|
|
|
അജണ്ട ഒളിച്ചു കടത്തുക എന്ന നമ്മുടെ സ്ഥിരം പ്രയോഗം അപ്രസക്തമായിത്തീര്‍ന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. എല്ലാ അജണ്ടകളും നേരിട്ട് ഒരു മറയും കൂടാതെ നമുക്കുമേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന കാലം. ഐ.എഫ്.എഫ്.ഐയില്‍ വീര്‍സവര്‍ക്കര്‍ ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടന ചിത്രമായി മാറുന്നത് എത്ര സ്വാഭാവികമായാണ്! ബാഹുബലി എന്ന ബ്രഹ്‌മാണ്ഡ കച്ചവട സിനിമയ്ക്ക് ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചത് നാമോര്‍ക്കുന്നുണ്ടാവുമല്ലോ.
ഉല്‍കൃഷ്ടമായ കലയും സാഹിത്യവുമെല്ലാം ഒരു സമൂഹത്തിന്റെ സാംസ്‌കാരികോന്നതിയുടെ അടയാളങ്ങളാണ്. അവയെ പരിപോഷിപ്പിക്കുന്ന നയമാണ് ജനാധിപത്യഭരണകൂടങ്ങള്‍ സ്വീകരിക്കാറുള്ളത്. സംസ്‌കാരം എന്ന വാക്കുകേള്‍ക്കുമ്പോള്‍ തോക്കെടുക്കാന്‍ തോന്നുമെന്ന് മുമ്പ് നാസി ഭരണകൂടത്തിലെ പ്രചരണവിഭാഗം മന്ത്രിയായിരുന്ന ഗീബല്‍സ് പറഞ്ഞതായി കേട്ടിട്ടുണ്ട്. അതുപോലെ സാംസ്‌കാരത്തെയും കലയെയും അപകടമായി കാണുന്ന ഒരു സമീപനമാണ് നമ്മുടെ ഭരണകൂടത്തിനുള്ളത്. ഇന്ത്യയുടെ അഭിമാനമായിരുന്ന പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിനെയും അക്കാദമിക രംഗത്തെ ഉന്നത സ്ഥാപനമായ ജെ.എന്‍.യുവിനെയും തകര്‍ക്കാന്‍ ഭരണകൂടം തന്നെ നേതൃത്വം കൊടുക്കുന്നത് നാം കാണുന്നുണ്ട്.
ഐ.എഫ്.എഫ്.ഐയില്‍ വീര്‍സവര്‍ക്കര്‍ ഇന്ത്യന്‍ പനോരമയുടെ |
|
കാനില്‍ ഗ്രാന്റ് പ്രീ നേടി ഇന്ത്യക്ക് അഭിമാനമായി മാറിയ As we imagine as light (പ്രഭയായ് നിനച്ചതെല്ലാം) എന്ന സിനിമയ്ക്ക് ഒരൊറ്റ ഷോ മാത്രമായിരുന്നു നല്‍കിയത്. മിക്കവാറും എല്ലാ സിനിമകളും ആരംഭിക്കുമ്പോള്‍ അതിന്റെ പിന്നണി പ്രവര്‍ത്തകരെ ആദരിച്ചിരുന്നു. വീര്‍ സവര്‍ക്കര്‍ പോലുള്ള പ്രൊപ്പഗാണ്ടാ സിനിമയുടെ പ്രവര്‍ത്തകര്‍ പോലും കൊണ്ടാടപ്പെട്ടിരുന്നു. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്ന് ഇന്ത്യയിലേക്കെത്തിച്ച സിനിമയുടെ സംവിധായികയെയോ അഭിനേതാക്കളെയോ അണിയറ പ്രവര്‍ത്തകരെയോ പ്രദര്‍ശനത്തിനു തൊട്ടുമുമ്പ് കാണികള്‍ കണ്ടില്ല എന്നത് നല്ല സിനിമയോടുള്ള സംഘാടകരുടെ മനോഭാവത്തിന്റെ തെളിവാണ്. പായല്‍ കപാഡിയയുടെ A Night of knowing Nothing എന്ന ഡോക്യുമെന്ററിയും കാനിലടക്കം ഏറെ അംഗീകാരങ്ങള്‍ നേടിയവയാണ്.
