പ്രദീപ് രംഗനാഥനും മമിത ബൈജുവും ഒന്നിക്കുന്ന ചിത്രം 'ഡ്യൂഡ്' ട്രെയിലര്‍ പുറത്ത്

മമിതയുടെ തമിഴിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് 'ഡ്യൂഡ്';

Update: 2025-10-09 10:23 GMT

പ്രദീപ് രംഗനാഥനും മമിത ബൈജുവും ഒന്നിക്കുന്ന ചിത്രം 'ഡ്യൂഡ്' ട്രെയിലര്‍ പുറത്തിറങ്ങി. തമിഴില്‍ പുറത്തിറങ്ങാനിരിക്കുന്ന ഈ കോമഡി-ഡ്രാമ ചിത്രത്തിന്റെ രണ്ട് മിനിറ്റ് 39 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഔദ്യോഗിക ട്രെയിലര്‍ ഇന്നാണ് നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയത്. മമിതയുടെ തമിഴിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് 'ഡ്യൂഡ്'.

നടനും സംവിധായകനുമായ പ്രദീപ് രംഗനാഥനേയും മമിത ബൈജുവിനേയും കൂടാതെ ആര്‍. ശരത് കുമാര്‍, ഹൃദു ഹരൂണ്‍, രോഹിണി, ഐശ്വര്യ ശര്‍മ്മ, ദ്രാവിഡ് സെല്‍വം തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. റൊമാന്‍സിന് റൊമാന്‍സ്, ആക്ഷന് ആക്ഷന്‍, കോമഡിക്ക് കോമഡി, ഇമോഷന് ഇമോഷന്‍ എല്ലാം കൊണ്ടും പ്രേക്ഷകരെ കയ്യിലെടുക്കുന്ന ചിത്രമാണ് ഇത്.

'ഡ്രാഗണ്‍' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം പ്രദീപ് രംഗനാഥന്‍ അഭിനയിക്കുന്ന ചിത്രമാണ് ഇത്. ചിത്രം ദീപാവലി റിലീസായി ഒക്ടോബര്‍ 17ന് തിയറ്ററുകളില്‍ എത്തും. സംഗീത ലോകത്തെ പുത്തന്‍ സെന്‍സേഷന്‍ ആയ സായ് അഭ്യങ്കര്‍ ഈണമിട്ട് ചിത്രത്തിലേതായി ഇറങ്ങിയ പാട്ടുകളെല്ലാം തന്നെ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇപ്പോഴിതാ ട്രെയിലറും ഏവരും ഏറ്റെടുത്തിരിക്കുകയാണ്. പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുന്ന പ്രദീപ് രംഗനാഥന്‍ മാജിക് 'ഡ്യൂഡി'ലും പ്രതീക്ഷിക്കാമെന്നാണ് ട്രെയിലര്‍ കണ്ടവരുടെ കമന്റുകള്‍. ഇ4 എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിലേതായി ആദ്യമെത്തിയ 'ഊരും ബ്ലഡ്' യൂട്യൂബില്‍ ഇതുവരെ 4 കോടിയിലേറെ ആസ്വാദക ഹൃദയങ്ങള്‍ കവര്‍ന്നുകഴിഞ്ഞു. 'നല്ലാരു പോ' 41 ലക്ഷവും 'സിങ്കാരി' 87 ലക്ഷവും വ്യൂസ് നേടികഴിഞ്ഞിട്ടുണ്ട്. ഹ്രസ്വ സിനിമകളിലൂടെ എത്തി സംവിധായകനായി പിന്നീട് നടനായി മാറിയ പ്രദീപ് രംഗനാഥന് വലിയൊരു ആരാധക വൃന്ദം തന്നെയുണ്ട്. പ്രദീപ് എഴുതി സംവിധാനം നിര്‍വ്വഹിച്ച 'കോമാലി'യും 'ലൗവ് ടുഡേ'യും വലിയ വിജയമായിരുന്നു. നായകനായെത്തിയ 'ലൗവ് ടുഡേ', 'ഡ്രാഗണ്‍' സിനിമകളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ 'ഡ്യൂഡ്' റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ആദ്യം നായിക നായകനുമായി പ്രണയത്തിലാകുന്നു പിന്നീട് വേര്‍പിരിയാന്‍ അഭ്യര്‍ത്ഥിക്കുന്നു, അത് അവരുടെ ബന്ധത്തെ മാറ്റിമറിക്കുന്നുവെന്നാണ് ഔദ്യോഗിക ട്രെയിലര്‍ നല്‍കുന്ന സൂചന. ട്രെയിലര്‍ പുറത്തിറങ്ങിയതിനുശേഷം ഇതുവരെ യൂട്യൂബില്‍ 4 ലക്ഷത്തിലധികം കാഴ്ചകളും നൂറുകണക്കിന് കമന്റുകളും നേടി.

'അതിശയകരമായ കട്ടുകളും പശ്ചാത്തല സംഗീതവും' എന്നാണ് ട്രെയിലര്‍ കണ്ട് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പ്രതികരിച്ചത്. ബരത് വിക്രമന്റെ എഡിറ്റിംഗും ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടു.


Full View

Similar News