'96' സംവിധായകന്‍ പ്രേം കുമാറും ചിയാന്‍ വിക്രമും ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിലൂടെ ഒരുമിക്കുന്നു
പ്രശസ്ത നിര്‍മ്മാണ കമ്പനിയായ വെല്‍സ് ഫിലിം ഇന്റര്‍നാഷണല്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്;
'96', 'മെയ്യഴഗന്‍' എന്നീ സിനിമകളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ സംവിധായകന്‍ സി. പ്രേം കുമാര്‍ 'ചിയാന്‍' വിക്രമിനെ നായകനാക്കി പുതിയ ചിത്രത്തിനായി ഒരുങ്ങുന്നു. പ്രശസ്ത നിര്‍മ്മാണ കമ്പനിയായ വെല്‍സ് ഫിലിം ഇന്റര്‍നാഷണല്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരിക്കും ഇതെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇതാദ്യമായാണ് പ്രേം കുമാറും വിക്രമും ഒന്നിക്കുന്നത്.
വെല്‍സ് ഫിലിം ഇന്റര്‍നാഷണല്‍ ബുധനാഴ്ച ഒരു പ്രസ്താവനയിലൂടെയാണ് പുതിയ സിനിമ അണിയറയില്‍ ഒരുങ്ങുന്ന വിവരം പങ്കുവച്ചത്. ഇരുവരും തമ്മില്‍ ഒന്നിക്കുമ്പോള്‍ അത് അസാധാരണമായ ഒരു സിനിമാറ്റിക് അനുഭവം തന്നെയാകും പ്രേക്ഷകര്‍ക്ക് നല്‍കുക എന്നും നിര്‍മ്മാണ കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
വെല്‍സ് ഫിലിം ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ ബാനറില്‍ ഡോ. ഇഷാരി കെ. ഗണേഷ് നിര്‍മ്മിക്കുന്ന ചിത്രം ശക്തമായ കഥപറച്ചിലിനൊപ്പം മികച്ച വൈകാരിക പ്രകടനങ്ങളും സംയോജിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് യൂണിറ്റിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
രണ്ട് കാരണങ്ങളാല്‍ ചിത്രത്തിന്റെ പ്രഖ്യാപനം ആരാധകര്‍ക്കിടയില്‍ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. ഒന്നാമതായി, സൗമ്യമായ റൊമാന്റിക് അല്ലെങ്കില്‍ ഫീല്‍ ഗുഡ് എന്റര്‍ടെയ്നറുകള്‍ നിര്‍മ്മിക്കുന്നതില്‍ പ്രശസ്തനായ സംവിധായകന്‍ പ്രേം കുമാര്‍ ഒരു ആക്ഷന്‍ ത്രില്ലറുമായി എത്തുന്നത് ഇതാദ്യമായിരിക്കും. മറ്റൊരു കാരണം, നടന്‍ വിക്രം സംവിധായകന്‍ പ്രേം കുമാറിനൊപ്പം പ്രവര്‍ത്തിക്കുന്നത് ഇതാദ്യമാണ് എന്നതും. ഒരു കഥാപാത്രത്തെ അതിന്റെ പൂര്‍ണതയിലെത്തിക്കാന്‍ വളരെയധികം പരിശ്രമിക്കുന്ന ഒരു നടനാണ് വിക്രം. സംവിധായകന്‍ എസ്.യു. അരുണ്‍ കുമാറിന്റെ വീര ധീര ശൂരന്‍: പാര്‍ട്ട് 2 ല്‍ ആണ് വിക്രം അവസാനമായി അഭിനയിച്ചത്. ചിത്രം സൂപ്പര്‍ഹിറ്റായി മാറി.
അരവിന്ദ് സ്വാമിയും കാര്‍ത്തിയും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച 'മെയ്യഴകന്‍' ചിത്രവും '96' എന്ന ചിത്രവും വന്‍ വിജയമായിരുന്നു. മികച്ച പ്രേക്ഷക പ്രീതി ലഭിച്ച ചിത്രം ഉയര്‍ന്ന നിലവാരമുള്ള ഉള്ളടക്കത്തിന് നിരൂപക പ്രശംസ നേടുകയും ചെയ്തു.
ഇപ്പോള്‍ പുതിയ ചിത്രത്തിലൂടെ വിക്രമും പ്രേംകുമാറും ഒന്നിക്കുമ്പോള്‍ എന്തൊക്കെ അത്ഭുതം സംഭവിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.