ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ സിനിമയില്‍ ഹന്‍സല്‍ മെഹ്തയും എ ആര്‍ റഹ്‌മാനും ഒന്നിക്കുന്നു

ഈ വര്‍ഷാവസാനം സിനിമയുടെ പ്രൊഡക്ഷന്‍ പരിപാടികള്‍ ആരംഭിക്കും;

Update: 2025-10-14 09:45 GMT

മോഹന്‍ലാല്‍ നായകനായി എത്തിയ മലൈകോട്ടൈ വാലിബന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ പുതിയ സിനിമ ഒരുങ്ങുന്നു. പ്രമുഖ സംവിധായകനും നിര്‍മാതാവുമായ ഹന്‍സല്‍ മെഹ്തയുടെ ട്രൂ സ്റ്റോറി ഫിലിംസും ആമേന്‍ മൂവി മൊണാസ്ട്രിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന കരണ്‍ വ്യാസും പെല്ലിശ്ശേരിയും ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. എ ആര്‍ റഹ്‌മാന്‍ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. റൊമാന്റിക് ഡ്രാമ ജോണറില്‍ ഒരുങ്ങുന്ന ചിത്രം ബോളിവുഡിലാണ് എത്തുന്നത് എന്നാണ് വിവരം. 'ഇത് ഔദ്യോഗികമാണ്. ഇത് സ്‌പെഷ്യലാണ്' എന്ന് കുറിച്ചാണ് പുതിയ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ലിജോ ജോസ് നടത്തിയത്. ഗാന്ധി എന്ന പരമ്പരയ്ക്ക് ശേഷം റഹ്‌മാനും മേത്തയും ഒന്നിക്കുന്ന ചിത്രമാണ് ഇത്.

ഈ വര്‍ഷാവസാനം സിനിമയുടെ പ്രൊഡക്ഷന്‍ പരിപാടികള്‍ ആരംഭിക്കാനാണ് തങ്ങള്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് ട്രൂ സ്റ്റോറി ഫിലിംസിന്റെ പാര്‍ട് ണറായ സാഹില്‍ സൈഗാളിനെ ഉദ്ദരിച്ച് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലിജോയും എആര്‍ റഹ്‌മാനും ഉള്‍പ്പെടുന്ന ഒരു മികച്ച ടീമിനൊപ്പം വലിയൊരു മാജിക് പങ്കിടാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'പ്രണയം, ആഗ്രഹം, മനുഷ്യബന്ധത്തിന്റെ ദുര്‍ബലമായ സങ്കീര്‍ണ്ണതകള്‍ എന്നിവയുടെ ഗാനരചനാ പര്യവേക്ഷണം' ആയിരിക്കും ഈ സിനിമ എന്നും അദ്ദേഹം പറഞ്ഞു. പുതിയ ചിത്രത്തില്‍ ആരൊക്കെ അഭിനയിക്കും എന്ന് വ്യക്തമല്ല, നിലവില്‍ അഭിനേതാക്കളെ തിരഞ്ഞെടുക്കുന്ന ഘട്ടത്തിലാണ് അണിയറക്കാര്‍ എന്നാണ് അറിയുന്നത്.

പെല്ലിശ്ശേരിയുടെ കഥപറച്ചില്‍ വീക്ഷണത്തെ പ്രശംസിച്ച എ ആര്‍ റഹ്‌മാന്‍, തങ്ങള്‍ മൂന്ന് പേരും ചേര്‍ന്ന് എന്താണ് സൃഷ്ടിക്കുന്നതെന്ന് കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്ന് അറിയിച്ചു. ഹന്‍സല്‍ മെഹ്ത-ലിജോ ജോസ് പെല്ലിശ്ശേരി-എആര്‍ റഹ്‌മാന്‍ കോമ്പോ ഒന്നിക്കുമ്പോള്‍ എന്ത് വിസ്മയമാകും തങ്ങളെ കാത്തിരിക്കുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് മലയാളികളും.

Similar News