'കല്‍ക്കി'യുടെ 2ാം ഭാഗത്തില്‍ ദീപിക പദുകോണ്‍ ഇല്ല; പിന്മാറ്റം സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍
ചര്‍ച്ചകള്‍ക്കൊടുവില്‍ തങ്ങള്‍ വഴിപിരിയുകയാണെന്നും വരാനിരിക്കുന്ന ഭാഗത്ത് ദീപിക പദുകോണ്‍ ഉണ്ടായിരിക്കില്ലെന്നും നിര്‍മാതാക്കള്‍;
കല്‍ക്കി 2898 എഡിയുടെ രണ്ടാം ഭാഗത്തില്‍ നിന്ന് ദീപിക പദുകോണ്‍ പിന്മാറിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന് മാസങ്ങള്‍ക്ക് ശേഷം സ്ഥിരീകരണവുമായി നിര്‍മാതാക്കള്‍. ചര്‍ച്ചകള്‍ക്കൊടുവില്‍ തങ്ങള്‍ വഴിപിരിയുകയാണെന്നും, തീരുമാനിച്ചെന്നും വരാനിരിക്കുന്ന ഭാഗത്ത് ദീപിക പദുകോണ്‍ ഉണ്ടായിരിക്കില്ലെന്നും ചിത്രത്തിന്റെ നിര്‍മാതാക്കളായ വൈജയന്തി മൂവീസ് സമൂഹ മാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചു.
'കല്‍ക്കി 2898 എഡിയുടെ വരാനിരിക്കുന്ന സീക്വലില്‍ നടി ദീപിക പദുക്കോണ്‍ ഭാഗമാകില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. വളരെ ശ്രദ്ധാപൂര്‍വ്വമായ ചര്‍ച്ചകള്‍ക്കുശേഷം ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. ആദ്യ സിനിമ നിര്‍മിക്കുന്നതിനിടയിലുള്ള നീണ്ട യാത്രയില്‍ ഒരുമിച്ചുണ്ടായിരുന്നെങ്കിലും ഞങ്ങളുടെ പങ്കാളിത്തം പഴയതുപോലെ തുടരാന്‍ കഴിഞ്ഞില്ല. കല്‍ക്കി 2898 എഡി പോലുള്ള ഒരു സിനിമ ഇതിലും കൂടുതല്‍ പ്രതിബദ്ധതയും പരിഗണനയും അര്‍ഹിക്കുന്നു എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ദീപികയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ഞങ്ങള്‍ ആശംസകള്‍ നേരുന്നു.' എന്നായിരുന്നു വൈജയന്തി മൂവിസ് ഔദ്യോഗിക കുറിപ്പ് പങ്കുവച്ചത്.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയതില്‍ ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു 'കല്‍ക്കി 2898 എഡി.' നാഗ് അശ്വിന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം എപിക് സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍പെടുന്ന ഒന്നായിരുന്നു. 600 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ചിത്രം 1200 കോടിയാണ് ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും സ്വന്തമാക്കിയത്. പ്രഭാസ് ആയിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തിയത്. മഹാഭാരതത്തെ ആസ്പദമാക്കിയൊരുക്കിയ ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുകോണ്‍, ദുല്‍ഖര്‍ സല്‍മാന്‍, ദിഷ പഠാനി, ശാശ്വത ചാറ്റര്‍ജി, ബ്രഹ്‌മാനന്ദം, രാജേന്ദ്ര പ്രസാദ്, ശോഭന, പശുപതി, അന്ന ബെന്‍ തുടങ്ങി വന്‍ താരനിരയാണ് കഥാപാത്രങ്ങളായി എത്തിയത്.
അതിനിടെ ചിത്രത്തിന്റെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചു. എന്നാല്‍ രണ്ടാം ഭാഗത്തില്‍ ദീപിക പദുകോണ്‍ ഉണ്ടാവില്ലെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. കല്‍ക്കി പോലെയൊരു സിനിമ വലിയ രീതിയിലുള്ള കമ്മിറ്റ്‌മെന്റ് അര്‍ഹിക്കുന്നുണ്ടെന്നും, ഇരുവരും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇക്കാര്യം ആരാധകരോട് പങ്കുവെക്കുന്നതെന്നുമാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചത്. സുമതി എന്ന സുപ്രധാനമായ കഥാപാത്രമായിരുന്നു ചിത്രത്തില്‍ ദീപിക അവതരിപ്പിച്ചിരുന്നത്. അതുകൊണ്ട് തന്നെ ദീപികയ്ക്ക് പകരമായി ആരാ ഇനി എത്തുന്നതെന്ന ചര്‍ച്ചകളാണ് സമൂഹ മാധ്യമങ്ങളിലടക്കം നടന്നുകൊണ്ടിരിക്കുന്നത്.
വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വനി ദത്ത്, സ്വപ്ന ദത്ത്, പ്രിയങ്ക ദത്ത് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 2027 ല്‍ ആയിരിക്കും രണ്ടാം ഭാഗത്തിന്റെ റിലീസ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സന്തോഷ് നാരായണന്‍ ആയിരുന്നു ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വഹിച്ചത്. കുരുക്ഷേത്ര യുദ്ധത്തിന് ശേഷമുള്ള പോസ്റ്റ് അപോകാലിപ്റ്റിക് ലോകമായിരുന്നു കല്‍ക്കിയുടെ പശ്ചാത്തലം. ആദ്യ ഭാഗത്ത് സുമതി, അശ്വത്ഥാമ എന്നിവരുടെ പശ്ചാത്തല കഥകളെയുമാണ് അവതരിപ്പിച്ചിരുന്നത്. ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളില്‍ നിന്ന് തുടങ്ങി 2898 AD വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു യാത്രയായിരുന്നു കല്‍ക്കിയുടെ ഇതിവൃത്തം.
ദീപിക സിനിമയില്‍ നിന്ന് പിന്മാറാന്‍ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. നേരത്തെ സിനിമാ സെറ്റിലെ ജോലി സമയത്തെ ചൊല്ലി ദീപിക ഉന്നയിച്ച നിര്‍ദേശങ്ങള്‍ വിവാദമായിരുന്നു. ദീപികയുടെ ഈ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ ആകാതെ സന്ദീപ് റെഡ്ഡി സംവിധാനം ചെയ്യുന്ന 'സ്പിരിറ്റ്' എന്ന ചിത്രത്തില്‍ നിന്നും ദീപികയെ ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെ 'കല്‍ക്കി' സെറ്റിലും കുറഞ്ഞ ജോലി സമയം നടി ചോദിച്ചുവെന്നും ഇത് തര്‍ക്കത്തിന് ഇടയാക്കിയെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്നാണ് നടിയെ സിനിമയില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കിയതെന്നാണ് വിവരം.