മാമന്നന് ശേഷം ഫഹദ് ഫാസിലും വടിവേലുവും ഒന്നിക്കുന്ന ചിത്രം 'മാരീശന്‍' 25ന് തിയേറ്ററുകളിലേക്ക്

കോമഡിക്ക് പ്രാധാന്യമുള്ള ചിത്രമാണ് മാരീശന്‍ എന്ന് സംവിധായകന്‍;

Update: 2025-07-23 09:23 GMT

2023-ല്‍ പുറത്തിറങ്ങിയ മാമന്നന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനുശേഷം ഫഹദ് ഫാസിലും വടിവേലുവും വീണ്ടും ഒന്നിക്കുന്ന ചിത്രം മാരീശന്‍ ജൂലൈ 25ന് തിയേറ്ററുകളിലേക്ക്. മാമന്നന്‍ ഗൗരവമുള്ള ജാതിരാഷ്ട്രീയം പറഞ്ഞ പൊളിറ്റിക്കല്‍ ഡ്രാമ ആയിരുന്നെങ്കില്‍ മാരീശന്‍ കോമഡിക്ക് പ്രാധാന്യമുള്ള ഒരു റോഡ് മൂവി ആയിരിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. സുധീഷ് ശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ് ചിത്രം ആറുമനമേ, ദിലീപ് നായകനായ മലയാള ചിത്രം വില്ലാളി വീരന്‍ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് സുധീഷ് ശങ്കര്‍.

ചിത്രത്തിന്റെ ആദ്യ പകുതി ത്രില്ലര്‍ ആയിരിക്കുമെങ്കിലും രണ്ടാം പകുതി പ്രേക്ഷകരെ പൂര്‍ണ്ണമായും അത്ഭുതപ്പെടുത്തുമെന്ന് സംവിധായകന്‍ സുധീഷ് ശങ്കര്‍ പറയുന്നു. ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു വേഷത്തിലായിരിക്കും വടിവേലു പ്രത്യക്ഷപ്പെടുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതുപോലുള്ള ഒരു സിനിമയ്ക്കായി ഫഹദ് ഫാസിലിനെയും വടിവേലുവിനെയും ഒരുമിച്ച് കൊണ്ടുവരിക എന്ന ആശയം മാമന്നന്‍ കണ്ടതിനുശേഷമാണ് ഉണ്ടായതെന്നും സംവിധായകന്‍ വെളിപ്പെടുത്തി. ചിത്രത്തിന് മാരീശന്‍ എന്ന പേരിടാന്‍ രസകരമായ ഒരു കഥയുണ്ടെന്നും സംവിധായകന്‍ പറയുന്നു. മാരീശന്‍ എന്ന പേര് ഹിന്ദു ഇതിഹാസമായ രാമായണത്തില്‍ നിന്നുമാണ് എടുത്തത്. ലക്ഷ്മണരേഖ കടക്കാന്‍ സീതയെ പ്രലോഭിപ്പിച്ച രൂപമാറ്റം വരുത്തുന്ന രാക്ഷസനായിരുന്നു മാരീശന്‍. അതുപോലെ, ഈ സിനിമയില്‍, ഫഹദ് ഫാസില്‍ ചുറ്റുമുള്ളവരെ സ്വാധീനിക്കുകയും ആകര്‍ഷിക്കുകയും ചെയ്യുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ബി ചൗധരിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിരവധി ഹിറ്റുകള്‍ സിനിമാലോകത്തിന് സമ്മാനിച്ചിട്ടുള്ള സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ 98-ാം ചിത്രമാണ് മാരീശന്‍. കലൈസെല്‍വന്‍ ശിവജിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് ശ്രീജിത്ത് സാരംഗും സംഗീത സംവിധാനം യുവന്‍ ശങ്കര്‍ രാജയുമാണ്.

മാരി സെല്‍വരാജിന്റെ സംവിധാനത്തില്‍ റിലീസ് ചെയ്ത ചിത്രം ആയിരുന്നു മാമന്നന്‍. സാമ്പത്തിക വിജയവും നിരൂപക പ്രശംസയും നേടിയ ചിത്രം ഒടിടി റിലീസിന് ശേഷവും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. നായകനേക്കാളും ശ്ലാഘിക്കപ്പെട്ടത് ഫഹദ് അവതരിപ്പിച്ച പ്രതിനായക കഥാപാത്രമാണെന്നത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. പുഷ്പ 2 ആയിരുന്നു ഫഹദിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

Similar News