മോഹന്‍ലാല്‍ അടക്കമുള്ള സൂപ്പര്‍ സ്റ്റാറുകള്‍ അണിനിരന്ന കണ്ണപ്പ ഒടിടിയിലേക്ക്; ജൂലൈ 25 ന് റിലീസ് ചെയ്യും
ഇന്ത്യന്‍ പുരാണങ്ങളുടേയും ഐതിഹ്യങ്ങളുടേയും പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം മുകേഷ് കുമാര്‍ സിംഗ് ആണ് സംവിധാനം ചെയ്തത്;
മോഹന്‍ലാല്‍ അടക്കമുള്ള സൂപ്പര്‍ സ്റ്റാറുകള്‍ അണിനിരന്ന കണ്ണപ്പ ഒടിടിയിലേക്ക്. വിഷ്ണു മഞ്ചു കേന്ദ്രകഥാപാത്രത്തിലെത്തിയ ചിത്രത്തില്‍ മോഹന്‍ലാല്‍ കിരാത എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രമാണ് കണ്ണപ്പ. ശിവ ഭക്തന്റെ കഥയാണ് ചിത്രം പ്രമേയമാക്കിയിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ജൂണ്‍ 27 ന് ആണ് തിയേറ്ററുകളില്‍ എത്തിയത്.
നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ചിത്രം നല്ല അവലോകനങ്ങള്‍ നേടി. എന്നാല്‍ ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവച്ചില്ല. ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തിറങ്ങിയതാണ് കലക്ഷനില്‍ ഇടിവ് സംഭവിക്കാന്‍ കാരണമെന്ന ആരോപണവുമായി നേരത്തെ നടന്‍ വിഷ്ണു മഞ്ചു രംഗത്തെത്തിയിരുന്നു. റിലീസ് ചെയ്ത് പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷം, ചിത്രം ലോകമെമ്പാടും 46 കോടി നേടി. അതിനിടെയാണ് കണ്ണപ്പ ഒടിടി റിലീസിനൊരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്.
മാധ്യമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ജൂലൈ 25 ന് ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രം റിലീസ് ചെയ്യും. വാര്‍ത്ത ശരിയാണെങ്കില്‍ ഇതോടെ തിയേറ്ററുകളില്‍ ഒരു മാസം പൂര്‍ത്തിയാകുന്നതിന് മുമ്പുതന്നെ ഒടിടിയില്‍ റിലീസ് ചെയ്യുന്ന തെലുങ്ക് സിനിമകളുടെ പട്ടികയില്‍ കണ്ണപ്പയും ചേരും. എന്നിരുന്നാലും, നിര്‍മ്മാതാക്കള്‍ ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
മുകേഷ് കുമാര്‍ സിംഗ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മോഹന്‍ലാല്‍, അക്ഷയ് കുമാര്‍, പ്രഭാസ്, കാജല്‍ അഗര്‍വാള്‍ എന്നിവര്‍ അതിഥി വേഷങ്ങളില്‍ അഭിനയിച്ചു. മോഹന്‍ ബാബു, ശരത് കുമാര്‍, കാജല്‍ അഗര്‍വാള്‍, മധുബാല തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ പുരാണങ്ങളുടേയും ഐതിഹ്യങ്ങളുടേയും പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം എവിഎ എന്റര്‍ടെയ്ന്‍മെന്റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളില്‍ ഡോ. മോഹന്‍ ബാബു ആണ് നിര്‍മ്മിച്ചത്. മിത്തോളജിക്കല്‍ ഫാന്റസി സിനിമയായി എത്തിയിരിക്കുന്ന ചിത്രത്തെ പ്രായഭേദമെന്യേ എല്ലാവരും ഏറ്റെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.
അര്‍പ്പിത് രങ്ക, ബ്രഹ്‌മാനന്ദന്‍, ശിവ ബാലാജി, ബ്രഹ്‌മാജി, കൗശല്‍ മന്ദ, ദേവരാജ്, മുകേഷ് ഋഷി, രഘു ബാബു, പ്രെറ്റി മുകുന്ദന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് 'കണ്ണപ്പ'യ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്റണി ഗോണ്‍സാല്‍വസ്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രം റിലീസിനായി എത്തിയിരിക്കുന്നത്. ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശീര്‍വാദ് സിനിമാസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാരെന്ന പ്രത്യേകതയുമുണ്ട്.