കീര്‍ത്തി സുരേഷ് നായികയാകുന്ന പുതിയ ചിത്രം 'ഉപ്പു കപ്പുറമ്പു' നേരിട്ട് ഒടിടിയിലേക്ക്; റിലീസ് ജൂലൈ 4 ന്
തെലുങ്കില്‍ ചിത്രീകരിച്ച ചിത്രം തമിഴ്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിലും ഒടിടി പ്ലാറ്റ് ഫോമില്‍ ഡബ്ബ് ചെയ്യപ്പെടും;
കീര്‍ത്തി സുരേഷ് നായികയാകുന്ന പുതിയ ചിത്രം 'ഉപ്പു കപ്പുറമ്പു' ഒടിടിയിലേക്ക് നേരിട്ട് പ്രദര്‍ശനത്തിനെത്തുന്നു. ജൂലൈ നാലിന് ഇന്ത്യയിലും ലോകമെമ്പാടുമുള്ള 240 ലധികം രാജ്യങ്ങളിലും പ്രൈം വീഡിയോയില്‍ ചിത്രം സ്ട്രീം ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
കീര്‍ത്തിക്കൊപ്പം സുഹാസ്, ബാബു മോഹന്‍, ശത്രു, തല്ലൂരി രാമേശ്വരി എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. എല്ലാനാര്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ രാധിക ലാവു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ആദ്യം തെലുങ്കില്‍ ചിത്രീകരിച്ച ചിത്രം തമിഴ്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിലും ഒടിടി പ്ലാറ്റ് ഫോമില്‍ ഡബ്ബ് ചെയ്യപ്പെടും. അനി ഐ വി ശശി സംവിധാനം ചെയ്യുന്ന ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തുക. ഉപ്പു കപ്പുറമ്പുവിന്റെ ട്രെയിലര്‍ ജൂണ്‍ 19ന് പുറത്തുവിടുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.
'ഉപ്പു കപ്പുറംബു' എന്ന ചിത്രം ചിട്ടി ജയപുരം എന്ന സാങ്കല്‍പ്പിക ഗ്രാമത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ് പറയുന്നത്. സാമൂഹിക പ്രശ്നത്തെക്കുറിച്ച് പറയുന്ന ചിത്രത്തില്‍ ഒട്ടേറെ നര്‍മ്മ നിമിഷങ്ങളും, വിചിത്രങ്ങലായ സംഭവങ്ങളും കോര്‍ത്തിണക്കിയിട്ടുണ്ട് . 90 കളിലെ ഒരു ഗ്രാമീണ ജീവിതത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം സജ്ജീകരിച്ചിരിക്കുന്നതെന്ന് സംവിധായകന് ഐവി അനി പറഞ്ഞു.
കലീസ് സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ബേബി ജോണാണ് കീര്‍ത്തി സുരേഷ് നായികയായി ഒടുവില്‍ എത്തിയത്. വരുണ്‍ ധവാന് ആണ് ചിത്രത്തില്‍ ബേബി ജോണായി എത്തിയത്. കീര്‍ത്തി സുരേഷിന് പുറമേ വാമിഖ ഗബ്ബി, ജാക്കി ഷ്രോഫ്, സാക്കിര്‍ ഹുസൈന്, രാജ്പാല് യാദവ്, സാന്യ മല്‍ഹോത്ര എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. ദളപതി വിജയ് യുടെ വിജയ ചിത്രം ബോളിവുഡില്‍ അത്ര കണ്ട് ഓടിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബേബി ജോണ്‍ ആഗോളതലത്തില്‍ 61 കോടി ആണ് നേടിയത് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
കീര്‍ത്തി സുരേഷ് നായികയായി തമിഴില്‍ വന്നത് രഘുതാത്തയാണ്. സുമന് കുമാറാണ് രഘുതാത്തയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ഛായാഗ്രാഹണം യാമിനി യഗ്നമൂര്‍ത്തിയാണ്. കീര്‍ത്തി സുരേഷിനൊപ്പം രഘുതാത്ത സിനിമയില്‍ കഥാപാത്രങ്ങളായി എം എസ് ഭാസ്കറും ദേവദര്‍ശനിയും രവിന്ദ്ര വിജയ് യുമൊക്കെയുണ്ട്.
തെലുങ്കില്‍ മെഹ് ര്‍ രമേഷിന്റെ സംവിധാനത്തിലൊരുങ്ങിയ ഭോലാ ശങ്കര്‍ ആണ് ഒടുവില്‍ കീര്‍ത്തി സുരേഷിന്റേതായി പ്രദര്‍ശനത്തിന് എത്തിയത്. ചിരഞ്ജീവിയാണ് ഭോലാ ശങ്കറില്‍ നായകന്. ഭോലാ ശങ്കറില്‍ കീര്‍ത്തിക്ക് ചിരഞ്ജീവിയുടെ സഹോദരിയുടെ വേഷമായിരുന്നു. ചിത്രത്തിന്റെ നിര്‍മാണം എകെ എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ആയിരുന്നു.
ചിരഞ്ജീവിക്കും കീര്‍ത്തി സുരേഷിനും പുറമേ ചിത്രത്തില്‍ തമന്ന, സുശാന്ത്, തരുണ്‍ അറോര, സായജി, പി. രവി ശങ്കര്‍, വെന്നെല കിഷോര്‍, ഭ്രഹ്മജി, രഘു ബാബു, തുളസി, ശ്രീമുഖി, വേണു, ഹര്‍ഷ, സത്യ, സിത്താര എന്നിവരും വേഷമിട്ടിരുന്നു. ഡൂഡ്ലി ഛായാഗ്രാഹണം നിര്വഹിച്ചപ്പോള് മഹതി സ്വര സാഗറിന്റേതാണ് സംഗീതം.
തമിഴ്, തെലുങ്ക് സിനിമകളില്‍ അഭിനയ മികവ് തെളിയിച്ച താരമാണ് കീര്‍ത്തി സുരേഷ് . 2000 ത്തിന്റെ തുടക്കത്തില്‍ ബാലതാരമായിട്ടാണ് കീര്‍ത്തി തന്റെ കരിയര്‍ ആരംഭിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം, 'മഹാനടി' എന്ന ചിത്രത്തിലെ സാവിത്രിയുടെ വേഷത്തിന് ദേശീയ ചലച്ചിത്ര അവാര്‍ഡും രണ്ട് ഫിലിംഫെയര്‍ അവാര്‍ഡുകളും നേടി. 'ദസറ' എന്ന ചിത്രത്തിന് മറ്റൊരു ഫിലിംഫെയര്‍ അവാര്‍ഡ് കൂടി അവര്‍ നേടി. 'റിവോള്‍വര്‍ റീത്ത', 'കന്നിവേദി' എന്നീ ചിത്രങ്ങളാണ് താരത്തിന്റേതായി ഇനി പുറത്തുവരാനിരിക്കുന്നത്.