ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന കാന്ത ഓഗസ്റ്റ് 1 ന് തിയറ്റുകളിലെത്തുമോ? ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റുകള്‍ പുറത്ത്

ചിത്രത്തിന്റെ ടീസര്‍, ട്രെയിലര്‍ എന്നിവ വൈകാതെ തന്നെ പുറത്ത് വിടും;

Update: 2025-06-17 10:16 GMT

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന പുതിയ ചിത്രം കാന്തയുടെ പുതിയ അപ്‌ഡേറ്റുകള്‍ പുറത്തുവിട്ട് ട്രേഡ് അനലിസ്റ്റുകള്‍. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കാന്തയുടെ റിലീസ് ഓഗസ്റ്റ് ഒന്നിനായിരിക്കും എന്നും ചിത്രത്തിന്റെ ഒടിടി റൈറ്റ് സ് നെറ്റ് ഫ് ളിക്‌സ് നേടി എന്നുമാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രത്തിന്റെ ടീസര്‍, ട്രെയിലര്‍ എന്നിവയും കൂടുതല്‍ വിശദാംശങ്ങളും വൈകാതെ തന്നെ പുറത്ത് വിടും.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു. ഇത് വമ്പന്‍ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. സെല്‍വമണി സെല്‍വരാജ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. 'ദ ഹണ്ട് ഫോര്‍ വീരപ്പന്‍' എന്ന നെറ്റ് ഫ് ളിക്‌സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകന്‍ ആണ് സെല്‍വമണി സെല്‍വരാജ്.

ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ് ഈ ബഹുഭാഷാ ചിത്രം നിര്‍മ്മിക്കുന്നത്. ഇവര്‍ക്കൊപ്പം ജോം വര്‍ഗീസ്, പ്രശാന്ത് പോട്ട് ലൂരി എന്നിവരും പങ്കാളികളാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു.

രണ്ട് ശ്രദ്ധേയമായ നിര്‍മ്മാണ കമ്പനികളെ ഒരുമിപ്പിച്ചു കൊണ്ട് വരുന്ന ചിത്രം കൂടിയാണ് കാന്ത. തന്റെ മുത്തച്ഛന്‍ ഡി. രാമനായിഡുവിന്റെ മഹത്തായ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്ന സ്പിരിറ്റ് മീഡിയയുമായി റാണ ദഗ്ഗുബതിയും മറുവശത്തു മലയാളം സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ നയിക്കുന്ന വേഫേറര്‍ ഫിലിംസും ചേര്‍ന്നാണ് ഈ ചിത്രത്തെ യാഥാര്‍ഥ്യമാക്കി തീര്‍ക്കുന്നത്.

മികച്ച ചിത്രങ്ങള്‍ മലയാളത്തില്‍ നിര്‍മ്മിച്ചിട്ടുള്ള വേഫേറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് 'കാന്ത'. തമിഴില്‍ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും.

1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത് എന്നാണ് സൂചന. ദുല്‍ഖര്‍ സല്‍മാന്‍, സമുദ്രക്കനി എന്നിവര്‍ക്കൊപ്പം റാണ ദഗ്ഗുബതി, ഭാഗ്യശ്രീ ബോര്‍സെ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഭാഗ്യശ്രീയുടെ ചിത്രത്തിലെ ലുക്കും നേരത്തെ പുറത്ത് വന്നിരുന്നു.

ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റര്‍, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, സഞ്ജന ശ്രീനിവാസ്. പിആര്‍ഒ- ശബരി എന്നിവരാണ്.

Similar News