19 വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി വക്കീല്‍ വേഷത്തിലെത്തുന്ന 'ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' ജൂണ്‍ 27 ന് തിയേറ്ററുകളില്‍; ചിത്രം ഒടിടിയിലേക്കും
സുരേഷ് ഗോപിയുടെ മകന് മാധവ് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഉണ്ട്;
ചിന്താമണി കൊലക്കോസ് എന്ന ചിത്രത്തിനുശേഷം സുരേഷ് ഗോപി വക്കീല്‍ വേഷത്തിലെത്തുന്ന കോര്‍ട്ട് റൂം ത്രില്ലര്‍ 'ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' ജൂണ്‍ 27ന് തിയേറ്ററുകളില്‍ എത്തും. സിനിമയുടെ സെന്‍സറിംഗ് പൂര്‍ത്തിയായി. ചിത്രത്തിന് U/A 13+ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. സുരേഷ് ഗോപിയും അനുപമ പരമേശ്വരനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഒടിടിയിലും റിലീസ് ചെയ്യും.
തിയറ്റര്‍ റിലീസിന് മുമ്പുതന്നെ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ഒടിടി അവകാശങ്ങള്‍ ഒരു പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ് ഫോമിന് വിറ്റു കഴിഞ്ഞു. ZEE5 ന് ആണ് വിറ്റത്. സുരേഷ് ഗോപി നായകനായ പാപന്, മെയ് ഹൂം മൂസ എന്നീ ചിത്രങ്ങളുടെ ഒടിടി അവകാശങ്ങള്‍ മുമ്പ് വാങ്ങിയിരുന്നതും ZEE5 തന്നെയാണ്.
പ്രവീണ്‍ നാരായണന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാര്‍ത്തിക് ക്രിയേഷന്‍സുമായി സഹകരിച്ച് കോസ് മോസ് എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ജെ. ഫനീന്ദ്ര കുമാര്‍ ആണ്. സുരേഷ് ഗോപിയുടെ മകന് മാധവ് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയ്ക്കൊപ്പം നീണ്ട ഇടവേളക്ക് ശേഷം അനുപമ പരമേശ്വരന് മലയാളത്തിലേക്ക് തിരിച്ചു വരുന്ന സിനിമയും കൂടിയാണ് ഇത്.
പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ അനുപമ പരമേശ്വരന് പിന്നീട് തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ നായികാ വേഷങ്ങളിലൂടെ തെന്നിന്ത്യയില്‍ മുഴുവന്‍ പ്രശസ്തി നേടി. പ്രേമത്തിന് ശേഷം ചില മലയാള ചിത്രങ്ങളില്‍ അഭിനയിച്ചുവെങ്കിലും വര്‍ഷങ്ങള്‍ക്കിപ്പുറമാണ് അതിശക്തമായ ഒരു കഥാപാത്രവുമായി ജെ.എസ്.കെയിലൂടെ താരം തിരിച്ചെത്തുന്നത്. നേരത്തെ കുറിപ്പ് സിനിമയുടേയും ഭാഗമായിരുന്നു അനുപമ.
ചിത്രത്തിന്റെതായി നേരത്തെ പുറത്തുവന്ന മോഷന്‍ പോസ്റ്ററും ടീസറുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. സുരേഷ് ഗോപിയുടെ ഒരു മാസ് പ്ലേ ആയിരിക്കും ചിത്രമെന്നും ഫാമിലി ഓഡിയന്‍സിനെയും യൂത്ത് ഓഡിയന്‍സിനെയും ഒരുപോലെ ചിത്രം സ്വാധീനിക്കുമെന്നുമാണ് ടീസര്‍ കണ്ട പ്രേക്ഷകര്‍ പറയുന്നത്. ചിന്താമണി കൊലക്കേസ് എന്ന സിനിമയുമായും പ്രേക്ഷകര്‍ ജെ എസ് കെ താരതമ്യം ചെയ്യുന്നു.
ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വച്ച് സുരേഷ് ഗോപി പറഞ്ഞ വാക്കുകളും ശ്രദ്ധേയമാണ്.
'സ്ത്രീ കേന്ദ്രീകൃത രാഷ്ട്രീയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ചിത്രമാണിതെന്ന് സംവിധായകന് ഇതിനകം തന്നെ പറഞ്ഞിട്ടുണ്ട്, പക്ഷേ ഇത് സ്ത്രീ ഹൃദയത്തില്‍ നിന്ന് ഉടലെടുത്ത ഒരു സിനിമയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. മകളും സഹോദരിയും അമ്മയും ഉള്ള എല്ലാ പുരുഷന്മാരുടെയും ഹൃദയങ്ങളെ തീര്‍ച്ചയായും സ്പര്‍ശിക്കുന്ന ഒരു സിനിമയാണിത്. എന്നാല്‍ ഈ ചിത്രത്തില്‍ ഒരു സ്ത്രീ ഹൃദയത്തെ മുറിവേല്‍പ്പിക്കുന്ന ഒരു അഭിഭാഷകനായി ഞാന്‍ എത്തുന്നു. ഞാന്‍ സിനിമ നശിപ്പിക്കുന്നില്ല, പക്ഷേ ജെ.എസ്.കെ.യില്‍ ഞാന്‍ ഒരു വില്ലനായി അഭിനയിക്കുന്നു.