ഇത്തവണ ഗോവയില്‍ നടന്ന ഐ.എഫ്.എഫ്.ഐയുടെ പ്രധാന പ്രത്യേകത ഫെസ്റ്റിവല്‍ വെന്യൂവിനെ ചിതറിച്ചു എന്നതാണ്. മുന്‍കാലങ്ങളില്‍ ഗോവയുടെ ഏറ്റവും ആകര്‍ഷകമായ പാനാജിയിലും മൂന്നാലു കിലോമീറ്ററിനപ്പുറത്തുള്ള പൊര്‍വോറിമിലും മാത്രമായിരുന്നു പ്രദര്‍ശനങ്ങളെങ്കില്‍ ഇത്തവണ 30 കിലോമീറ്ററപ്പുറമുള്ള മഡ്ഗാവിലും പ്രദര്‍ശനമുണ്ടായിരുന്നു. പല മികച്ച ഷോകളും രണ്ടക്കം തികയാത്ത കാണികളുടെ മുമ്പിലായിരുന്നു പ്രദര്‍ശിപ്പിച്ചിരുന്നത്.
അസാധാരണം എന്നുപറയാന്‍ തോന്നുന്ന സിനിമകള്‍ ഒന്നും കിട്ടി എന്നു പറയാനാവില്ലെങ്കിലും കിട്ടിയവയില്‍ കൂടുതലും ശരാശരിയോ അതിലധികമോ നിലവാരം പുലര്‍ത്തുന്നവയായിരുന്നു.
മുംബൈയുടെ പശ്ചാത്തലത്തില്‍ രണ്ടു നഴ്‌സുമാരുടെ ജീവിതം പറയുന്ന പ്രഭയായ് നിനച്ചതെല്ലാം മികച്ച സിനിമാനുഭവമായിരുന്നു. യാഥാര്‍ത്ഥ്യവും ഭ്രമാത്മകതയും കലര്‍ന്ന കാവ്യാത്മകമായ ഒന്ന്. മാറാന്‍ കൂട്ടാകാത്ത പ്രഭയും ജീവിതത്തെ ഉപാധികളില്ലാതെ ധീരതയോടെ സമീപിക്കുന്ന അനുവും തമ്മിലുള്ള ഹൃദ്യമായ സൗഹൃദത്തിന്റെ കഥ കൂടിയാണിത്.
|
സീസര്‍ ഡയസിന്റെ Mexico 86 (ബല്‍ജിയം-ഫ്രാന്‍സ്) മികച്ച സിനിമാനുഭവമായിരുന്നു. ഗ്വാട്ടിമാലയിലെ ഏകാധിപത്യ പട്ടാളഭരണകൂടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന വിപ്ലവസംഘടനയിലെ മരിയ തന്റെ കുഞ്ഞിനെ ഉപേക്ഷിച്ച് മെക്‌സിക്കോയിലേക്ക് രക്ഷപ്പെടുന്നു. പത്തു വര്‍ഷങ്ങള്‍ക്കു ശേഷം അവന്‍ അവളുടെ അടുത്ത് തിരിച്ചെത്തുന്നു. അപ്പോഴും വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ തന്റെ കടമയാണോ മകനോടുള്ള കടമയാണോ നിര്‍വ്വഹിക്കേണ്ടത് എന്ന ചോദ്യം മുന്നില്‍ വരുന്നു.
Rithy Panhന്റെ meeting with Pol pot കമ്പോഡിയന്‍ വംശഹത്യയുടെ ഭീകരതയിലേക്ക് വെളിച്ചം വീശുന്ന ഒന്നാണ്. 1978 കമ്പോഡിയയിലേക്കു ക്ഷണിക്കപ്പെട്ട മൂന്നു പത്രപ്രവര്‍ത്തകരുടെ കാഴ്ചകളിലൂടെയാണ് ഇത് അവതരിപ്പിക്കപ്പെടുന്നത്. നടുക്കത്തോടെ മാത്രമേ ഈ സിനിമ കണ്ടിരിക്കാന്‍ പറ്റൂ.
