തമിഴകത്തെ ഞെട്ടിച്ച പ്രദീപ് രംഗനാഥന്‍-അനുപമ പരമേശ്വരന്‍ ചിത്രം ഡ്രാഗണ്‍ ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

Update: 2025-03-18 07:59 GMT

തമിഴകത്തെ ഞെട്ടിച്ച പ്രദീപ് രംഗനാഥന്‍-അനുപമ പരമേശ്വരന്‍ ചിത്രം ഡ്രാഗണ്‍ ഒടിടിയിലേക്ക്. മാര്‍ച്ച് 21ന് ഡ്രാഗണ്‍ നെറ്റ് ഫ് ളിക്‌സിലൂടെ ഒടിടിയില്‍ എത്തുമെന്നാണ് അണിയറക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ ഡ്രാഗണ്‍ ഇതിനകം തന്നെ 146 കോടി നേടിയിരിക്കുകയാണ്. ഇന്ത്യയില്‍ നിന്ന് മാത്രം 114.7 കോടി രൂപ ഡ്രാഗണ്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്.

ഫെബ്രുവരി 21 ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നു. ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവച്ച ചിത്രം ആദ്യ ദിവസം തന്നെ 6 കോടി നേടി. വമ്പന്‍മാരെയും അമ്പരപ്പിച്ചാണ് പ്രദീപ് രംഗനാഥന്‍ ചിത്രത്തിന്റെ മുന്നേറ്റം. ഡ്രാഗണ്‍ ബ്ലോക് ബസ്റ്ററായിരിക്കുമെന്ന് തമിഴ് താരം ചിമ്പു നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. അശ്വത് മാരിമുത്തുവിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് ഡ്രാഗണ്‍.

ആകര്‍ഷകമായ കഥാതന്തു, ശക്തമായ പ്രകടനങ്ങള്‍, മികച്ച ബോക്‌സ് ഓഫീസ് റണ്‍ എന്നിവയിലൂടെ തമിഴ് സിനിമയില്‍ ഡ്രാഗണ്‍ ഒരു പ്രധാന ഹിറ്റായി മാറി. കോമഡി, പ്രണയം എന്നിവയിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. സ്ട്രീമിംഗ് അരങ്ങേറ്റത്തിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതിനാല്‍, ചിത്രം ഒടിടി പ്ലാറ്റ് ഫോമില്‍ മികച്ച വിജയമായിരിക്കുമെന്നാണ് അണിയറക്കാര്‍ പ്രതീക്ഷിക്കുന്നത്. തമിഴ് പതിപ്പിന് പുറമേ, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലും നെറ്റ് ഫ് ളിക്‌സില്‍ ചിത്രം ലഭ്യമാകും.

ലവ് ടുഡേ എന്ന ഹിറ്റിന് ശേഷം പ്രദീപ് രംഗനാഥന്‍ നായകനായി എത്തിയതാണ് ഡ്രാഗണ്‍. പ്രദീപ് രംഗനാഥന്‍ എഴുതി സംവിധാനം നിര്‍വഹിച്ച് പ്രധാന വേഷത്തില്‍ എത്തിയ ലൗവ് ടുഡേ നിര്‍മിച്ച എജിഎസ് എന്റര്‍ടെയ്ന്‍മെന്റ് തന്നെയാണ് ഡ്രാഗണും നിര്‍മിച്ചിരിക്കുന്നത്. സംവിധായകന്‍ ഗൗതം വാസുദേവ് മേനോനൊപ്പം ചിത്രത്തില്‍ മിഷ്‌കിന്‍, കെ.എസ് രവികുമാര്‍, കയാദു ലോഹര്‍, മുരുഗേശന്‍, വി.ജെ.സിന്ധു, ഇന്ദുമതി എന്നിവരും വേഷമിടുന്നു. ലിയോണ്‍ ജെയിംസാണ് സംഗീത സംവിധാനം.

തമിഴില്‍ അനുപമ പരമേശ്വരന്റേതായി ഇതിന് മുമ്പ് എത്തിയ ചിത്രം സൈറണാണ്. ജയം രവിയാണ് നായകനായി എത്തിയിരുന്നത്. ജയം രവിയുടെ ജോഡിയായിട്ട് തന്നെയാണ് ചിത്രത്തില്‍ അനുപമ പരമേശ്വരന്‍ എത്തിയത്.

കീര്‍ത്തി സുരേഷ്, സമുദ്രക്കനി, ഉദയ മഹഷ്, സുജാത, ലല്ലു, യുവിന, പാര്‍ഥവി, പ്രിയദര്‍ശനി രാജ് കുമാര്‍, അജയ്, ഇന്ദുമതി മണികണ്ഠന്‍, ചാന്ദ്‌നി തമിഴരശന്‍, എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. ആന്റണി ഭാഗ്യരാജ് സംവിധാനം ചെയ്ത ചിത്രത്തിന് ജി വി പ്രകാശ് കുമാര്‍ സംഗീതം പകരുകയും സെല്‍വകുമാര്‍ എസ്. കെ ഛായാഗ്രാഹണം നിര്‍വഹിക്കുകയും ചെയ്തിരിക്കുന്നു.

Similar News