ഇളയ രാജയുടെ പരാതി: അജിത് ചിത്രം 'ഗുഡ് ബാഡ് അഗ്ലി' യിലെ 3 ഗാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി
ജസ്റ്റിസ് എന്‍ സെതില്‍ കുമാര്‍ ആണ് കേസില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്;
ചെന്നൈ: സംവിധായകന്‍ ഇളയ രാജയുടെ ഹര്‍ജിയില്‍ അജിത് ചിത്രം 'ഗുഡ് ബാഡ് അഗ്ലി' യിലെ ഗാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി. രണ്ട് ആഴ്ചയ്ക്കുള്ളില്‍ നിര്‍മാതാക്കള്‍ വിശദീകരണം നല്‍കണമെന്നും കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നുണ്ട്. ഇരു കക്ഷികളുടെയും വാദങ്ങള്‍ കേട്ടശേഷം ജസ്റ്റിസ് എന്‍ സെതില്‍ കുമാര്‍ ആണ് കേസില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ചിത്രത്തിന്റെ പാട്ടുകള്‍ ഒടിടി ഉള്‍പ്പെടെ ഏതെങ്കിലും പ്ലാറ്റ് ഫോമില്‍ പ്രദര്‍ശിപ്പിക്കുക, വില്‍ക്കുക, വിതരണം ചെയ്യുക, പ്രസിദ്ധീകരിക്കുക, സംപ്രേഷണം ചെയ്യുക എന്നിവയില്‍ നിന്ന് ഗുഡ് ബാഡ് അഗ്ലി നിര്‍മ്മാതാക്കളെ മദ്രാസ് ഹൈക്കോടതി വിലക്കിയിട്ടുണ്ട്.
ഗുഡ് ബാഡ് അഗ്ലിയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ പകര്‍പ്പവകാശ ലംഘനത്തിനാണ് ഇളയരാജ കേസ് ഫയല്‍ ചെയ്തത്. ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിലെ ഒത രൂപയും താരേന്‍, എന്‍ ജോഡി മഞ്ഞ കുരുവി, ഇളമൈ ഇത്തോ ഇത്തോ എന്നീ മൂന്ന് പാട്ടുകളിലാണ് പരാതി നല്‍കിയത്. തന്റെ ഗാനങ്ങള്‍ അനുമതിയില്ലാതെ സിനിമയില്‍ ഉപയോഗിച്ചുവെന്നും ഇത് പകര്‍പ്പവകാശ നിയമ ലംഘനമാണെന്നും ഇളയരാജ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. 5 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യഥാര്‍ത്ഥ അവകാശികളില്‍ നിന്ന് അനുമതി ലഭിച്ചിട്ടുണ്ടെന്നാണ് സിനിമയുടെ നിര്‍മാതാക്കള്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നത്.
ഏപ്രില്‍ പത്തിന് ആയിരുന്നു ഗുഡ് ബാഡ് അഗ്ലി തിയറ്ററുകളില്‍ എത്തിയത്. ഏപ്രില്‍ 15ന് ഇളയരാജ വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ചിത്രത്തില്‍ അനുമതി ഇല്ലാതെ തന്റെ മൂന്ന് ഗാനങ്ങള്‍ ഉപയോഗിച്ചു എന്നായിരുന്നു പരാതി. നഷ്ടപരിഹാരമായി 5 കോടി നല്‍കണമെന്നും ഏഴ് ദിവസത്തിനകം ഗാനങ്ങള്‍ ചിത്രത്തില്‍ നിന്നും നീക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു. പണം നല്‍കിയില്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ഇളയരാജ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് മുന്‍പും തന്റെ ഗാനങ്ങള്‍ അനുവാദമില്ലാതെ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി പല സിനിമാക്കാര്‍ക്കും ഇളയരാജ നോട്ടീസ് അയച്ചിട്ടുണ്ട്.
ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. റിലീസ് ചെയ്ത് അഞ്ച് ദിവസത്തില്‍ 100 കോടിയോളം രൂപ കലക്ട് ചെയ്തിരുന്നു. മാസ് ആക്ഷന്‍ പടമായി ഒരുങ്ങിയ ഗുഡ് ബാഡ് അഗ്ലിയില്‍ സുനില്‍, ഷൈന്‍ ടോം ചാക്കോ, പ്രസന്ന, ജാക്കി ഷെറോഫ്, പ്രഭു, യോഗി ബാബു, തൃഷ, പ്രിയ വാര്യര്‍, സിമ്രാന്‍ തുടങ്ങി വലിയ താരനിര തന്നെ അണിനിരന്നിരുന്നു.