കാത്തിരിപ്പുകള്‍ക്ക് വിരാമം; ദൃശ്യം 3 യുടെ ചിത്രീകരണം സെപ്റ്റംബറില്‍ തുടങ്ങും, മാര്‍ച്ചില്‍ റിലീസ് ചെയ്യും
ചിത്രത്തിലെ മുഴുവന്‍ അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ അടുത്ത ആഴ്ച പുറത്തുവിടുമെന്നാണ് പ്രതീക്ഷ;
മോഹന്‍ലാലിനേയും മീനയേയും കേന്ദ്ര കഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ദൃശ്യം പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചിലേറ്റിയതായിരുന്നു. ദൃശ്യത്തിന് പിന്നാലെ ദൃശ്യം 2 വും പ്രേക്ഷകര്‍ ഏറ്റെടുത്തു. ഇതോടെ ദൃശ്യം 3 യും അടുത്തുതന്നെ പ്രഖ്യാപിക്കും എന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍.
എന്നാല്‍ ആ പ്രതിക്ഷയ്ക്ക് ഇപ്പോള്‍ ഫലമുണ്ടായിരിക്കുകയാണ്. ഇപ്പോഴിതാ ദൃശ്യം 3 സംബന്ധിച്ച ഒരു പ്രധാന അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്‍ ജീത്തുജോസഫ്. സിനിമയുടെ ചിത്രീകരണം സംബന്ധിച്ചാണ് ജീത്തുജോസഫ് സൂചന നല്‍കിയത്.
ദൃശ്യം 3 യുടെ ചിത്രീകരണം സെപ്റ്റംബറില്‍ തുടങ്ങും. ചിത്രത്തിന്റെ തിരക്കഥയില്‍ നിന്നുള്ള ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ട് ജീത്തു ജോസഫ് ഏതാനും ദിവസം മുന്‍പാണ് ഇതിന്റെ സൂചന നല്‍കിയത്. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ തന്നെ പുറത്തുവിടും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെ ചിത്രം നിര്‍മ്മിക്കും.
തിരക്കഥയുടെ അവസാന ഘട്ടത്തിലാണെന്നും പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണെന്നും ടീമിനോട് അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ശക്തവും വൈകാരികവുമായ ഒരു പര്യവസാനത്തോടെ ത്രയത്തെ ബന്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് സംവിധായകന്‍ ജീത്തു ജോസഫ്.
തീവ്രമായ കഥപറച്ചിലിനും അപ്രതീക്ഷിത ട്വിസ്റ്റുകള്‍ക്കും പേരുകേട്ട ദൃശ്യം പരമ്പര, എല്ലാ ഭാഷകളിലും പ്രേക്ഷകര്‍ക്കിടയില്‍ വന്‍ വിജയമാണ്. ദൃശ്യം 3 ഫ്രാഞ്ചൈസിയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ജോര്‍ജ് കുട്ടിക്കും കുടുംബത്തിനും ഇനി എന്ത് സംഭവിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
ദൃശ്യം 2 വന്നതിന് ശേഷം മൂന്നാം ഭാഗത്തിന്റെ സാധ്യതകള്‍ സംബന്ധിച്ച് പല ഫാന്‍ തിയറികളും സോഷ്യല്‍ മീഡിയയില്‍ ഈ കാലയളവില്‍ എത്തിയിട്ടുണ്ട്. ഈ ഫ്രാഞ്ചൈസിയില്‍ സിനിമാപ്രേമികള്‍ക്കുള്ള താല്‍പര്യം അത്രമാത്രമാണ്. ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഇത്രയധികം ഭാഷകളില്‍ റീമേക്ക് ചെയ്ത ഒരു ചിത്രം ദൃശ്യം പോലെ മറ്റൊന്ന് ഉണ്ടാവില്ല.
അതുകൊണ്ടുതന്നെ ദൃശ്യം 2 ന് വേണ്ടി ഉള്ള കാത്തിരിപ്പ് ഇന്ത്യ മുഴുവനുമുള്ള പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടായിരുന്നു. പ്രൈം വീഡിയോയിലൂടെ ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ ദൃശ്യം 2 പാന്‍ ഇന്ത്യന്‍ പ്രതികരണങ്ങളാണ് നേടിയത്. അജയ് ദേവ് ഗണ്‍ നായകനായ ദൃശ്യം 2 റീമേക്ക് ബോക്‌സ് ഓഫീസ് വിജയവും നേടിയിരുന്നു.
ഒറിജിനല്‍ ദൃശ്യം 2 ഒരു തിയറ്റര്‍ റിലീസ് ആവാതെ പോയതിന്റെ നിരാശ മലയാളി സിനിമാപ്രേമികള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയിലും മറ്റും പങ്കുവെക്കാറുണ്ട്. ദൃശ്യം 3 ആ കുറവ് നികത്തുമെന്ന പ്രത്യാശയും അവര്‍ പങ്കുവെക്കാറുണ്ട്.
കാര്യങ്ങള്‍ പ്ലാന്‍ അനുസരിച്ച് നടന്നാല്‍, ദൃശ്യം 2 പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിന് ശേഷം, 2026 മാര്‍ച്ചില്‍ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. മുഴുവന്‍ അഭിനേതാക്കളെയും നിര്‍മ്മാണ ഷെഡ്യൂളിനെയും കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ വരും ആഴ്ചകളില്‍ പുറത്തുവിടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഇന്ത്യന്‍ സിനിമയിലെ ത്രില്ലര്‍ വിഭാഗത്തെ പുനര്‍നിര്‍വചിച്ച ഐക്കണിക് ത്രയങ്ങളായ മോഹന്‍ലാല്‍, ജീത്തു ജോസഫ്, ആന്റണി പെരുമ്പാവൂര്‍ എന്നിവരുടെ തിരിച്ചുവരവും കൂടിയാണിത്.
അതേസമയം ഹിന്ദിയിലും ദൃശ്യം 3 ഒരുങ്ങുന്നുണ്ട്. നിര്‍മ്മാതാക്കളായ പനോരമ സ്റ്റുഡിയോസ് ആണ് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഫയല്‍ ചെയ്ത വിവരങ്ങളില്‍ ദൃശ്യം 3 യുടെ കാര്യവും ഉള്‍പ്പെടുത്തിയിരുന്നത്. ദൃശ്യം 3 സജീവ നിര്‍മ്മാണത്തില്‍ ആണെന്നും അഭിഷേക് പതക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജയ് ദേവ് ഗണ്‍ ആയിരിക്കും നായകനെന്നും നിര്‍മ്മാണ കമ്പനി നല്‍കിയ വിവരത്തില്‍ ഉണ്ടായിരുന്നു. 2022 ല്‍ പുറത്തെത്തിയ ദൃശ്യം 2 ഹിന്ദി റീമേക്കിന്റെയും സംവിധാനം അഭിഷേക് പതക് ആയിരുന്നു. അതേസമയം മലയാളം ദൃശ്യം 3 ഫെബ്രുവരി 20 നാണ് പ്രഖ്യാപിച്ചത്.