പ്രദര്‍ശനത്തിനെത്താനിരിക്കെ മമ്മൂട്ടി നായകനാകുന്ന 'ബസൂക്ക'യിലെ 6 പ്രധാന മാറ്റങ്ങള്‍ പുറത്തുവിട്ട് അണിയറക്കാര്‍
ഏപ്രില്‍ 7 രാത്രി 10 മണിവരെയുള്ള അഡ്വാന്‍സ് ബുക്കിംഗ് കണക്കുകള്‍ പ്രകാരം കേരളത്തില്‍ ആദ്യദിവസം തന്നെ 43 ലക്ഷത്തിന്റെ ടിക്കറ്റുകള്‍ വിറ്റുപോയി.;
കൊച്ചി: പ്രദര്‍ശനത്തിനെത്താനിരിക്കെ മമ്മൂട്ടി നായകനാകുന്ന 'ബസൂക്ക'യിലെ 6 പ്രധാന മാറ്റങ്ങള്‍ പുറത്തുവിട്ട് അണിയറക്കാര്‍. ഏപ്രില്‍ 10നാണ് ചിത്രം തിയറ്ററില്‍ എത്തുന്നത്. അതിനിടെയാണ് ചിത്രത്തിന്റെ സെന്‍സറിംഗ് വിവരങ്ങള്‍ പുറത്തുവന്നത്. ഡീനോ ഡെന്നീസ് സംവിധാനവും തിരക്കഥയും ഒരുക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഇതിനകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.
സെന്‍സറിംഗില്‍ ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തില്‍ ആറുഭാഗങ്ങളിലാണ് സെന്‍സര്‍ ബോര്‍ഡ് മാറ്റം നിര്‍ദേശിച്ചതെന്നാണ് സെന്‍സര്‍ ഡീറ്റെയില്‍സില്‍ നിന്നും വ്യക്തമാക്കുന്നത്. അതില്‍ എല്‍.എസ്.ഡി എന്ന വാക്ക് റീപ്ലേസ് ചെയ്യണം എന്നും, ഒപ്പം ചില ചീത്ത വിളികള്‍ മ്യൂട്ട് ചെയ്യണമെന്നും നിര്‍ദേശമുണ്ട്. ചിത്രത്തിന്റെ മൊത്തം ദൈര്‍ഘ്യം 154.27 മിനുട്ടാണ്.
മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോന്‍ നിര്‍ണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് ഭരതന്‍, ബാബു ആന്റണി ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, ഡീന്‍ ഡെന്നിസ്, സുമിത് നേവല്‍, ദിവ്യാ പിള്ള, സ്ഫടികം ജോര്‍ജ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
ഇന്നലെ മുതല്‍ ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗും ആരംഭിച്ചു. ഏപ്രില്‍ 7 രാത്രി 10 മണിവരെയുള്ള കണക്കുകള്‍ പ്രകാരം കേരളത്തില്‍ ആദ്യദിവസം 43 ലക്ഷത്തിന്റെ ടിക്കറ്റുകളാണ് വിറ്റുപോയത്. ഇന്ത്യയിലെ മറ്റുഭാഗങ്ങളില്‍ 1 ലക്ഷത്തിന്റെ ടിക്കറ്റുകളും വിറ്റുപോയിട്ടുണ്ട്. വിദേശ കണക്കുകളും ചേര്‍ത്ത് ചില ഫാന്‍സ് പേജുകള്‍ 1 കോടിക്ക് അടുത്ത് പ്രീ സെയില്‍ എന്ന കണക്കുകളും പറയുന്നുണ്ട്.
നേരത്തെ ട്രാക്കര്‍മാരായ ഫോറം കേരളത്തിന്റെ കണക്ക് പ്രകാരം ബുക്കിംഗ് ആരംഭിച്ച് ആദ്യ എട്ടു മണിക്കൂറില്‍ ചിത്രം കേരളത്തില്‍ നിന്ന് 26.50 ലക്ഷം രൂപ നേടിയെന്നാണ്. 460 ഷോകള്‍ ട്രാക്ക് ചെയ്തതില്‍ നിന്നുള്ള കണക്കാണ് ഇത്. ഇത്രയും ഷോകളില്‍ നിന്ന് വിറ്റ ടിക്കറ്റുകളുടെ എണ്ണം 16,742 ആണ്. വൈകിട്ട് 6.30 വരെയുള്ള ബുക്കിംഗ് കണക്കുകളാണ് ഇത്.
റിലീസിന് രണ്ട് ദിവസം കൂടി ശേഷിക്കുന്നതിനാല്‍ അഡ്വാന്‍സ് ബുക്കിംഗ് ഇനിയും കൂടാന്‍ സാധ്യതയുണ്ട്. ആദ്യ ദിന പ്രതികരണങ്ങള്‍ പോസിറ്റീവ് ആകുന്നപക്ഷം ബോക്‌സ് ഓഫീസില്‍ വലിയ സാധ്യതയാണ് മമ്മൂട്ടി ചിത്രത്തിന് മുന്നിലുള്ളത്.