ നിഗ്രഹിക്കുന്നതിന്റെ പ്രതീകാത്മക ചടങ്ങാണിത്. കളങ്കാവല്‍ സമയത്ത് വാത്തി തിരുമുടി തലയിലേന്തി ദാരികനെ തിരയും. ചിരിച്ചും ആക്രോശിച്ചും ഭക്തര്‍ക്കിടയിലേക്ക് തങ്കതിരുമുടിയുമായി എത്തുന്ന ദേവി അദ്ഭുതക്കാഴ്ചയാണ്.

Similar News