പോക്കിരി രാജക്ക് ശേഷം സംവിധായകന്‍ വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന 'ഖലീഫ' യുടെ ചിത്രീകരണം ആഗസ്ത് 6 ന്
പ്രഖ്യാപനം നടത്തി മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഖലീഫയുടെ ചിത്രീകരണം ആരംഭിക്കുന്നത്;
15 വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകന്‍ വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന 'ഖലീഫ'യുടെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും. മമ്മൂട്ടി പടം പോക്കിരി രാജ ആയിരുന്നു മുന്‍പ് വൈശാഖും പൃഥ്വിരാജും ഒന്നിച്ച ചിത്രം. പ്രഖ്യാപനം നടത്തി മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഖലീഫയുടെ ചിത്രീകരണം ആരംഭിക്കുന്നത്. വൈശാഖ് തന്നെയാണ് ഖലീഫയുടെ പൂജ കഴിഞ്ഞ വിവരം അറിയിച്ചിരിക്കുന്നത്. ജൂലൈ 16 ന് ആണ് പൂജ കഴിഞ്ഞത്. ഓഗസ്റ്റ് 6ന് ആദ്യ ഷെഡ്യൂള്‍ ആരംഭിക്കും.
2022 ഒക്ടോബറില്‍ പൃഥ്വിരാജിന്റെ ജന്മദിനത്തിലാണ് ചിത്രം പ്രഖ്യാപിച്ചത്.സംവിധായകന്‍ വൈശാഖ് ആ വര്‍ഷം രണ്ട് സിനിമയാണ് റിലീസ് ചെയ്തത്. റോഷന്‍ മാത്യുവും അന്ന ബെനും ഒന്നിച്ച നൈറ്റ് ഡ്രൈവ്, മോഹന്‍ലാലിന്റെ മോണ്‍സ്റ്റര്‍ എന്നിവ. മമ്മൂട്ടിയുടെ ടര്‍ബോ ആയിരുന്നു അദ്ദേഹം സംവിധാനം ചെയ്ത അവസാന ചിത്രം.
ടര്‍ബോയ്ക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫയില്‍ ആക്ഷന്‍, റൊമാന്‍സ്, ഡ്രാമ, ത്രില്‍സ് എല്ലാം കോര്‍ത്തിണക്കിയിട്ടുണ്ട്. യുകെ, യുഎഇ (ദുബൈ), നേപ്പാള്‍, ഇന്ത്യ എന്നിങ്ങനെ നാല് രാജ്യങ്ങളിലാണ് ഷൂട്ടിംഗ്. ഈ നാല് രാജ്യങ്ങളിലാണ് സിനിമയുടെ കഥ നടക്കുന്നതെന്നും വൈശാഖ് പറഞ്ഞിരുന്നു.
2024ല്‍ ആണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് വെളിപ്പെടുത്തിയത്. 'ആമിര്‍ അലി' എന്നാണ് കഥാപാത്രത്തിന്റെ പേര്. 'പ്രതികാരം സ്വര്‍ണ്ണത്തില്‍ എഴുതപ്പെടും' എന്നാണ് ഖലീഫയുടെ ടാഗ് ലൈന്‍. ചിത്രം ഒരു ഹൈ വോള്‍ട്ടേജ് മാസ് എന്റര്‍ടെയ്നര്‍ ആയിരിക്കുമെന്ന് നേരത്തെ വൈശാഖ് ഉറപ്പ് നല്‍കിയിരുന്നു. വിവിധ ഭാഷകളിലായി നിരവധി പ്രോജക്ടുകളിലായി വലിയ തിരക്കിലാണ് പൃഥ്വിരാജ്.
പൃഥ്വിരാജ് നായകനായി അഭിനയിച്ച ആദം ജോണ്‍, കടുവ തുടങ്ങിയ ചിത്രങ്ങള്‍ രചിച്ച ജിനു എബ്രഹാമാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. പ്രധാനമായും യൂറോപ്പ് പശ്ചാത്തലമായൊരുക്കിയ ആദം ജോണിന്റെ സംവിധായകനും ജിനുവായിരുന്നു. ഖലീഫയുടെ സഹനിര്‍മ്മാതാവും ജിനുവാണ്. മറ്റ് വ്യവസായങ്ങളില്‍ നിന്നുള്ള അഭിനേതാക്കളും ഇതില്‍ ഉണ്ടാകും. മറ്റ് അഭിനേതാക്കളുടെ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ജിനു വി എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, സുരാജ് കുമാര്‍, സരിഗമ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ജേക്‌സ് ബിജോയ് ആണ് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്. ജോമോന്‍ ടി ജോണ്‍ ഛായാഗ്രാഹകനും, ഷാജി നടുവില്‍ കലാസംവിധാനവും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
പൃഥ്വിരാജ് തന്നെ സംവിധാനം ചെയ്ത എല്‍ 2 എമ്പുരാന്‍ എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. 2019 ലെ ഹിറ്റ് ചിത്രമായ ലൂസിഫറിന്റെ തുടര്‍ച്ചയായ എമ്പുരാനില്‍ മോഹന്‍ലാല്‍ ആണ് പ്രധാന വേഷത്തില്‍ എത്തിയത്. വിവാദങ്ങള്‍ക്കിടയിലും ചിത്രം ഒരു ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായിരുന്നു.
കജോള്‍, ഇബ്രാഹിം അലി ഖാന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ഹിന്ദി ചിത്രമായ സര്‍സമീന്റെ റിലീസിനായി ഒരുങ്ങുകയാണ് പൃഥ്വിരാജ്. കശ്മീരിന്റെ പ്രക്ഷുബ്ധമായ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ചിത്രം 2025 ജൂലൈ 25 ന് ജിയോഹോട്ട് സ്റ്റാറിലും ഒടിടിപ്ലേ പ്രീമിയത്തിലും റിലീസ് ചെയ്യും. പ്രശസ്ത തെലുങ്ക് ചലച്ചിത്ര നിര്‍മ്മാതാവ് എസ് എസ് രാജമൗലിയുടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട എസ്.എസ്.എം.ബി29 ലും പൃഥ്വിരാജ് അഭിനയിക്കുന്നുണ്ട്. മഹേഷ് ബാബുവും പ്രിയങ്ക ചോപ്ര ജോനാസും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.
പൃഥ്വിരാജിന്റെ വരാനിരിക്കുന്ന മറ്റൊരു മലയാള ചിത്രം നോബഡി ആണ്. നിസ്സാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പാര്‍വതി തിരുവോത്തും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.