'കൃഷ്ണാഷ്ടമി: ദി ബുക്ക് ഓഫ് ഡ്രൈ ലീവ്‌സ്' സിനിമയുടെ ഓഡിയോ റിലീസ് ഞായറാഴ്ച
1958-ല്‍ പ്രസിദ്ധീകരിച്ച വൈലോപ്പിള്ളി ശ്രീധര മേനോന്റെ 'കടല്‍ക്കക്കകള്‍' എന്ന സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കവിതയാണ് 'കൃഷ്ണാഷ്ടമി';
'കൃഷ്ണാഷ്ടമി: ദി ബുക്ക് ഓഫ് ഡ്രൈ ലീവ്‌സ്' സിനിമയുടെ ഓഡിയോ റിലീസ് സെപ്റ്റംബര്‍ 21 ഞായറാഴ്ച വൈകുന്നേരം 4.30 ന് തൃശൂര്‍ റീജിയണല്‍ തിയേറ്ററില്‍ നടക്കും. 1958-ല്‍ പ്രസിദ്ധീകരിച്ച വൈലോപ്പിള്ളി ശ്രീധര മേനോന്റെ 'കടല്‍ക്കക്കകള്‍' എന്ന സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കവിതയാണ് 'കൃഷ്ണാഷ്ടമി'. അധികാര ദുര്‍വിനിയോഗത്തിന് ഇരയായ ജയിലില്‍ കഴിയുന്ന ഏതാനും നിരപരാധികളുടെ ജീവിതമാണ് കൃഷ്ണാഷ്ടമി പറയുന്നത്. 'കൃഷ്ണാഷ്ടമി: ദി ബുക്ക് ഓഫ് ഡ്രൈ ലീവ്‌സ്' എന്ന ചിത്രത്തില്‍ പുതിയ കാലത്തിനനുസരിച്ച് ചില മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും വരുത്തി ഒരു ദൃശ്യഭാഷ നല്‍കിയിരിക്കുന്നു.
അമ്പലക്കര ഗ്ലോബല്‍ ഫിലിംസിന്റെ ബാനറില്‍ അനില്‍ അമ്പലക്കര നിര്‍മ്മിച്ച് ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്ത 'കൃഷ്ണാഷ്ടമി: ദി ബുക്ക് ഓഫ് ഡ്രൈ ലീവ്‌സ്' വൈലോപ്പിള്ളി ശ്രീധര മേനോന്റെ കൃഷ്ണാഷ്ടമി എന്ന കവിതയുടെ ആധുനിക സിനിമാറ്റിക് വായനയാണ്. സൈന മ്യൂസിക് ആണ് ചിത്രം വിതരണം ചെയ്യുന്നത്.
ഔസേപ്പച്ചന്‍ സംഗീതം നല്‍കിയ ചിത്രത്തില്‍ ഏഴ് ഗാനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വൈലോപ്പിള്ളിയുടെ വരികള്‍ക്ക് പുറമേ, അഭിലാഷ് ബാബുവിന്റെ വരികളും ചിത്രത്തിലുണ്ട്. ഔസേപ്പച്ചന്‍, പി.എസ്. വിദ്യാധരന്‍, ജയരാജ് വാരിയര്‍, ഇന്ദുലേഖ വാരിയര്‍, സ്വര്‍ണ, അമല്‍ ആന്റണി, ചാര്‍ളി ബഹ്രിന്‍ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. സംവിധായകന്‍ ജിയോ ബേബി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ഉടന്‍ തന്നെ പ്രേക്ഷകരിലേക്ക് എത്തും.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- കാര്‍ത്തിക് ജോഗേഷ്, ഛായാഗ്രഹണം- ജിതിന്‍ മാത്യു, എഡിറ്റര്‍- അനു ജോര്‍ജ്, സൗണ്ട്- രബീഷ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- ദിലീപ് ദാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജയേഷ് എല്‍ആര്‍, പ്രോജക്ട് ഡിസൈനര്‍- ഷാജി എ ജോണ്‍, അസോസിയേറ്റ് ഡയറക്ടര്‍- അഭിജിത് ചിത്രകുമാര്‍, മേക്കപ്പ്- ബിനു സത്യന്‍, വസ്ത്രാലങ്കാരം- അനന്തപദ്മനാഭന്‍.