രജനീകാന്ത് ചിത്രം 'കൂലി'യിലെ മ്യൂസിക് വിഡിയോ 25 ന് പുറത്തിറക്കും

രജനീകാന്തിന്റെ 171-ാമത്തെ ചിത്രമാണ് കൂലി;

Update: 2025-06-24 09:50 GMT

സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് അഭിനയിക്കുന്ന തമിഴ് ആക്ഷന്‍ ത്രില്ലര്‍ കൂലിയിലെ ആദ്യ മ്യൂസിക് വീഡിയോയുടെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ച് നിര്‍മ്മാതാക്കള്‍. ചിത്രത്തിന്റെ 'ചികിതു' എന്ന് പേരിട്ടിരിക്കുന്ന ഗാനം ജൂണ്‍ 25 ന് വൈകുന്നേരം 6 മണിക്ക് റിലീസ് ചെയ്യുമെന്ന് സണ്‍ പിക്ചേഴ്സ് അറിയിച്ചു. ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് അണിയറക്കാര്‍ ഇക്കാര്യം അറിയിച്ചത്.

'ചികിതു' പ്രേക്ഷകര്‍ക്ക് മുന്നില്‍ ഇതാദ്യമായല്ല അവതരിപ്പിക്കുന്നത്. രജനീകാന്തിന്റെ 74-ാം ജന്മദിനത്തോടനുബന്ധിച്ച് 2024 ഡിസംബര്‍ 12 ന് 'ചികിതു വൈബ്' എന്ന് വിളിക്കപ്പെടുന്ന 59 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു ഗ്ലിംപ്‌സ് പുറത്തിറക്കിയിരുന്നു. അത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. രജനീകാന്തിന്റെ 171-ാമത്തെ ചിത്രമാണ് കൂലി. കൂലിയില്‍ നാഗാര്‍ജുന, ഉപേന്ദ്ര, സൗബിന്‍ ഷാഹിര്‍, സത്യരാജ്, ശ്രുതി ഹാസന്‍, ജൂനിയര്‍ എംജിആര്‍, റേബ മോണിക്ക ജോണ്‍, മോനിഷ ബ്ലെസി, കാലി വെങ്കട്ട് തുടങ്ങി വന്‍ താരങ്ങള്‍ തന്നെ അണിനിരക്കുന്നുണ്ട്. പൂജ ഹെഗ്ഡെ, ആമിര്‍ ഖാന്‍ എന്നിവരും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

കൂലി എന്ന ചിത്രത്തിന്‍രെ പേര് പുറത്തുവിട്ടതിന് പിന്നാലെ ചിത്രത്തിന്റെ പുതിയ അപ് ഡേറ്റുകള്‍ക്കായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. കൂലിയുടെ പോസ്റ്റര്‍ പ്രൊഡക്ഷന്‍ വര്‍ക്കുകളുടെ തിരക്കിലാണ് ലോകേഷ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ദേവ എന്ന കഥാപാത്രത്തെയാണ് രജനീകാന്ത് അവതരിപ്പിക്കുന്നത്. 38 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യരാജും രജനീകാന്തും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് കൂലി.

രജനീകാന്ത് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം 2023 സെപ്റ്റംബറില്‍ 'തലൈവര്‍ 171' എന്ന താല്‍ക്കാലിക പേരിലാണ് പ്രഖ്യാപിച്ചത്. പിന്നീട് 2024 ഏപ്രിലില്‍ ആണ് ചിത്രത്തിന് 'കൂലി' എന്ന പേര് പ്രഖ്യാപിച്ചത്. 2024 ജൂലൈയില്‍ ആണ് ചിത്രീകരണം ആരംഭിച്ചത്. ചെന്നൈ, ഹൈദരാബാദ്, വിശാഖപട്ടണം, ജയ്പൂര്‍, ബാങ്കോക്ക് തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രീകരണം നടന്നത്. 2025 മാര്‍ച്ച് പകുതിയോടെ ചിത്രീകരണം പൂര്‍ത്തിയായി.

അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് സംഗീതം നല്‍കിയത്. ഛായാഗ്രാഹണം ഗിരീഷ് ഗംഗാധരന്‍, ഫിലോമിന്‍ രാജ് എഡിറ്റിംഗ്. 2025 ഓഗസ്റ്റ് 14 ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്റര്‍ റിലീസിനായി ഒരുങ്ങുന്നു, സ്റ്റാന്‍ഡേര്‍ഡ്, ഐമാക്‌സ് ഫോര്‍മാറ്റുകളില്‍ പ്രദര്‍ശനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ഡബ്ബ് ചെയ്ത പതിപ്പുകളിലും ചിത്രം പുറത്തിറങ്ങും. മ്യൂസിക് വീഡിയോ പുറത്തുവിടുന്നതോടെ ചിത്രം കാണാനുള്ള പ്രേക്ഷകരുടെ ആവേശം വര്‍ധിക്കും എന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍.

Similar News