Iciar Bollain ന്റെ lam Nevenca മേളയിലെ മികച്ച സിനിമകളിലൊന്നാണ്. even the rain പോലുള്ള അവരുടെ സിനിമകള്‍ നേരത്തേ ലോകശ്രദ്ധ നേടിയവയാണ്. പോണ്‍ഫെറാന്ത സിറ്റി കൗണ്‍സിലില്‍ സാമ്പത്തിക മേഖല കൈകാര്യം ചെയ്തിരുന്ന 23കാരിയായ നെവേന്‍ക തനിക്കു മേയറില്‍ നിന്നും നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുകയും അനുകൂലമായ വിധി സമ്പാദിക്കുകയുമുണ്ടായി. സ്‌പെയിനില്‍ ലൈംഗികാതിക്രമത്തിന്റെ പേരില്‍ രാജി വെക്കുന്ന ആദ്യത്തെ രാഷ്ട്രീയക്കാരനായി മാറി മേയറായ ഇസ്മയേല്‍ അല്‍വാരസ് .
2024ലെ ഇറാനിയന്‍ ചിത്രം ഫര്‍ഷാദ് ഹഷേമിയുടെ മീ മറിയം ദി ചില്‍ഡ്രന്‍ ആന്റ് 26 അദേഴ്‌സ് മേളയിലെ ഏറ്റവും മനോഹരമായ സിനിമകളിലൊന്നായിരുന്നു. ഒറ്റയ്ക്കു താമസിക്കുന്ന ഒരു മുപ്പതുകാരിയുടെ വീട്ടിലേക്ക് ഒരു സിനിമാഷൂട്ടിങ്ങിനെത്തുകയാണ് ഒരു സംഘം. കോവിഡ് കാലം അവളില്‍ വല്ലാത്ത ഏകാന്തത സൃഷ്ടിച്ചിരുന്നു. മനുഷ്യരോട് ഇടപെടാനുള്ള വിമുഖത അവളില്‍ രൂപപ്പെട്ടിരുന്നു. സിനിമാക്കാര്‍ വീട്ടിലെടുക്കുന്ന സ്വാതന്ത്ര്യം അവളെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. പതിയെപ്പതിയെ അവള്‍ മനുഷ്യരുമായി പൊരുത്തപ്പെടുന്നു. അവര്‍ പിരിഞ്ഞു പോകുന്നത് വേദനാജനകമായിത്തീരുന്നു. ഏകാകിയായ ഒരു സ്ത്രീയുടെ ജീവിതവും അവിടെ ചിത്രീകരിക്കുന്ന സിനിമയിലെ ജീവിതവും സമാന്തരമായും കൂട്ടിക്കുഴഞ്ഞും മുന്നോട്ടു പോകുന്നു. സംവിധായകന്‍ തന്നെ മുഖ്യ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു. മനുഷ്യബന്ധങ്ങളെക്കുറിച്ചുള്ള മനോഹരമായ സിനിമയാണ് മീ മറിയം ദ ചില്‍ഡ്രന്‍ ആന്റ് 26 അദേഴ്‌സ്.
ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട മലയാളിയായ ജയന്‍ ചെറിയാന്റെ Rythem of Dammam തീര്‍ത്തും നിരാശപ്പെടുത്തി. ആഫ്രിക്കയില്‍ നിന്നും നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഇന്ത്യയിലെത്തി കൊങ്കണ്‍ ദേശത്ത് കാടുമായി ബന്ധപ്പെട്ടു ജീവിക്കുന്ന ഒരു ജനവിഭാഗത്തെ ചിത്രീകരിക്കുന്നതിന്റെ കൗതുകമാണ് മുഖ്യം. അതിനപ്പുറം ഒന്നും ചെയ്യാന്‍ സിനിമയ്ക്ക് കഴിയുന്നില്ല.
അസാധാരണമെന്നു വിശേഷിപ്പിക്കാവുന്ന സിനിമകളധികം ലഭിച്ചില്ലെങ്കിലും കണ്ട സിനിമളില്‍ വളരെ കുറച്ചു മാത്രമായിരുന്നു തീര്‍ത്തും നിരാശപ്പെടുത്തിയത്.
പൊതുവെ സിനിമകളുടെ തിരഞ്ഞെടുപ്പില്‍ വലിയ തെറ്റുപറയാന്‍ പറ്റാത്ത മേളയാണ് കടന്നു പോയത്.