ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന 'കാന്ത'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

തമിഴില്‍ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും;

Update: 2025-10-20 11:16 GMT

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സെല്‍വമണി സെല്‍വരാജിന്റെ പുതിയ ചിത്രമായ കാന്തയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ദുല്‍ഖര്‍ സല്‍മാന്‍, സമുദ്രക്കനി, ഭാഗ്യശ്രീ ബോര്‍സ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം നവംബര്‍ 14ന് ലോകമെമ്പാടും റിലീസിനെത്തും.

ദീപാവലി ആശംസകള്‍ നേര്‍ന്ന് കാന്തയുടെ അണിയറ പ്രവര്‍ത്തകരാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. ദുല്‍ഖര്‍, സമുദ്രക്കനി, ഭാഗ്യശ്രീ എന്നിവരടങ്ങുന്ന പുതിയ റെട്രോ-സ്‌റ്റൈല്‍ പോസ്റ്റര്‍ പുറത്തിറക്കിക്കൊണ്ടാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്.

'ദീപാവലി ഇപ്പോള്‍ കൂടുതല്‍ സ്‌ഫോടനാത്മകമായി! #കാന്ത നവംബര്‍ 14 മുതല്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും! നിങ്ങള്‍ക്കെല്ലാവര്‍ക്കും ദീപാവലി ആശംസകള്‍ നേരുന്നു, ഉടന്‍ തന്നെ തിയേറ്ററുകളില്‍ കാണാം. @SpiritMediaIN ഉം @DQsWayfarerFilm ഉം ചേര്‍ന്ന ഒരു പ്രൊഡക്ഷന്‍,' എന്നാണ് റിലീസ് തീയതി പുറത്തുവിട്ടുകൊണ്ട് അണിയറ പ്രവര്‍ത്തകര്‍ കുറിച്ചത്.

സെല്‍വമണി സംവിധാനം ചെയ്യുന്ന കാന്ത സ്പിരിറ്റ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെയും വേഫെറര്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെയും കീഴില്‍ ദുല്‍ഖര്‍, റാണ ദഗ്ഗുബതി, പ്രശാന്ത് പൊട്ലൂരി, ജോം വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത്. ഒരുപിടി മികച്ച ചിത്രങ്ങള്‍ മലയാളത്തില്‍ നിര്‍മ്മിച്ചിട്ടുള്ള വേഫേറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് 'കാന്ത'. തമിഴില്‍ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ബ്ലോക്ക് ബസ്റ്റര്‍ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കറിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ചിത്രം കൂടിയാണ് 'കാന്ത'.

'ദ ഹണ്ട് ഫോര്‍ വീരപ്പന്‍' എന്ന നെറ്റ് ഫ് ളിക്‌സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകന്‍ ആണ് സെല്‍വമണി സെല്‍വരാജ്. രണ്ട് വലിയ കലാകാരന്‍മാര്‍ക്കിടയില്‍ സംഭവിക്കുന്ന ഒരു വമ്പന്‍ പ്രശ്‌നത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. യഥാക്രമം സമുദ്രക്കനിയും ദുല്‍ക്കറും ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സാന്ത എന്ന ഹൊറര്‍ സിനിമയുടെ കഥയാണ് ഇത് പറയുന്നത്. പ്രണയം, ഈഗോ, കല, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, ടീസര്‍ ഉള്‍പ്പെടെ നേരത്തെ പുറത്തു വന്നിരുന്നു. വലിയ പ്രേക്ഷക പിന്തുണയാണ് ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ നേടിയത്. ജൂലൈയില്‍ ദുല്‍ഖറിന്റെ ജന്മദിനത്തിലാണ് കാന്തയുടെ ടീസര്‍ പുറത്തിറങ്ങിയത്.

ജാനു ചന്തര്‍ ആണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ഡാനി സാഞ്ചസ് ലോപ്പസ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. കലാസംവിധാനം - രാമലിംഗം നിര്‍വഹിക്കുന്നു. തിരക്കഥ - തമിഴ് പ്രഭ, എഡിറ്റിംഗ് - ലെവെലിന്‍ ആന്റണി ഗോണ്‍സാല്‍വസ്, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, സഞ്ജന ശ്രീനിവാസ്. പിആര്‍ഒ- ശബരി.

മലയാളത്തില്‍ കല്യാണി പ്രിയദര്‍ശനും നസ്ലെനും അഭിനയിച്ച ലോകയുടെ നിര്‍മാതാവും ദുല്‍ഖര്‍ സല്‍മാനാണ്. ചിത്രത്തില്‍ ദുല്‍ഖര്‍ അതിഥി വേഷത്തില്‍ അഭിനയിക്കുകയും ചെയ്തു. കാന്തയ്ക്ക് പുറമേ, തെലുങ്കില്‍ ആകാശംലോ ഓക താരയിലും മലയാളത്തില്‍ ഐ ആം ഗെയിം എന്ന ചിത്രത്തിലും ദുല്‍ഖര്‍ അഭിനയിക്കുന്നുണ്ട്.


Similar News