രജനികാന്ത് ചിത്രം ജയിലര്‍ 2 ല്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ മകളായി വിദ്യാ ബാലനും?

ചെന്നൈയില്‍ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്;

Update: 2025-10-27 10:34 GMT

രജനികാന്ത് ചിത്രം ജയിലര്‍ 2 ല്‍ ബോളിവുഡ് താരം വിദ്യാ ബാലനും എത്തുന്നു. അടുത്തിടെ ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നുവെങ്കിലും സ്ഥിരീകരണം ഉണ്ടായിരുന്നില്ല. എന്നാല്‍ ഹിന്ദുസ്ഥാന്‍ ടൈസ് ഇപ്പോള്‍ വാര്‍ത്ത സ്ഥിരീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ്. നേര്‍കൊണ്ട പാര്‍വൈ (2019) എന്ന ചിത്രത്തിലെ ഒരു ചെറിയ വേഷത്തിന് ശേഷമാണ് 46 കാരിയായ താരം രജനിക്കൊപ്പം അഭിനയിക്കാന്‍ എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഏറെ കുറെ പൂര്‍ത്തിയായതായും റിപ്പോര്‍ട്ടുണ്ട്.

നടന്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ മൂത്ത മകളുടെ വേഷത്തിലാണ് വിദ്യ അഭിനയിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. പാലക്കാട് അട്ടപ്പാടിയിലായിരുന്നു ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം. കോഴിക്കോടും ജയിലര്‍ 2 ചിത്രീകരിച്ചു. നിലവില്‍ ചെന്നൈയില്‍ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചെന്നൈയിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷം, ഒക്ടോബര്‍ അവസാനത്തോടെ ശേഷിക്കുന്ന രണ്ട് മാസത്തെ ഷൂട്ടിംഗിനായി ടീം ഗോവയിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജനുവരിയില്‍ പോസ്റ്റ്-പ്രൊഡക്ഷനിലേക്ക് നീങ്ങും. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം 2026 ഓഗസ്റ്റില്‍ റിലീസ് ചെയ്യാനാണ് നിര്‍മാതാക്കള്‍ ലക്ഷ്യമിടുന്നത്. 2024-ല്‍ പുറത്തിറങ്ങിയ ഭൂല്‍ ഭുലയ്യ എന്ന ചിത്രത്തിലാണ് വിദ്യ അവസാനമായി അഭിനയിച്ചത്.

മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രജനികാന്ത് അവതരിപ്പിക്കുന്നത്. 2023ല്‍ ആയിരുന്നു ജയിലര്‍ റിലീസ് ചെയ്തത്. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 600 കോടിയിലേറെ നേടിയ ചിത്രം വിജയിച്ചത് മുതല്‍ രണ്ടാം ഭാഗത്തിനായി ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിരുന്നു. ഒരു പ്രൊമോ വീഡിയോയ്‌ക്കൊപ്പം രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയത് ജനുവരി 14 ന് ആയിരുന്നു. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു.

തമിഴ് സിനിമയില്‍ ഏറ്റവും വലിയ ഓപണിംഗ് വരാന്‍ സാധ്യതയുള്ള അപ്കമിംഗ് പ്രോജക്റ്റാണ് ജയിലര്‍ 2. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിനും സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ആദ്യ ഭാഗം പോലെതന്നെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും രണ്ടാം ഭാഗവും. എന്നാല്‍ രണ്ടാം ഭാഗം വരുമ്പോള്‍ മലയാളികള്‍ക്ക് അറിയാന്‍ ഏറ്റവും ആഗ്രഹമുള്ളത് ചിത്രത്തില്‍ മോഹന്‍ലാലിന്റെ മാത്യു എന്ന ഡോണ്‍ കഥാപാത്രം ഉണ്ടാവുമോ എന്നാണ്. ജയിലര്‍ 2വില്‍ മോഹന്‍ലാല്‍ ഉണ്ടാകുമെന്ന് തന്നെയാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളും.

കൂലിയാണ് രജനികാന്തിന്റേതായി പ്രദര്‍ശനത്തിനെത്തിയ അവസാന ചിത്രം. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം സണ്‍ പിക്ചര്‍സിന്റെ ബാനറില്‍ കലാനിധി മാരനാണ് നിര്‍മ്മിച്ചത്. രജനീകാന്തിനൊപ്പം നാഗാര്‍ജുനയും പ്രധാന വേഷത്തിലെത്തിയിരുന്നു. ആമിര്‍ ഖാന്‍ അതിഥി വേഷത്തിലുമെത്തിയിരുന്നു. എല്ലാ കഥാപാത്രങ്ങള്‍ക്കും വന്‍ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.

Similar News