ഈ സിനിമ പ്രേക്ഷകരെ നിരവധി ജീവിത സംഭവങ്ങളെ ഓര്‍മ്മിപ്പിക്കും . നിര്‍ഭയ മുതല്‍ അതിജീവിത വരെ, നമ്മുടെ സഹോദരിമാരെ കണ്ണീരോടെ മാത്രം തിരിഞ്ഞുനോക്കുന്ന നിരവധി സംഭവങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. ഈ സംഭവങ്ങളെല്ലാം ഓര്‍മ്മിക്കേണ്ടതാണ്. സത്യം വിജയിക്കുന്നിടമല്ല, തെളിവുകള്‍ മാത്രമാണ് കോടതിയില്‍ ജയിക്കുന്നതെന്ന് ഈ സിനിമ പറയുന്നു. അതുകൊണ്ടാണ് ജാനകിയുടെ ശബ്ദം ആളുകളില്‍ പ്രതിധ്വനിക്കേണ്ടത് ആവശ്യമായിരിക്കുന്നത്' - എന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
അനുപമ പരമേശ്വരനെ കൂടാതെ ദിവ്യപിള്ള, ശ്രുതി രാമചന്ദ്രന് എന്നിവരും ചിത്രത്തില്‍ നായികാകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അസ്കര്‍ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയന് ചേര്‍ത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രന്, രജിത് മേനോന്, നിസ്താര്‍ സേട്ട്, രതീഷ് കൃഷ്ണന്, ഷഫീര്‍ ഖാന്, മഞ്ജുശ്രീ നായര്‍, ജയ് വിഷ്ണു, വൈഷ് ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശര്‍മ എന്നിവരാണ് മറ്റു താരങ്ങള്‍.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ് സ്- സജിത് കൃഷ്ണ, കിരണ്‍ രാജ്, ഹുമയൂണ്‍ അലി അഹമ്മദ്, ഛായാഗ്രഹണം- റെനഡിവേ, എഡിറ്റിംഗ്- സംജിത് മുഹമ്മദ്, പശ്ചാത്തല സംഗീതം- ജിബ്രാന്, സംഗീതം- ഗിരീഷ് നാരായണന്, മിക്സ്- അജിത് എ ജോര്‍ജ്, സൗണ്ട് ഡിസൈന്‍- സിങ്ക് സിനിമ, കലാസംവിധാനം- ജയന് ക്രയോണ്‍, ചീഫ് അസോസിയേറ്റ്സ്- രജീഷ് അടൂര്‍, കെ. ജെ. വിനയന്, ഷഫീര്‍ ഖാന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- അമൃത മോഹനന്, സംഘട്ടനം - മാഫിയ ശശി, ഫീനിക്സ് പ്രഭു, രാജശേഖര്‍.
നൃത്തസംവിധാനം: സജിന മാസ്റ്റര്‍, വരികള്‍- സന്തോഷ് വര്‍മ്മ, ജ്യോതിഷ് കാശി, ഹരിത ഹരിബാബു, വസ്ത്രങ്ങള്‍- അരുണ്‍ മനോഹര്‍, മേക്കപ്പ്- പ്രദീപ് രംഗന്, അസോസിയേറ്റ് ഡിറക്ടേര്സ്- ബിച്ചു, സവിന്‍ എസ്. എ, ഹരിപ്രസാദ് കെ, വി.എഫ്.എക്സ്- ഐഡന്റ് ലാബ്സ്, ഡിഐ- കളര്‍ പ്ലാനറ്റ്, സ്റ്റില്‍സ്- ജെഫിന് ബിജോയ്, മീഡിയ ഡിസൈന്‍- ഐഡന്റ് ലാബ്സ്, ഓണ്‍ലൈന്‍ പ്രൊമോഷന്- ആനന്ദു സുരേഷ്, ജയകൃഷ്ണന് ആര്. കെ., വിഷ്വല്‍ പ്രമോഷന്- സ്നേക് പ്ലാന്റ് എല്‍എല്‍സി, പിആര്‍ഒ- വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍, മാര്‍ക്കറ്റിംഗ് ആന്‍ഡ് ഡിസ്ട്രിബൂഷന്‍- ഡ്രീം ബിഗ് ഫിലിംസ്.